രാജകുമാരി: ലോകത്ത് എവിടെയൊക്കെ പ്രാവുകളുണ്ടോ അവയുടെ അടുക്കലേക്ക് മനസുകൊണ്ട് പറന്നെത്തുകയാണ് രാജകുമാരി സ്വദേശി ഷൈജു പീറ്റർ.
പ്രാവുകളോട് വിദ്യാർത്ഥിയായിരിക്കെ തോന്നിയ ഇഷ്ടമാണ് ഇപ്പോൾ മുപ്പതിൽപരം വ്യത്യസ്തയിനം പ്രാവുകളുടെ പരിപാലകനായി ഷൈജുവിനെ മാറ്റിയത്.
നാടൻ ഇനങ്ങൾ ഉൾപ്പെടെ വിദേശ ഇനം പ്രാവുകളും ഷൈജുവിന്റെ കൂട്ടിലുണ്ട്. ജോഡിക്ക് 7000 രൂപാ വരെ വിലയുള്ള ബ്യൂട്ടി ഹോമർ, ഓസ്ട്രേലിയൻ,
സിറാസ് , മൂവായിരം രൂപാ വരെ വിലയുള്ള മുഖി-രാജസ്ഥാൻ , ലാഹോറി, ബർപ്പൻ, ഫാന്റേൽ – അമേരിക്ക തുടങ്ങിയ ഇനങ്ങളാണ് ഇപ്പോഴുള്ളത്.
പ്രാവുകൾക്ക് മുട്ടയിടുന്നതിനും അവ വിരിയിച്ചെടുക്കുന്നതിനും ഷൈജുവിന്റെ കൂട്ടിൽ പ്രത്യേകം സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
ചിട്ടയായ രീതിയിൽ ഭക്ഷണവും പ്രതിരോധ മരുന്നുകളും നൽകി വളരെ ശ്രദ്ധയോടെയാണ് ഇവയെ വളർത്തുന്നത്.
തിന, ചോളം , നെൽ കതിർ ,അരി എന്നിവ പൊടിയാക്കിയാണ് ഇവക്ക് നൽകുന്നത്. വൈകുന്നേരം പ്രാവുകളെ പുറത്തിറക്കി അൽപ്പനേരം ഉല്ലസിക്കാൻ വിടും.
എല്ലാ പ്രാവുകളും ഷൈജുവിന്റെ വിളിപ്പുറം വിട്ട് പോകുകയില്ല. അനുസരണയോടെ പറക്കുകയും കൂട്ടിൽ സമയക്രമമനുസരിച്ച് കയറുകയും ചെയ്യും.
കൊല്ലം ,തൃശൂർ, എറണാകുളം എന്നിവിടങ്ങളിൽ നിന്നാണ് പ്രാവുകളെ ശേഖരിക്കുന്നത്. ഭാര്യ ബിന്ദുവും മക്കളായ ആമോസും അക്ഷയയുമാണ് പ്രാവ് വളർത്തിലിന് പിന്തുണ നൽകുന്നത്