ഇരിട്ടി: സ്ത്രീകള്‍ അശുദ്ധരല്ലെന്നും അവര്‍ അന്തസുള്ളവരാണെന്നും മന്ത്രി കെ.കെ. ശൈലജ. പായം പഞ്ചായത്തില്‍ സ്റ്റുഡന്റ് ഡോക്ടര്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. കുട്ടികളോട് സംസാരിക്കാനോ അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനോ രക്ഷിതാക്കള്‍ക്ക് ഇന്ന് സമയമില്ല. കുട്ടികള്‍ ദുശീലങ്ങള്‍ക്ക് അടിമപ്പെടാന്‍ രക്ഷിതാക്കളുടെ ഇത്തരം സമീപനവും കാരണമാകുന്നുണ്ട്. സമൂഹത്തെ നല്ല ശീലങ്ങള്‍ പഠിപ്പിക്കാനും രക്ഷിതാക്കളുടെയും മുതിര്‍ന്നവരുടെയും വഴികാട്ടികളാകാനും പദ്ധതിയിലൂടെ സ്റ്റുഡന്റ് ഡോക്ടര്‍മാര്‍ക്ക് സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
പഞ്ചായത്തിലെ 13 സ്കൂളുകളില്‍ നിന്നായി തെരഞ്ഞെടുത്ത 101 വിദ്യാര്‍ഥികള്‍ക്കാണ് പദ്ധതിയുടെ ഭാഗമായി പരിശീലനം നല്‍കിയത്. വിദ്യാര്‍ഥികളെ ആരോഗ്യ രംഗത്ത് സജീവമാക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് പദ്ധതി. മെഡിക്കല്‍ ഓഫീസര്‍, വിവിധ മേഖലകളില്‍ പ്രാവീണ്യം നേടിയ ഡോക്ടര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരെ ഉള്‍പ്പെടുത്തി വിദ്യാര്‍ഥികള്‍ക്ക് പരിശീലനവും ക്ലാസുകളും സംഘടിപ്പിച്ചിരുന്നു.
ആരോഗ്യ ബോധവത്കരണം, പ്രഥമ ശുശ്രൂഷ, കുടിവെള്ള ശുചീകരണം, ക്ലോറിനേഷന് രീതി, ബോധവത്കരണ ക്ലാസുകളില്‍ തുടങ്ങിയ വിഷയങ്ങളിലായിരുന്നു പരിശീലനം. നാല് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്കാണ് പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ പരിശീലനം നല്‍കിയത്. രണ്ട് ലക്ഷം രൂപയാണ് പഞ്ചായത്ത് പദ്ധതിക്കായി മാറ്റിവച്ചത്.
കുന്നോത്ത് ഹയര്‍ സെക്കൻഡറി സ്കൂളില്‍ നടക്കുന്ന ചടങ്ങില്‍ സ്റ്റുഡന്റ് ഡോക്ടര്‍മാര്‍ക്കുള്ള ബാഡ്ജുകളും മന്ത്രി വിതരണം ചെയ്തു. സണ്ണി ജോസഫ് എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. സുമേഷ്, പായം പഞ്ചായത്ത് പ്രസിഡന്റ് എന്‍. അശോകന്, ജില്ലാ പഞ്ചായത്ത് അംഗം തോമസ് വര്‍ഗീസ്, ഡെപ്യൂട്ടി ഡിഎംഒ ഡോ. എം. കെ. ഷാജ്, എന്‍എച്ച്എം ഡിപിഎം ഡോ. കെ. വി. ലതീഷ്, മറ്റ് ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.