ഗാന്ധിനഗർ: കോട്ടയം കാരിത്താസിൽ പോലീസുകാരൻ ശ്യാം പ്രസാദ് ചവിട്ടേറ്റ് മരിച്ച സംഭവത്തിൽ ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രഥമിക വിവരം. വാരിയെല്ലുകൾ ഓടിയുകയും ശ്വാസകോശത്തിന് ക്ഷേതമേറ്റതായും സൂചനയുണ്ട്.
മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്കും പോലീസ് അധികാരിക്കും വിട്ടുനൽകി. ഇന്നലെ പുലർച്ചെ ഒന്നോടെയാണ് കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ഡ്രൈവറായ ശ്യാം പ്രസാദിന് നെഞ്ചിന് ചവിട്ടേറ്റത്.
തെള്ളകത്തെ തട്ടുകടയിൽ സംഘർഷമുണ്ടാക്കിയ പെരുമ്പായിക്കാട് സ്വദേശി ജിബിൻ ജോർജിന്റെ ദൃശ്യം പകർത്താൻ ശ്യം പ്രസാദ് ശ്രമിച്ചിരുന്നു.
ഇതിൽ പ്രകോപിതനായ ജിബിൻ പോലീസുകാരനായ ശ്യാം പ്രസാദിനെ മർദിക്കുകയും ഇതിനിടെ വീണുപോയ ശ്യാം പ്രസാദിന്റെ നെഞ്ചിൽ ചവിട്ടുകയും ചെയ്തു. തുടർന്ന് പരിക്കേറ്റ ശ്യാം പ്രസാദിനെ ആശുപതിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ മരിക്കുകയായിരുന്നു.