സീമ മോഹൻലാൽ
കൊച്ചി: മുന്പ് മരണക്കയത്തിൽപ്പെട്ട കുരുന്നു ജീവനുമായി ആശുപത്രിയിലേക്ക് പാഞ്ഞെങ്കിലും കൈവിട്ടുപോയ ആ ജീവന്റെ ഓർമയിൽ നവജാത ശിശുവിന് പുനർജൻമമേകിയ സന്തോഷത്തിലാണ് ചെങ്ങന്നൂർ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ എം.സി. അഭിലാഷ്.
ചെങ്ങന്നൂരിൽ ബക്കറ്റിൽ ഉപേക്ഷിച്ച നവജാത ശിശുവിനെ ചെങ്ങന്നൂർ പോലീസ് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചിട്ട് ഒരാഴ്ച പിന്നിടുന്നു.
ചെങ്ങന്നൂർ പോലീസ് സ്റ്റേഷനിലിരുന്ന് അന്നത്തെ സംഭവങ്ങൾ ഓർത്തെടുക്കുന്പോൾ രണ്ടു കുട്ടികളുടെ പിതാവായ എസ് ഐ അഭിലാഷിന്റെ കാതുകളിൽ ആ കുരുന്നു കരച്ചിൽ ഇപ്പോഴും മുഴങ്ങുന്നുണ്ട്.
ബക്കറ്റിലുപേക്ഷിച്ച നവജാത ശിശുവുമായി എസ്ഐ അഭിലാഷ് ഓടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
കഴിഞ്ഞ നാലിന് രാവിലെ 8.45 നാണ് അങ്ങാടിക്കലിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് ആ ഫോണ്കോൾ ചെങ്ങന്നൂർ പോലീസ് സ്റ്റേഷനിലേക്ക് എത്തിയത്.
അമിത രക്തസ്രാവത്തിന് യുവതി ചികിത്സ തേടിയെത്തിയെന്നും സംഭവത്തിൽ അസ്വാഭാവികത ഉണ്ടെന്നുമായിരുന്നു ആ കോൾ. ഒന്പതോടെ ഇൻസ്പെക്ടർ എ.സി. വിപിന്റെ നേതൃത്വത്തിൽ എസ്ഐമാരായ എം.സി. അഭിലാഷ്, അജിത്ത് ഖാൻ, സിപിഒ സി. ഹരീഷ്കുമാർ എന്നിവരടങ്ങുന്ന പോലീസ് സംഘം ആശുപത്രിയിലേക്കു പുറപ്പെട്ടു.
യുവതിയുടെ അമ്മയെ ചോദ്യം ചെയ്തപ്പോൾ പ്രസവത്തെത്തുടർന്ന് കുട്ടി മരിച്ചെന്നും കുളിമുറിയിൽ ഉപേക്ഷിച്ചെന്നും അറിയിച്ചു. പക്ഷേ, രക്തസ്രാവത്തെ തുടർന്ന് ചികിത്സയിലുളള യുവതിയുടെ അഞ്ചാം ക്ലാസുകാരനായ മകൻ പറഞ്ഞത് കുഞ്ഞ് വീട്ടിലെ ബക്കറ്റിലുണ്ടെന്നാണ്.
ഉടൻ പോലീസ് സംഘം അവിടേയ്ക്ക് പാഞ്ഞു. പിന്നീട് നടന്ന സംഭവങ്ങൾ എസ്ഐ അഭിലാഷിന്റെ വാക്കുകളിലൂടെ കേൾക്കാം…
“ആറൻമുള ലിമിറ്റിലായിരുന്നു ആ വീട്. എങ്കിലും ചെങ്ങന്നൂരായിരുന്നു അടുപ്പം. ഉടൻ ഞങ്ങൾ അവിടെയേക്ക് പുറപ്പെട്ടു. മുളക്കുഴ കോട്ടപൊയ്കമുക്കിന് സമീപത്തുള്ള അടഞ്ഞു കിടക്കുന്ന വാടക വീട്ടിൽ പലയിടത്തും ഞങ്ങൾ നോക്കി.
തുടർന്ന് ഞാൻ പുറത്തു കണ്ട ശുചിമുറിയിൽ കയറി. ഇൻസ്പെക്ടർ വിപിൻ സാറും എന്റെ കൂടെയുണ്ട്. അവിടെ രണ്ടു ബക്കറ്റുകൾ ഉണ്ടായിരുന്നു. ഒരു ബക്കറ്റിൽ രക്തം പുരണ്ട നൈറ്റി ഉൾപ്പെടെയുള്ള മുഴിഞ്ഞ തുണികളായിരുന്നു.
തുണികളുള്ള രണ്ടാമത്തെ ബക്കറ്റിൽ രക്തത്തുള്ളികൾ കണ്ടു. ആ തുണികൾ ഞാൻ നീക്കിയപ്പോൾ ഒരു ഞരക്കം കേട്ടു. അത് അൽപമൊന്നു മാറ്റി നോക്കിയപ്പോഴാണ് അതിനുള്ളിലൊരു ചോരക്കുഞ്ഞിനെ കണ്ടത്.
കുഞ്ഞിനെ വേഗം എടുക്കെടാ… എന്ന ഇൻസ്പെക്ടറുടെ ശബ്ദം മുഴങ്ങിയപ്പോൾ ആ ബക്കറ്റുമായി ഞാൻ ജീപ്പിനടുത്തേക്ക് ഓടുകയായിരുന്നു. കുഞ്ഞിന്റെ മുഖത്ത് തുണി വീണുകിടപ്പുണ്ടായിരുന്നെങ്കിലും കുഞ്ഞ് ശ്വസിക്കുന്നുണ്ടായിരുന്നു.
ചുണ്ടുകൾ വിടർത്തി കണ്ണുകൾ മിഴിച്ചുള്ള ആ കരച്ചിൽ ഇപ്പോഴും എന്റെ നെഞ്ചിലൊരു വിങ്ങലായി കിടപ്പുണ്ട്. ഏഴു മണിക്ക് പ്രസവം നടന്നുവെന്ന് ആശുപത്രിയിൽനിന്ന് അറിഞ്ഞിരുന്നു.
കുരുന്നു ചുണ്ടുകളിലേക്ക് അൽപം വെള്ളം ഇറ്റിച്ചു കൊടുക്കാമെന്നു ഞങ്ങൾ ആദ്യം കരുതിയെങ്കിലും ഇൻഫെക്ഷൻ വല്ലതും ഉണ്ടായാലോയെന്ന ഭയത്തിൽ അതിനു മുതിർന്നില്ല.
പൈലറ്റ് വാഹനം പോകുന്നതുപോലെ ജീപ്പുമായി ഹരീഷ് പായുകയായിരുന്നു. യാത്രയിൽ മുഴുവൻ ആ കുരുന്നു ജീവൻ തിരിച്ചു കിട്ടണേയെന്ന പ്രാർഥനയിലായിരുന്നു ഞാൻ.
ആ സ്ത്രീ എന്തിനിത് ചെയ്തു എന്ന ചിന്ത മനസിൽ മിന്നിമറയുന്നുണ്ടായിരുന്നെങ്കിലും എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തണേ എന്നതായിരുന്നു മനസിൽ.
മിനിറ്റുകൾക്കകം ഞങ്ങൾ ആശുപത്രിയിലെത്തി. കുഞ്ഞിനെ ഡോക്ടർമാർക്ക് കൈമാറി. പാതിയിൽ പൊലിഞ്ഞു പോയേക്കാമായിരുന്ന ആ കുഞ്ഞു ജീവൻ രക്ഷിക്കാനായതിന്റെ ചാരിതാർഥ്യം ഞങ്ങൾക്കെല്ലാവർക്കുമുണ്ട്’-
എസ്ഐ അഭിലാഷ് പറഞ്ഞു. സിഡബ്ല്യുസിയുടെ സംരക്ഷണയിലുള്ള കുഞ്ഞിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഇദ്ദേഹം എന്നും വിളിച്ചു ചോദിക്കുന്നുണ്ട്.
രണ്ടു വർഷം മുന്പുള്ള ഓർമ
രണ്ടു വർഷം മുന്പ് എസ്ഐ അഭിലാഷ് പുളിക്കി പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്പോഴുണ്ടായ ഒരു സംഭവം ഇന്നും അദേഹത്തിന്റെ മനസിൽ മായാതെ കിടപ്പുണ്ട്.
അന്ന് പാസ്പോർട്ട് വെരിഫിക്കേഷനായി ഒരു വീട്ടിലെത്തിയ പോലീസുകാരനുമായി വീട്ടുകാർ സംസാരിച്ചിരിക്കുന്നതിനിടെ നാഗ്പൂരിൽ നിന്ന് വിരുന്നുവന്ന മൂന്നുവയസുകാരൻ വീടിനു പുറകിലെ ആറിലേക്ക് വീണു.
പോലീസുകാരൻ അറിയിച്ചതനുസരിച്ച് എസ് ഐ അഭിലാഷും സംഘവും അവിടെയെത്തി. വെള്ളത്തിൽനിന്ന് കുഞ്ഞിനെയെടുത്ത് പരുമല ആശുപത്രിയിലെത്തിച്ചെങ്കിലും ആ കുഞ്ഞ് മരിക്കുകയുണ്ടായി. ആ വേദന ഇപ്പോഴും എസ്ഐ അഭിലാഷിന്റെ മനസിൽ നീറുന്ന മുറിവായി കിടപ്പുണ്ട്.
പോലീസുകാരനിൽനിന്ന് എസ്ഐയിലേക്ക്
ചെങ്ങന്നൂർ പോലീസ് സ്റ്റേഷനിലെ പോലീസുകാരനായിരുന്ന അഭിലാഷ് 2015ലാണ് എസ്ഐ ടെസ്റ്റ് പാസായത്. വിവിധ പോലീസ് സ്റ്റേഷനുകളിൽ ജോലി ചെയ്ത ശേഷം അടുത്തിടെയാണ് ചെങ്ങന്നൂർ സ്റ്റേഷനിൽ എസ്ഐ ആയി എത്തിയത്.
മാന്നാർ സ്വദേശിയായ ഇദ്ദേഹം മുന്പും വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. പരാതി അന്വേഷിക്കാനെത്തിയ എസ്ഐയെ ചെങ്ങന്നൂർ മുളക്കുഴ മണ്ണത്തുംചേരിൽ വീട്ടിൽ ശരത്ത് പട്ടിയെ അഴിച്ചു വിട്ടു കടിപ്പിക്കാൻ ശ്രമിച്ച കേസ് ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഗോപികയാണ് എസ്ഐ അഭിലാഷിന്റെ ഭാര്യ. വിദ്യാർഥികളായ അദ്വൈതും അനഘയുമാണ് മക്കൾ.