ഡല്ഹി ജി.ബി പന്ത് ആശുപത്രിയില് ജോലി സമയത്ത് നഴ്സുമാര് മലയാളം സംസാരിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത് വലിയ വിവാദമായിരുന്നു.
എന്നാല് പ്രതിഷേധം കനത്തതോടെ സര്ക്കുലര് റദ്ദാക്കുകയും ചെയ്തു. ഈ വിഷയത്തില് നിലപാട് വ്യക്തമാക്കി നടി ശ്വേതാ മേനോനും രംഗത്തു വന്നിരുന്നു.
വിവാദ സര്ക്കുലര് രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങള്ക്ക് വിരുദ്ധമാണെന്നാണ് ശ്വേത വ്യക്തമാക്കിയത്. എന്നാല് ശ്വേതയുടെ നിലപാടിനെ ചില ആളുകള് വിമര്ശിക്കുകയും ചെയ്തു.
ഇത്തരത്തില് തന്നെ പരിഹസിച്ച ആള്ക്ക് ശ്വേത നല്കിയ ചുട്ട മറുപടിയാണ് ഇപ്പോള് ശ്രദ്ധേയമാകുന്നത്.
മലയാളം ടിവി ഷോയില് വന്നിരുന്ന് അനാവശ്യമായി ഇംഗ്ലീഷ് പറയുന്ന ആളാണ് ശ്വേതയെന്നും ഈ വിഷയത്തില് വിവാദം ഉണ്ടാക്കുന്നത് പൊട്ടക്കിണറ്റിലെ തവളകളാണെന്നുമായിരുന്നു വിമര്ശനം.
ജനിച്ചതും വളര്ന്നതും കേരളത്തിന് പുറത്തായിരുന്നുവെങ്കിലും കേരളത്തോടുള്ള ഇഷ്ടം കാരണം മലയാളം സ്വന്തമായി പഠിച്ചെടുത്തതാണെന്നായിരുന്നു ശ്വേതയുടെ മറുപടി. മലയാളി എന്ന നിലയില് അഭിമാനിക്കുന്ന ആളാണ് താനെന്നും നടി വ്യക്തമാക്കി.
ശ്വേതയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്ണരൂപം…
എന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട വാര്ത്തയിലാണ് ഈ കമന്റ് കാണുന്നത്. ഈ കമന്റിന് എനിക്ക് നേരിട്ട് മറുപടി പറയണമെന്ന് തോന്നി. ‘ മലയാളം ടിവി ഷോയില് വന്നിരുന്ന് അനാവശ്യമായി ഇംഗ്ലിഷ് കാച്ചുന്ന നിങ്ങള് തന്നെ തള്ളണം ഇതുപോലെ.’ ഇതായിരുന്നു ആദ്യ വിമര്ശനം.
കണ്ണാ – ഞാന് ജനിച്ചതും വളര്ന്നതും കേരളത്തിന്റെ വെളിയിലായിരുന്നുവെങ്കിലും കേരളത്തോടുള്ള ഇഷ്ടം കാരണം മലയാളം പഠിച്ചെടുത്തതാണ്, അതുകൊണ്ട് തന്നെ സംസാരിക്കുമ്പോള് ഹിന്ദിയും ഇംഗ്ലീഷും ഇടയ്ക്ക് സ്വാഭാവികമായി വരും.
മലയാളി എന്ന നിലയില് അഭിമാനിക്കുന്ന ആളാണ് ഞാന്. മാത്രമല്ല കേരളവുമായി ബന്ധപ്പെട്ടുകിടക്കുന്ന പൊക്കിള്ക്കൊടി ബന്ധം എപ്പോഴും കാത്തുസൂക്ഷിക്കാന് ശ്രമിക്കാറുണ്ട്.
മലപ്പുറം തിരൂര് തുഞ്ചന് പറബില് എഴുത്തച്ഛന് പ്രതിമ ചിലരെ പേടിച്ച് ഇതുവരെ സ്ഥാപിക്കാന് കഴിയാത്തവര് ഇന്ന് സേവ് മലയാളം എന്ന് പറഞ്ഞ് ഇറങ്ങിയിട്ടുണ്ട് എന്നതാണ് ഇതിലെ കാപട്യം. എന്നായിരുന്നു അടുത്ത വിമര്ശനം.
ഞാനും മലപ്പുറംകാരിയാണ്, എനിക്ക് അറിയില്ല നിങ്ങള്ക്ക് എവിടെ നിന്നാണ് ഈ വിവരം ലഭിച്ചത് എന്ന്. അവിടെ അദ്ദേഹത്തിനായി ഒരു മ്യൂസിയം തന്നെ ഉണ്ട്. അതിന്റെ വിവരങ്ങള് താഴെ
രോഗികള്ക്കും കൂട്ടിരുപ്പുക്കാര്ക്കും മുന്പില് മലയാളത്തില് സംസാരിക്കുന്നതാണ് പ്രശ്നം. എന്തിനും മണ്ണിന്റെ മക്കള് വാദവും ഇരവാദവും മുഴക്കുന്നത് മല്ലൂസിന്റെ സ്ഥിരം പരിപാടിയാണ്.. എന്നാണ് അടുത്ത വിമര്ശനം.
നിങ്ങള് ഒരു കാര്യം മനസിലാക്കണം, മറ്റുള്ളവരോട് സഹനശീലമുണ്ടാകുക എന്നത് തനിയെ പഠിക്കേണ്ട ഒന്നാണ്.
അങ്ങോടും ഇങ്ങോടും മലയാളം സംസാരിക്കുന്നതിനെ നമ്മള് പ്രതിരോധപരമായി നോക്കേണ്ട കാര്യമില്ല, നമ്മള് താഴെ തട്ടിലുള്ളവരായി തോന്നരുത്. സാധാരണ വര്ത്തമാനമാണെങ്കില് ജോലി ചെയ്യുന്നതിനിടെ മൂന്നാമതൊരാളെ ഉള്ക്കൊള്ളിക്കേണ്ട കാര്യമില്ല.