അന്പലപ്പുഴ: ക്ഷേത്രത്തിലെ ഉത്സവസ്ഥലത്തേക്ക് കാർ പാഞ്ഞുകയറി യുവാവ് മരിക്കാനിടയായ സംഭവത്തിൽ ഒരാളെ അന്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു.
കാർ ഓടിച്ചിരുന്ന തിരുവനന്തപുരം ചിറയൻകീഴ് കിഴക്കുംഭാഗം ആന്പാടി വീട്ടിൽ ശ്യാംലാൽ(47) ആണ് അറസ്റ്റിലായത്. ഇയാളെ അന്പലപ്പുഴ കോടതി റിമാന്റ് ചെയ്തു.
മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ ശ്യാംലാൽ കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്നതിനിടയിൽ കാർ നിയന്ത്രണം വിട്ട് ആൾക്കൂട്ടത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
കാർ ഓടിച്ചിരുന്ന ശ്യാംലാൽ മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയിൽ വ്യക്തമായതായി അന്പലപ്പുഴ പോലീസ് പറഞ്ഞു. ദേശീയപാതയിൽ ഒറ്റപ്പന കുരുട്ടൂർ ഭഗവതി ക്ഷേത്രത്തിനു സമീപം തിങ്കളാഴ്ച വൈകുന്നേരം 4.30 ഓടെയായിരുന്നു അപകടം.
ആലപ്പുഴയിൽ നിന്ന് ആറ്റിങ്ങലേക്ക് പോയ കാർ നിയന്ത്രണം തെറ്റി ക്ഷേത്രത്തിൽ പരിപാടി അവതരിപ്പിക്കാനെത്തിയ ഗാനമേള സംഘത്തിന്റെ മൈക്ക് സെറ്റ് ഉപകരണങ്ങൾ ഇറക്കുന്നതിനിടയിലേക്ക് ഓടിക്കയറുകയായിരുന്നു.
അപകടത്തിൽ വൈക്കം എസ്എകെ സൗണ്ടിലെ സൗണ്ട് എൻജിനീയർ വൈക്കം ടിവി പുരം കരിക്കാശേരിവീട്ടിൽ ജിമ്മിയുടെ മകൻ പ്രവീണ്(24) മരിക്കുകയും അഞ്ചു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
തോട്ടപ്പള്ളി കുന്നേപറന്പിൽ ഗണേശന്റെ മകൻ അനന്തൻ (35), പല്ലന ദേഹാലയത്തിൽ രാജപ്പന്റെ മകൻ അജിത്ത് (30), ഒറ്റപ്പന മുച്ചേൽ പറന്പിൽ രാമചന്ദ്രന്റെ മകൻ ദിൽജിത്ത് (30), അരൂർ സ്വദേശി ഷാജിയുടെ മകൻ ശാർ മി(28), പുറക്കാട് കിഴക്ക മുണ്ടുപറന്പിൽ പരേതനായ ശിവദാസന്റെ ഭാര്യ കമലമ്മ (60) എന്നിവർക്കാണ് പരിക്കേറ്റത്.
ക്ഷേത്രപരിസരത്ത് ഐസ്ക്രീം കച്ചവടം നടത്തിയിരുന്ന പെട്ടി ഓട്ടോറിക്ഷയും കാറിടിച്ചു തകർന്നിരുന്നു. അപകടം നടക്കുന്നതിനിടെ കാറിനു പിന്നാലെ വന്ന എയ്ഷർ ലോറി നിയന്ത്രണം തെറ്റി ദേശീയ പാതയോരത്തെ മരത്തിൽ ഇടിക്കുകയും തോട്ടപ്പള്ളി സ്വദേശി സലിമിന്റെ താൽക്കാലിക ചയക്കടക്ക് തീപിടിക്കുകയും ചെയ്തു.