ചാത്തന്നൂർ: പിതാവിന്റെ മുന്നിൽ വച്ച് യുവാവിനെ മദ്യപ സംഘം തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ.ഇടനാട് വരിഞ്ഞം മരുതിക്കോട് കോളനിയിൽ ചരുവിളപുത്തൻവീട്ടിൽ ശശി-സുശീല ദമ്പതികളുടെ മകൻ ശ്യാം(21)ആണ് കൊല്ലപ്പെട്ടത്. മദ്യപിക്കുന്നതിന് വേണ്ടി വെള്ളമെടുക്കുന്നതിന് പൊതുകിണറിൽ ഇറങ്ങിയത് ചോദ്യം ചെയ്തതാണ് കൊലപാതകത്തിൽ കലാശിച്ചത് .
സംഭവുമായി ബന്ധപ്പെട്ട് മരുതിക്കോട് സ്വദേശികളായ ബൈജു(24), അജിത് (24), രഞ്ജു(24),വിജേഷ്(24) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. മൂന്ന് പേർ ഒളിവിലാണ്. കൊട്ടാരക്കര സ്വദേശികളായ രണ്ട് പേരും ഓയൂർ ചെങ്ങുളം സ്വദേശിയായ ഒരാളെയുമാണ് പിടികിട്ടാനുള്ളത്. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവങ്ങളുടെ തുടക്കം.
പോലീസ് പറയുന്നത്:ശനിയാഴ്ച സന്ധ്യയോടെ പ്രതികളിൽ ഒരാൾ മദ്യപിക്കുന്നതിന് വേണ്ടി ശ്യാമിന്റെ വീടിന് സമീപത്തെ പൊതുകിണറിന്റെ മൂടി മാറ്റി കുപ്പിയുമായി കിണറിൽ ഇറങ്ങി വെള്ളം എടുക്കുന്നത് ശ്യാമിന്റെ പിതാവ് ശശി ചോദ്യം ചെയ്യുകയും വിലക്കുകയും ചെയ്തു.
തുടർന്ന് തിരിച്ചു പോയ ഇവർ രാത്രി പത്തരയോടെ ഏഴുപേരടങ്ങുന്ന സംഘം മദ്യപിച്ചു മാരകായുധങ്ങളുമായി എത്തി ജോലി കഴിഞ്ഞു വന്നു ആഹാരം കഴിക്കുകയായിരുന്ന ശ്യാമിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി. പിതാവിനോടൊപ്പം ഇറങ്ങി വന്ന ശ്യാമിനെ പ്രതികൾ ആക്രമിക്കുകയായിരുന്നു.
ഇതിനിടയിൽ കമ്പിപാര കൊണ്ട് ശ്യാമിന്റെ തലയ്ക്ക് അക്രമികൾ അടിച്ചു.അടിയേറ്റു വീണ ശ്യാമിനെ ഓടികൂടിയ നാട്ടുകാരും അയൽവാസികളും പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തുടർന്ന് ഇന്നലെ രാവിലെയോടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽകോളേജിൽ എത്തിച്ചു പോസ്റ്റ്മാർട്ടം നടത്തി.
വൈകുന്നേരം മൃതദേഹം വീട്ടിലെത്തിച്ചു സംസ്കാരം നടത്തി. ഓയൂരിലെ ഒരു വെൽഡിംഗ് വർക്ക്ഷോപ്പിലെ വെൽഡറായിരുന്നു ശ്യാം.സഹോദരി: ശാലിനി.ചാത്തന്നൂർ എസ്.ഐ എ.സരിന്റെ നേതൃത്വത്തിൽപോലീസും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി തെളിവെടുത്തു.