തൃശൂർ: ലോകമെന്പാടുമുള്ള മലയാളി ഫുട്ബോൾ ആരാധകരെ ആവേശം കൊള്ളിക്കുന്ന കമന്ററിയിലൂടെ പ്രശസ്തനായ ഷൈജു ദാമോദരൻ ഇനി ലോകകപ്പ് ഫുട്ബോൾ മത്സരം മലയാളത്തിൽ പറയും. സോണി ഇഎസ്പിഎൻ ചാനൽ മത്സരങ്ങൾ ലൈവായി സംപ്രേഷണം ചെയ്യുന്പോൾ ചരിത്രത്തിലാദ്യമായി ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്ക് മലയാളം കമന്ററി പറയാനാണ് ഷൈജു ദാമാദോരൻ ക്ഷണിക്കപ്പെട്ടിരിക്കുന്നത്.
ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾക്കടക്കം ഷൈജു ദാമോദരൻ കമന്ററി പറഞ്ഞിട്ടുണ്ട്. ടെലിവിഷൻ പ്രേക്ഷകർക്ക് വളരെ ചുരുങ്ങിയ സമയം കൊണ്ടുതന്നെ ഷൈജുവിന്റെ ശബ്ദം പരിചിതമായി. സ്കൂൾ കലോത്സവങ്ങളിലുൾപ്പടെ പല മിമിക്രി വേദികളിലും ഷൈജു ദാമോദരന്റെ ആവേശഭരിതമായ ശബ്ദം അനുകരിക്കപ്പെട്ടു.
ഇപ്പോൾ ലോകകപ്പ് മത്സരങ്ങൾക്കു മലയാളത്തിൽ കമന്ററി പറയാൻ ലഭിച്ച അവസരം ഷൈജു തന്നെയാണ് വീഡിയോയിലൂടെ പോസ്റ്റ് ചെയ്ത് എല്ലാവരേയും അറിയിച്ചത്. ഒരു സന്തോഷവാർത്ത പങ്കുവയ്ക്കാനുണ്ടെന്നു പറഞ്ഞ് ഷൈജു മലയാളം കമന്ററിയുടെ കാര്യങ്ങൾ പറയുന്നുണ്ട്.
ഐഎസ്എൽ പോലെ ലോകകപ്പിന്റെ മലയാള കമന്ററിയും സ്വീകരിക്കണമെന്നും തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ ചൂണ്ടിക്കാട്ടണമെന്നും ആരോഗ്യകരമായി വിമർശിക്കണമെന്നും ആരാധകരാണ് തന്റെ ശക്തിയെന്നും അദ്ദേഹം പറയുന്നു.
അപ്പോൾ കളി തുടങ്ങുന്പോൾ സോണി ഇഎസ്പിഎൻ ചാനൽ വച്ചാൽ കേൾക്കാം…