കടുത്തുരുത്തി: ഇന്ന് വിരമിക്കുന്ന എസ്ഐക്ക് സസ്പെൻഷൻ. വെള്ളൂർ അഡീഷണൽ എസ്ഐ ആർ.കാർത്തികേയനെയാണ് സസ്പെൻഡ് ചെയ്തത്. സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും വിമർശിച്ചുക്കൊണ്ടുള്ള സന്ദേശം വാട്സാപ്പ് ഗ്രൂപ്പിലൂടെ പ്രചരിപ്പിച്ചതിനെത്തുടർന്നാണ് ഇദ്ദേഹത്തെ ജില്ലാ പോലീസ് മേധാവി സസ്പെൻഡ് ചെയ്തത്.
എസ്പിസിയുടെ വാട്സാപ്പ് ഗ്രൂപ്പിലാണ് കാർത്തികേയൻ മുഖ്യമന്ത്രിയേയും സർക്കാരിനെയും രൂക്ഷമായി വിമർശിച്ചുകൊണ്ടുള്ള പോസ്റ്റിട്ടത്. ഇതുസംബന്ധിച്ച ഡിപ്പാർട്ടുമെന്റുതല അന്വേഷണം നടത്തിയതിനെ തുടർന്നാണ് നടപടി.
കൂടാതെ എസ്ഐക്കെതിരെ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റംഗത്തിന്റെ പരാതിയും മുഖ്യമന്ത്രിക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും ലഭിച്ചിരുന്നു. മുന്പും സമാനമായ നിലയിൽ സർക്കാരിനും മുഖ്യമന്ത്രിയ്ക്കുമെതിരെ പ്രചാരണങ്ങൾ സംഘടിപ്പിച്ചിട്ടുള്ളയാളാണ് ഇദേഹമെന്നും ആരോപണമുണ്ട്.