തലശേരി: മുസ്ലിംലീഗ് പ്രവര്ത്തകന് തളിപ്പറമ്പ് പട്ടുവം അരിയില്‍ ഷുക്കൂര്‍ വധക്കേസിൽ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനും ടി.വി.രാജേഷ് എംഎൽഎക്കും എതിരെ ഏതൊക്കെ വകുപ്പുകൾ നിലനിൽക്കും എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് നിയമവൃത്തങ്ങൾ.
ഇന്ന് കോടതി കേസ് പരിഗണിക്കുമ്പോൾ ലോക്കൽ പോലീസിസ് സമർപ്പിച്ച കുറ്റപത്രത്തിലെ 118 ആണോ സിബിഐ സമർപ്പിച്ച കുറ്റപത്രത്തിലെ 120 ബിയാണോ ഇരുവർക്കുമെതിരെ നിലനിൽക്കുകയെന്നതുൾപ്പെടെയുള്ള കാര്യത്തിൽ വ്യക്തത വരുത്താനാണ് പ്രതിഭാഗം ശ്രമിക്കുക. ഇരുവർക്കുമെതിരെ ഒരു കുറ്റവും നിലനിൽക്കില്ലെന്നും കേസിൽ നിന്നും ഇരുവരേയും ഒഴിവാക്കണമെന്നുമാണ് പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെടുന്നത്.
28 മുതൽ 33 വരെയുള്ള പ്രതികൾക്കായി വ്യത്യസ്തമായ മൂന്ന് വിടുതൽ ഹർജികളാണ് പ്രതിഭാഗം സമർപ്പിക്കുന്നത്. ക്രിമിനൽ നടപടി നിയമം 227 പ്രകാരം നൽകുന്ന വിടുതൽ ഹർജിയിൽ കുറ്റപത്രത്തിലെ പരസ്പര ബന്ധമില്ലാത്ത മൊഴികൾ എണ്ണമിട്ട് നിരത്തിയിട്ടുണ്ട്. വിചാരണ ഏത് കോടതിയിൽ നടക്കും എന്ന കാര്യത്തിലും വ്യക്തത വരേണ്ടതുണ്ട്.
തലശേരി സെഷൻസ് കോടതിയാണ് ഇന്ന് കേസ് പരിഗണിക്കുന്നത്. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകരുടെ ഉപദേശവും ഈ കേസുമായി ബന്ധപ്പെട്ട പ്രതിഭാഗം തേടിയതായാണ് അറിയുന്നത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ബി.പി. ശശീന്ദ്രനും സിബിഐ പ്രോസിക്യൂട്ടറും ഹാജരാകും. നേരത്തെ കീഴ് കോടതിയിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറായി സി.കെ. ശ്രീധരൻ ഹാജരായിരുന്നു. കേസ് കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലേക്ക് മാറ്റാൻ ഹൈക്കോടതിയിൽ ഹർജി നൽകുമെന്നാണ് സിബിഐ കേന്ദ്രങ്ങൾ നൽകുന്ന സൂചന.
പ്രതിഭാഗത്തിനു വേണ്ടി അഭിഭാഷകൻ കെ. വിശ്വനാണ് ഹാജരാകുന്നത്. കതിരൂർ മനോജ് വധക്കേസിലും കെ.വിശ്വനാണ് പി.ജയരാജനു വേണ്ടി ഹാജരായിരുന്നത്. പി.ജയരാജൻ, ടി.വി രാജേഷ് എംഎല്‍എ എന്നിവര്‍ക്കെതിരെ കൊലക്കുറ്റവും ക്രിമിനല്‍ ഗൂഢാലോചനയും ചുമത്തി സിബിഐ തലശേരി സെഷന്‍സ് കോടതിയില്‍ 2019 ജനുവരി 4 നാണ് കുറ്റപത്രം സമർപ്പിച്ചത്.