
കുമരകം: രാത്രിയിൽ ലിഫ്റ്റ് ചോദിച്ച യുവാവിനെ കാറിൽ കയറ്റിക്കൊണ്ടു പോകുന്നതിനിടയിൽ വാക്കു തർക്കം ഉണ്ടായതിനെത്തുടർന്ന് മർദ്ദിക്കുകയും പുറത്ത് കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലെ ഒരു പ്രതിയെ അറസ്റ്റ് ചെയ്തു.
കിളിരൂർ സ്വദേശി ദീപു(40)വിനെ ചക്രംപടിക്ക് സമീപത്തുനിന്ന് കയറ്റി ജെട്ടി ഭാഗത്തുവച്ച് കാറിൽനിന്ന് ഇറക്കിവിട്ട് മർദ്ദിച്ചശേഷം കുത്തിപ്പരിക്കേൽപ്പിച്ചു കടന്നുകളഞ്ഞ സംഭവം നടന്നത് ശനിയാഴ്ച രാത്രി 10.30നാണ്.
കേസിലെ ഒരു പ്രതിയായ കുമരകം സൗമ്യസദനം ശ്യാം ബാബു (30) വി നെയാണ് ഇന്നു രാവിലെ പിടികൂടിയത്. കാറും ഉടമയുടെ പക്കൽനിന്ന് കസ്റ്റഡിയിലെടുത്തു.
ഒരു പ്രതിയെ കൂടി പിടികൂടാനുണ്ടെന്നു കുമരകം പോലീസ് അറിയിച്ചു. കുമരകം സിഐ ഷിബു പാപ്പച്ചൻ, എസ് ഐ ജി. രജൻ കുമാർ, സിപിഒമാരായ പ്രദീപ്, അരുണ്‍, മഹേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.