സ്വന്തം ലേഖകൻ
തൃശൂർ: പ്രളയം തകർത്ത കേരളത്തിലെ വൈദ്യുതിബന്ധങ്ങൾ പുന:സ്ഥാപിക്കാൻ കെഎസ്ഇബി ജീവനക്കാർ കയ്യും മെയ്യും മറന്ന് രാപ്പകലില്ലാതെയും തസ്തികഭേദമില്ലാതെയും പ്രവർത്തിച്ചതിന്റെ നേർക്കാഴ്ചയാണ് ദ്യുതി മിഷൻ റീ കണക്ട് എന്ന മ്യൂസിക് വീഡിയോ ആൽബം.
കടലിന്റെ മക്കളെ പ്രളയകാലത്ത് കേരളത്തിന്റെ സൈന്യം എന്ന് വിശേഷിപ്പിച്ചപോലെ പ്രളയാനന്തര കേരളത്തിലെ വൈദ്യുതിബന്ധം പഴയപോലെയാക്കാൻ അക്ഷീണം പരിശ്രമിച്ച കെഎസ്ഇബി ജീവനക്കാരെ ഉൗർജസൈനികർ എന്ന് വിശേഷിപ്പിക്കാമെന്ന് ദ്യുതി കണ്ടുതീരുന്പോൾ മനസിൽ തോന്നും.
പ്രളയജലം താണ്ടിയും തകർന്നുകിടക്കുന്ന കെട്ടിടങ്ങൾക്കിടയിലൂടെയും കുന്നും മലയും കയറിയും സാധനസാമഗ്രികൾ ചുമന്നും വൈദ്യുതി വകുപ്പ് ജീവനക്കാർ പോസ്റ്റുകളും ലൈനുകളും ട്രാൻസ്ഫോർമറുകളും നന്നാക്കാൻ ശ്രമം നടത്തുന്നതിന്റെ യഥാർഥ ദൃശ്യങ്ങളാണ് ദ്യുതിയിലുള്ളത്.
ദ്യുതിയിലെ ഗാനമെഴുതി ആൽബം സംവിധാനം ചെയ്തത് മാടക്കത്തറ 400 കെ.വി സബ് സ്റ്റേഷനിലെ സബ് എൻജിനീയറും യുവകവയിത്രിയുമായ ജോജിത വിനീഷ് ആണ്. നിഖിൽ സാൻ എന്ന നവസംഗീത സംവിധായകനാണ് ദ്യുതിയിലെ ആവേശകരമായ ഗാനത്തിന് ഈണമിട്ടത്. സുമേഷ് കൃഷ്ണ, പ്രവീണ്ബാബു എന്നിവർ ചേർന്ന് ഗാനമാലപിച്ചു. കെ.എസ്.സലിയാണ് നിർമാണം.
പ്രളയാനന്തര കേരളത്തിലേക്ക് വെളിച്ചമെത്തിക്കാനുള്ള മഹാദൗത്യം ചുരുങ്ങിയ സമയംകൊണ്ട് ഇവർക്ക് സാധിക്കാനായത് കെഎസ്ഇബിയിലെ എല്ലാവരുടേയും കൂട്ടായ പ്രവർത്തനം കൊണ്ടാണെന്ന് ദ്യുതി കാണുന്പോൾ വ്യക്തമാകും.
തസ്തികഭേദങ്ങളില്ലാതെ ഏവരും ഒരുപോലെ പ്രവർത്തിച്ചാണ് ഇത് സാധ്യമാക്കിയത്. മാറ നിന്ന് നിർദേശങ്ങൾ പുറപ്പെടുവിക്കുന്നതിന് പകരം ജീവനക്കാർക്കൊപ്പം ഉയർന്ന തസ്തികയിലുള്ള ഉദ്യോഗസ്ഥരും ഒപ്പംചേർന്ന് വൈദ്യുതിബന്ധം പുന:സ്ഥാപിക്കാൻ നടത്തുന്ന ശ്രമങ്ങൾ ദ്യുതിയിലുടനീളം കാണാം.
ഈ ആൽബം ചിത്രീകരിച്ചത് പ്രധാനമായും ഡിസ്ട്രിബ്യൂഷൻ വിഭാഗത്തിൽ പെട്ട ഇലക്ട്രിക്കൽ സെക്ഷൻ നടത്തറ, മാടക്കത്തറ 400 കെ.വി, കെസ്ഇബിയുടെ ട്രെയിനിംഗ് സെന്ററായ ആർപിടിഐ തൃശൂർ, അതിരപ്പിള്ളി മോതിരക്കണ്ണി വനമേഖല എന്നിവിടങ്ങളിലാണ്.
ചടലുമായ സംഗീതവും ആലാപനവും ദ്യുതി മിഷൻ റീ കണക്ട് എന്ന ടൈറ്റിലിനോട് ചേർന്നു നിൽക്കുന്നു. പ്രളയത്തിന്റെ ഭീകരത അനുഭവിപ്പിക്കുന്ന ദൃശ്യങ്ങളും ആൽബത്തിൽ കടന്നുവരുന്നുണ്ട്.
മാടക്കത്തറ 400 കെ.വി സബ് സ്റ്റേഷനിൽ ട്രാൻസ്മിഷൻ നോർത്ത് ചീഫ് എൻജിനീയർ രാജൻ ജോസഫ് ദ്യുതിയുടെ പ്രകാശനം നിർവഹിച്ചു. റിലെ എക്സിക്യൂട്ടീവ് എൻജിനീയർ പ്രദീപ് യു ട്യൂബ് റിലീസ് നടത്തി. യു ട്യൂബിൽ അപ്ലോഡ് ചെയ്തപ്പോൾ ആയിരക്കണക്കിനാളുകളാണ് ആൽബം ദിവസങ്ങൾക്കകം കണ്ടത്.
ആർപിടിഐ എൻജിനീയർ ഷോബി ഡേവിസ് സി.ഡി.ഏറ്റുവാങ്ങി. മാടക്കത്തറ 400 കെ.വി സബ് സ്റ്റേഷൻ എക്സി.എൻജിനീയർ കെ.ഡി.മനോജ് അധ്യക്ഷത വഹിച്ചു. ട്രാൻസ്മിഷൻ ഡെപ്യൂട്ടി സിഇ മേരി ജോണ് സംവിധായകയെ ആദരിച്ചു. മാടക്കത്തറ സബ് സ്റ്റേഷനിലെ സ്റ്റാഫ് കൗണ്സിൽ അംഗങ്ങളും പങ്കെടുത്തു.
https://youtu.be/1__8mrcHi4w എന്ന യു ട്യൂബ് ലിങ്കിൽ ക്ലിക്ക് ചെയ്താൽ കേരളത്തിന്റെ ഉൗർജസൈനികരുടെ വീഡിയോ ആൽബം അഭിമാനത്തോടെ കാണാം..