കായംകുളം : വ്യാപാര സ്ഥാപനങ്ങളുടെ ഷട്ടർ പൊളിച്ച് മോഷണം നടത്തിവന്ന പ്രതിയെ തൃശൂർ സിറ്റി ഷാഡോ പോലീസും കുന്നംകുളം പോലീസും ചേർന്നു പിടികൂടി .
കായംകുളം കീരിക്കാട് മാടവന കിഴക്കേതിൽ ആടുകിളി നൗഷാദ് (44 ) ആണ് തൃശൂർ പൊലീസിൻറ്റെ പിടിയിലായത്. മുന്പ് മാവേലിക്കര പോലീസും ഇയാളെ മോഷണക്കേസിൽ പിടികൂടിയിരുന്നു.
കഴിഞ്ഞ ദിവസം പുലർച്ചെ കുന്നംകുളം കേച്ചേരിയിലുള്ള എസ് ഡി ഹോം അപ്ലൈൻസ് എന്ന സ്ഥാപനത്തിന്റെ ഷട്ടർ പൊളിച്ചും ഗ്ലാസ് തകർത്തും മോഷണം നടത്തിയ കേസിലാണ് ഇയാൾ പിടിയിലായത് .
‘ആടുകിളി’ കുടുങ്ങിയത് ഇങ്ങനെ…
ഗ്ലാസ് തകർക്കുന്പോൾ ഇയാളുടെ കൈക്ക് സാരമായ പരിക്കേറ്റിരുന്നതായി പോലീസ് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിരുന്നു. കൈക്ക് മുറിവുപറ്റി ചികിത്സതേടിയവരെ കുറിച്ചുള്ള അന്വേഷണമാണ് ആടുകിളി നൗഷാദിലേക്ക് എത്തിയത്.
ഇയാളെ ഷട്ടർ നൗഷാദെന്നും അറിയപ്പെടുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി. കുന്നംകുളം സ്വപ്ന ജ്വല്ലറി, കല്ലുംപുറത്തെ മൊബൈൽ ഷോപ്പുകൾ, മലപ്പുറത്തെ ചങ്ങരംകുളം പാവിട്ട പുറത്തെ മൂന്ന് വ്യാപാരസ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ മോഷണത്തിൽ ഇയാൾക്കു പങ്കുണ്ടെന്ന് ചോദ്യംചെയ്യലിൽ തെളിഞ്ഞതായി പോലീസ് പറഞ്ഞു.
മോഷണക്കേസിൽ അടുത്തകാലത്താണ് ഇയാൾ ജയിൽശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. നിമിഷനേരത്തിനകം ഷട്ടർ പൊളിച്ച് അകത്തു കയറാൻ കഴിവുള്ളതിനാലാണ് ഷട്ടർ നൗഷാദ് എന്ന പേര്. ഇയാൾ കായംകുളത്തുള്ള വീട്ടിൽ എത്തിയെന്ന രഹസ്യവിവരത്തിൽനടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് ഇയാളെ പിടികൂടിയത്.