തലയോലപറന്പ്: കേരളത്തിൽ ബിരുദപഠനം നടത്താൻ താത്പര്യപ്പെട്ട് എത്തിയ നേപ്പാളി യുവതി മലയാളി യുവാവിന്റെ ജീവിത സഖിയായി.
നേപ്പാൾ ഭഗത്പൂർ സ്വദേശി കൈജുവിന്റെ മകൾ സുഷ്മ കൈജു(26) വിനെ അഞ്ചു വർഷത്തെ പ്രണയത്തിനൊടുവിൽ വൈക്കം മറവൻതുരുത്ത് കടുക്കര ചെത്തിക്കാടൻതറയിൽ സി.വി. ശശി-ഷീല ദന്പതികളുടെ മകൻ ശ്യാംകുമാറാണ് (28) വിവാഹം ചെയ്തത്.
കഴിഞ്ഞ ദിവസം ശ്യാമിന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ തലയോലപ്പറന്പ് സബ് രജിസ്ട്രാർ ഓഫീസിലായിരുന്നു വിവാഹം.
എംജി യൂണിവേഴ്സിറ്റിയിൽ ബിഹേവിയറൽ സയൻസിൽ ബിരുദ പഠനത്തിനായാണ് നേപ്പാളിലെ പോലീസ് ഓഫീസറുടെ മകളായ സുഷ്മ കേരളത്തിൽ എത്തിയത്.
ശ്യാംകുമാറിന്റെ പിതൃസഹോദര പുത്രി സ്നേഹ മോഹൻദാസും സുഷ്മയ്ക്കൊപ്പം ബിരുദ പഠനത്തിനുണ്ടായിരുന്നു.
സ്നേഹയുമായുള്ള ആത്മബന്ധത്തെത്തുടർന്ന് സുഷ്മ സ്നേഹയുടെ മറവൻതുരുത്തിലെ വീട്ടിലെത്തിയപ്പോഴാണ് മെഡിക്കൽ ഉപകരണങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന പൊതുപ്രവർത്തകൻ കൂടിയായ ശ്യാംകുമാറിനെ പരിചയപ്പെടുന്നത്.
പരിചയം പിന്നീട് പ്രണയമായി മാറി. ബിരുദത്തിനുശേഷം സുഷ്മ ബിഹേവിയറൽ സയൻസിൽ എംഎയും പൂർത്തിയാക്കി.
തുടർന്ന് ബാംഗ്ലൂരിൽ ഭിന്നശേഷിക്കാരായ കുട്ടികൾ പഠിക്കുന്ന ഈവ് സ്കൂളിൽ അധ്യാപികയായി.
കോവിഡിനെ തുടർന്ന് മറവൻതുരുത്തിൽ ഭർത്താവിന്റെ വീട്ടിൽനിന്ന് ഓണ്‍ലൈനായാണ് സുഷ്മ ക്ലാസുകൾ നടത്തുന്നത്.