മട്ടന്നൂർ(കണ്ണൂർ): മട്ടന്നൂർ കുഴിക്കലിൽ യുവാവിനെ കിണറിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മട്ടന്നൂർ സിഐ ജോഷി ജോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഏതാനും പേരെ ചോദ്യം ചെയ്തു. ദുരൂഹതയുള്ളതായി കാണിച്ച് ജില്ലാ പോലീസ് മേധാവിക്ക് ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
കുഴിക്കൽ ശില്പ നിവാസിൽ പദ്മനാഭൻ – പദ്മിനി ദമ്പതികളുടെ മകൻ ശ്യാംകുമാറി (26) നെ കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് വലിയവീട്ടിൽ ഭഗവതി ക്ഷേത്രത്തിന് സമീപത്തുള്ള ആൾതാമസമില്ലാത്ത വീടിനു സമീപത്തെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ക്ഷേത്രത്തിൽ നിന്ന് 300 മീറ്റർ അകലെയുള്ള വീട്ടുകിണറ്റിലാണ് ശ്യാംകുമാർ വീണതെന്നും വീഴാനുണ്ടായ സാഹചര്യം മനസിലായില്ലെന്നും കാണിച്ചാണ് ശ്യാംകുമാറിന്റെ സഹോദരീഭർത്താവ് ബ്ലാത്തൂരിലെ സി.സന്തോഷ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്.
മൃതദേഹം കിണറ്റിൽ കാണപ്പെട്ടതിന്റെ തലേദിവസം കുഴിക്കൽ ഭഗവതി ക്ഷേത്രത്തിലെ ഉത്സവസ്ഥലത്ത് ശ്യാംകുമാറിനെ സുഹൃത്തുക്കൾക്കൊപ്പം കണ്ടിരുന്നതായും ക്ഷേത്രത്തിലെത്തിയ പോലീസുകാരെ കണ്ട് ശ്യാംകുമാറും സുഹൃത്തുകളും ഓടുമ്പോഴാണ് കിണറ്റിൽ വീണു മരിച്ചതെന്നുമാണ് നാട്ടിലെ പ്രചാരണം. എന്നാൽ, പോലീസിനെ കണ്ട് ഓടിയതിനു ശേഷവും ശ്യാംകുമാറിനെ കണ്ടിരുന്നതായി ബന്ധുക്കൾ പറയുന്നു.
ശ്യാംകുമാർ മരിച്ചു കിടന്ന കിണറിനോട് ചേർന്നു ശ്യാംകുമാറിന്റെ സുഹൃത്തിന്റെ ഒരു ജോഡി ചെരുപ്പ് കണ്ടെത്തിയിരുന്നതായും പോലീസ് വരുന്നതിനു മുമ്പ് ചെരുപ്പ് ഇവിടെ നീന്ന് നീക്കം ചെയ്തതായും ബന്ധുവിന്റെ പരാതിയിലുണ്ട്. മരണത്തിൽ അന്വേഷണം നടത്തി സംഭവത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാണ് പരാതിയിലെ ആവശ്യം. അന്വേഷണം വേണ്ടവിധത്തിൽ നടന്നില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.