ചാത്തന്നൂർ: പിതാവിന്റെമുന്നിൽ വച്ച് യുവാവിനെ മദ്യപാന സംഘം തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ പോയ മൂന്ന് പ്രതികളിൽ ഒരാളെ ചാത്തന്നൂർ പോലീസ് പിടികൂടി. കൊട്ടാരക്കര കലയപുരം സ്വദേശി ഷിബുവിനെയാണ് അറസ്റ്റ് ചെയ്തത്.ഇവർ സഞ്ചരിച്ചിരുന്ന യമഹ ബൈക്കും കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്ന് ചാത്തന്നൂർ എസിപി ജവഹർജനാർദ് പറഞ്ഞു.
കൊലപാതകുമായി ബന്ധപ്പെട്ട് നേരത്തേ നാല് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. രണ്ട് പേർ ഒളിവിലാണ്. ഒളിവിലുള്ള രണ്ട് പേരിൽ ഒരാൾ ഇപ്പോൾ അറസ്റ്റിലായ ഷിബുവിന്റെ സഹോദരനാണ്.മരുതിക്കോട് ചരുവിളപുത്തൻവീട്ടിൽ ബൈജു (24), അനിതഭവനിൽ അജിത് (24), വിളയിൽ രഞ്ജു (24), ചരുവിളപുത്തൻവീട്ടിൽ വിജേഷ് (24)എന്നിവരെ സംഭവത്തിന്റെ അടുത്ത ദിവസം തന്നെ പോലീസ് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തിരുന്നു.
കഴിഞ്ഞ 12ന് രാത്രി ഏഴരയോടെ മദ്യപിക്കുന്നതിനായി പൊതുകിണറ്റിൽ നിന്ന് വെളളം എടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രതികളും ശ്യാമിന്റെ പിതാവ് ശശിയുമായി വീടിന് സമീപം വാക്ക് തർക്കം ഉണ്ടായിരുന്നു. തുടർന്ന് മാരകായുധകങ്ങളുമായി സംഘടിച്ചെത്തിയ സംഘം ശ്യാമിനെ പിതാവിന്റെ മുന്നിലിട്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.