സജീവൻ പൊയ്ത്തുംകടവ്
കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും നിഷ്ഠൂരമായ കൊലപാതകങ്ങളിലൊന്നായ സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദചാമി ശിക്ഷാ കാലാവധിയുടെ മുക്കാൽ ഭാഗം പിന്നിട്ടിട്ടും മാനസാന്തരമില്ലെന്ന് ജയിൽ ജീവനക്കാരും സഹതടവുകാരും.
സൗമ്യ വധക്കേസിൽ 2011 നവംബർ 12നാണ് ഗോവിന്ദചാമി കണ്ണൂർ സെൻട്രൽ ജയിലിൽ എത്തുന്നത്. അതീവ സുരക്ഷയുള്ള പത്താം നന്പർ ബ്ലോക്കിലെ പ്രത്യേക സെല്ലിലാണ് ഗോവിന്ദചാമിയെ പാർപ്പിച്ചിരിക്കുന്നത്.
തടവുശിക്ഷ ഒരു പതിറ്റാണ്ട് പിന്നിട്ടപ്പോഴും ഗോവിന്ദചാമിയുടെ ശരീരം ശോഷിച്ചിട്ടുണ്ടെന്നല്ലാതെ ആ ക്രൂര മനസിന് യാതൊരു ഇളക്കവും തട്ടിയിട്ടില്ലെന്നാണ് സഹതടവുകാരും ജീവനക്കാരും പറയുന്നത്.
ഇടക്കാലത്ത് സോഷ്യൽ മീഡിയയിൽ പ്രചരിച്ച സുന്ദരനും ആരോഗ്യവാനുമായ ഗോവിന്ദചാമിയല്ല ഇന്ന് മറിച്ച് ശരീരം ശോഷിച്ച് ക്ഷീണിതനാണ്.
എന്നാൽ ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലെന്നാണ് ജയിൽ അധികൃതർ പറയുന്നത്. ഭക്ഷണമൊക്കെ കൃത്യമായും കഴിക്കുന്നുമുണ്ട്.
“മന്ത്രവാദിയുടെ അനുഗ്രഹം തനിക്കുണ്ട്’
കേരളം നടുങ്ങിയ സൗമ്യവധത്തിലെ കൊടുംക്രൂരതയെ പറ്റി സഹതടവുകാരും ജയിൽ ജീവനക്കാരും കുറ്റപ്പെടുത്തുന്പോൾ അവരോട് കയർത്തും ക്ഷുഭിതനായും പൊട്ടിത്തെറിക്കും.
മറ്റു ചിലപ്പോൾ ചിരിച്ചു കൊണ്ടായിരിക്കും പ്രതികരണം. കുറ്റബോധത്തിന്റെ തെല്ലും വിഷമം ആ മുഖത്ത് കാണാനില്ലാത്തതിനാൽ മറ്റു തടവുകാർ പോലും പ്രതിഷേധിക്കാറുണ്ട്.
തമിഴ്നാട്ടിലെ ഒരു മന്ത്രവാദിയുടെ അനുഗ്രഹം ഉണ്ടെന്നും തന്നെ കൊല്ലാൻ ആർക്കും സാധിക്കില്ലെന്നും ഗോവിന്ദചാമി ഇടയ്ക്ക് പറയാറുണ്ടത്രെ.
ജയിൽ ജീവനക്കാരോടും നിരന്തരം കലഹിക്കുന്ന സ്വഭാവമാണ്. താൻ ഒരുപാട് പെണുങ്ങളെ കണ്ടിട്ടുണ്ടെന്നും “എങ്കളോട് റൊന്പം വേല വേണ്ട’ എന്നൊക്കെ ഭീഷണിയുടെ സ്വരത്തിൽ സംസാരിക്കും.
കണ്ണൂർ സെൻട്രൽ ജയിൽ കഴിയുന്ന പ്രതിയുടെ ഒറ്റക്കൈയാണ് സൗമ്യ കൊല ചെയ്യപ്പെട്ട സമയത്ത് ഏറ്റവും ശ്രദ്ധിക്കപ്പെട്ട കാര്യങ്ങളിലൊന്ന്.
കൃത്രിമ കൈ വേണമെന്ന് നിവേദനം
സൗമ്യ വധക്കേസിൽ കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന ഗോവിന്ദചാമി സുഖ സൗകര്യങ്ങൾക്കും നല്ല ഭക്ഷണത്തിനും വേണ്ടി ജയിൽ ജീവനക്കാരുമായി നിരന്തരം കലഹിക്കുന്നത് പതിവാണ്.
2011 നവംബർ 12ന് തടവുകാരായി ജയിലിൽ എത്തിയപ്പോൾ തന്നെ വിചിത്രമായ രീതികളും സ്വഭാവവുമാണ് ഇയാൾ പ്രകടിപ്പിച്ചിരുന്നത്.
കഠിന തടവ് അനുഭവിക്കുന്നതിനിടയിൽ തന്നെ തനിക്ക് ഒരു കൃത്രിമ കൈ കൂടി വേണമെന്ന് ആവശ്യപ്പെട്ട് അന്നത്തെ ജയിൽ ഡിജിപിയോട് നേരിട്ട് ആവശ്യപ്പെടുകയും പിന്നീട് നിവേദനം നൽകുകയും ചെയ്ത സംഭവം ഉണ്ടായിരുന്നു.
കൂടാതെ, ബീഡി വലിക്കുന്ന ശീലമുള്ള തനിക്ക് ദിവസവും ബീഡി നൽകണമെന്നും ആവശ്യപ്പെട്ടു.
എന്നാൽ, ജയിലിൽ പുകവലി നിരോധിച്ചത് കൊണ്ട് ബീഡി നൽകാനാവില്ലെന്ന് ജയിലധികൃതർ അറിയിച്ചു. ബീഡി ലഭിക്കാതായപ്പോൾ ജീവനക്കാരെ പരസ്യമായി ചീത്ത വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
ജയിൽ ജീവനക്കാരെ കൈയേറ്റം ചെയ്ത സംഭവവും ഉണ്ടായിട്ടുണ്ട്. ഇതിലെല്ലാം പോലീസ് കേസെടുത്തിരുന്നു.
ബിരിയാണിക്ക് വേണ്ടി നിരാഹാരം
ജയിലിലും പ്രത്യേക രീതിയിലുള്ള പെരുമാറ്റമാണ് ഗോവിന്ദചാമിക്കുള്ളത്. ജയിൽ ചട്ടങ്ങൾ തനിക്ക് ബാധകമല്ലെന്ന് പറഞ്ഞ് ജീവനക്കാരോട് തട്ടിക്കയറും.
കൂടാതെ, മറ്റു തടവുകാരെ പറ്റി നിരന്തരം പരാതിയുമായി അധികൃതരെ സമീപിക്കും. ദിവസവും ബിരിയാണി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നിരാഹാരം കിടന്നത് മാധ്യമങ്ങളിൽ വാർത്തയായിരുന്നു.
ബിരിയാണി നൽകാനാവില്ലെന്ന് അധികൃതർ വ്യക്തമാക്കിയതോടെ ആട്ടിറച്ചി മതിയെന്ന് പറഞ്ഞ് നിരാഹാരം നിർത്തുകയായിരുന്നു.
രാത്രി പൊറോട്ടയും കോഴിക്കറിയും കഞ്ചാവും ലഭ്യമാക്കണം എന്നിങ്ങനെ നിരവധി ആവശ്യങ്ങൾ ഗോവിന്ദചാമി ജയിൽ അധികൃതർക്ക് മുന്പാകെ വച്ചെങ്കിലും അധികൃതർ അവഗണിച്ചു.
സാധാരണഗതിയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ എത്തുന്ന തടവുകാർക്കുണ്ടാകുന്ന മാനസിക സമ്മർദങ്ങളൊന്നും തുടക്കം മുതൽ ഗോവിന്ദചാമിയിൽ കണ്ടിരുന്നില്ല.
വധശിക്ഷയിൽനിന്ന് രക്ഷപ്പെടുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു. അതു തന്നെ സംഭവിക്കുകയും ചെയ്തു. വധശിക്ഷ ജീവപര്യന്തമായി സുപ്രിം കോടതി ഇളവ് ചെയ്തിരുന്നു.
“മാനസിക രോഗിയായി അഭിനയം’
ജയിൽശിക്ഷ അനുഭവിക്കുന്നതിനിടെ മാനസിക പ്രശ്നമുണ്ടെന്ന് വരുത്തി തീർക്കാൻ ചില “നാടക’ങ്ങളും ഇടയ്ക്ക് ഗോവിന്ദചാമി നടത്തി.
തടവുകാർക്ക് വെള്ളം കുടിക്കാൻ നൽകുന്ന പാത്രങ്ങളിൽ മൂത്രമൊഴിക്കുക, സിസിടിവി തകർക്കുക തുടങ്ങിയ പരാക്രമങ്ങൾ നടത്തി.
ഇതേത്തുടർന്ന് വിദഗ്ധ പരിശോധന നടത്തിയപ്പോൾ മാനസിക പ്രശ്നങ്ങളൊന്നുമില്ലെന്ന് ബോധ്യമായി. രാവിലെ എഴുന്നേറ്റാൽ സ്വന്തം വസ്ത്രങ്ങൾ അലക്കും.
പിന്നീട് ജയിലിൽ വരുത്തുന്ന തമിഴ് പത്രങ്ങൾ വായിക്കും, ഇടയ്ക്ക് ടിവി കാണും… ഇത്തരം കാര്യങ്ങൾ ഇപ്പോൾ ശീലമാക്കിയിട്ടുണ്ട്.
പുറത്തുനിന്നും സന്ദർശകർ കുറവാണ്. നാട്ടിലുള്ള സഹോദരനെ മാത്രമാണ് ഫോൺ വഴി ഇപ്പോൾ ചാമി ബന്ധപ്പെടുന്നത്.
നാട്ടിൽ തനിക്കെതിരേയുള്ള വാർത്തകളും ജനങ്ങളുടെ പ്രതികരണങ്ങളും ഗോവിന്ദചാമി ജയിലിൽ അറിയാറുണ്ട്.
ഗോവിന്ദചാമിയെ രക്ഷിക്കാനുള്ള വൻ ഇടപെടലുകൾ
ഒരുപാട് ദുരൂഹതകൾ നിറഞ്ഞതായിരുന്നു ഗോവിന്ദചാമിയുടെ ജീവിതം. ഗോവിന്ദചാമിയെ രക്ഷിക്കാൻ തമിഴ്നാട്ടിലെ ക്രിമിനൽസംഘം വരെ ഇടപെടലുകൾ നടത്തിയിരുന്നു.
സേലത്തും, കോയന്പത്തൂരിലും ഇയാളുടെ സഹായത്തിന് വൻ ലോബിയുണ്ടായിരുന്നു. കവർച്ചാ സംഘങ്ങളിലെ കണ്ണിയായി ഇയാൾ പ്രവർത്തിച്ചതായി തമിഴ്നാട് പോലീസ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ട്രെയിനിൽ യാചകനായ ഗോവിന്ദചാമിക്കു വേണ്ടി സൗമ്യവധക്കേസിൽ മുംബൈയിൽനിന്നും അഭിഭാഷകൻ പറന്നെത്തിയത് കേരളത്തെ ഞെട്ടിച്ചു.
മുംബൈയിലെ പ്രധാന അഭിഭാഷകനായ ബി.എ. ആളൂർ തന്നെയാണ് സുപ്രീംകോടതിയിലും ഹാജരായത്.
സൗമ്യയുടേത് അപകട മരണമാണെന്നും ഇത് ബലാത്സംഗമായി ചിത്രീകരിച്ച് ഗോവിന്ദചാമിയെ കേസിൽ കുടുക്കുകയായിരുന്നുവെന്നാണ് ആളൂർ കോടതിയിൽ വാദിച്ചത്.
വിചാരണ കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ശരിവച്ചതിനെ തുടർന്നാണ് വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗോവിന്ദചാമി ആളൂർ മുഖേന സുപ്രീം കോടതിയിൽ പോയത്.
തുടർന്ന്, മൂന്നംഗ ബെഞ്ച് വധശിക്ഷ റദ്ദാക്കി. കേസിൽ കൊലപാതകം തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. ശിക്ഷ ജീവപര്യന്തം തടവാക്കി.
ഗോവിന്ദചാമിക്കെതിരേ ചുമത്തിയ കുറ്റങ്ങളിൽ ബലാത്സംഗം മാത്രമാണ് തെളിയിക്കപ്പെട്ടതെന്നായിരുന്നു സുപ്രീംകോടതി കണ്ടെത്തിയത്.
ഇതുപ്രകാരം ഇതിനോടകം ജയിലിൽ കഴിഞ്ഞ കാലയളവും ശിക്ഷാകാലമായി പരിഗണിക്കും. അതുകൊണ്ടുതന്നെ ശിക്ഷാകാലാവധിയുടെ മുക്കാൽ ഭാഗവും കഴിഞ്ഞുവെന്ന് അർഥം.
എന്നാൽ, സൗമ്യ വധക്കേസിന്റെ ശിക്ഷ കഴിഞ്ഞാലും ഗോവിന്ദചാമിക്ക് പുറത്തിറങ്ങാൻ കഴിയില്ല.
സേലം പോലീസ് രജിസ്റ്റർ ചെയ്ത കവർച്ചാക്കേസിൽ നാലുവർഷവും കണ്ണൂർ സെൻട്രൽ ജയിലിലെ ജീവനക്കാരെ ആക്രമിച്ച കേസിൽ എട്ടു മാസവും ശിക്ഷ അനുഭവിക്കണം.
കൊടുംക്രൂരതയുടെ ഇരയായി സൗമ്യ
കേരള ചരിത്രത്തിലെ ഏറ്റവും നിഷ്ഠൂരമായ കൊലപാതകങ്ങളായിലൊന്നാണ് സൗമ്യ (23) വധക്കേസ്. 2011 ഫെബ്രുവരി ഒന്നിനായിരുന്നു സംഭവം.
എറണാകുളം-ഷൊർണൂർ പാസഞ്ചർ ട്രെയിനിലെ വനിതാ കംപാർട്ട്മെന്റിൽ യാത്ര ചെയ്യവെ ഭിക്ഷാടകനായ ഒറ്റകൈയ്യൻ ഗോവിന്ദചാമി ട്രെയിനിൽനിന്ന് തള്ളിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു.
ചോരവാർന്ന് അവശനിലയിലായ പെൺകുട്ടിയുടെ എല്ലുകൾ തകരുകയും പല്ലുകൾ അടർന്നുവീഴുകയും ചെയ്തിരുന്നു.
ശരീരത്തിൽ ആഴത്തിലുള്ള മുറിവുകളും മിക്ക അവയവങ്ങൾക്കും കേടുപാട് സംഭവിക്കുകയും ചെയ്തിരുന്നു.
ഗുരുതരമായി പരിക്കേറ്റ സൗമ്യയെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ഫെബ്രുവരി ആറിന് മരണമടയുകയായിരുന്നു.
ദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യ തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് വിചാരണ പൂർത്തിയാക്കിയത്. 82 സാക്ഷികളും 101 രേഖകളും കോടതി പരിശോധിച്ചു.