സീമ മോഹൻലാൽ
“കല നല്ലതുതന്നെയാണ്. പക്ഷേ അതു ജീവിത മാർഗമാക്കിയാൽ ശരിയാവില്ല. ജീവിതത്തിൽ എന്തെങ്കിലുമൊക്കെ നേടണമെങ്കിൽ ഒരു തൊഴിൽ വേണം.’’ വർഷങ്ങൾക്കു മുന്പ് അമ്മ ഏലിക്കുട്ടി പറഞ്ഞ വാക്കുകൾ ഇന്നും അഗസ്റ്റിൻ വർഗീസ് എന്ന പോലീസ് സബ് ഇൻസ്പെക്ടറുടെ ഓർമയിലുണ്ട്.
വർഷങ്ങൾക്കിപ്പുറം പോലീസ് ജോലിക്കൊപ്പം വെള്ളിത്തിരയിലും തിളങ്ങുകയാണ് അഗസ്റ്റിൻ വർഗീസ് എന്ന ഈ പോലീസ് ഓഫീസർ. കേരള ആംഡ് പോലീസ് ഒന്നാം ബറ്റാലിയൻ തൃപ്പൂണിത്തുറയിൽ സബ് ഇൻസ്പെക്ടറാണ് ഇദേഹം.
കലയെ കൂട്ടുപിടിച്ച കുടുംബം
കുട്ടിക്കാലം മുതൽ കലയോടു കൂട്ടുകൂടിയുള്ള ജീവിതമായിരുന്നു അഗസ്റ്റിന്റേത്. പിതാവ് കണ്ണൂർ തളിപ്പറന്പ് വർഗീസ് കാഞ്ഞിരപ്പള്ളി അറിയപ്പെടുന്ന നാടകനടൻ ആയിരുന്നു. വീട്ടിൽ തന്നെയായിരുന്നു പലപ്പോഴും റിഹേഴ്സൽ ക്യാന്പ്. അതുകൊണ്ടുതന്നെ അഗസ്റ്റിന് കുട്ടിക്കാലം മുതൽ കലയോട് താത്പര്യമായിരുന്നു. തീരെ ചെറുപ്പത്തിൽതന്നെ അച്ഛന്റെ നാടക റിഹേഴ്സൽ സശ്രദ്ധം വീക്ഷിക്കും.
അതിനുശേഷം സഹോദരങ്ങൾക്കു മുന്നിൽ ഓരോ കഥാപാത്രങ്ങളെയും അഭിനയിച്ചു കാണിക്കുന്നതിൽ അഗസ്റ്റിൻ മിടുക്കനായിരുന്നു. എന്നാൽ ജീവിതപ്രാരാബ്ദങ്ങൾ കണ്ടറിഞ്ഞ അമ്മയ്ക്ക് നാലു മക്കളും എന്തെങ്കിലുമൊരു തൊഴിൽ സന്പാദിക്കാനായിരുന്നു ആഗ്രഹം. അഗസ്റ്റിനും സഹോദരങ്ങളും നന്നായി പഠിക്കുമായിരുന്നു. അതുകൊണ്ടുതന്നെ മക്കളെ പഠനത്തിലേക്ക് തിരിച്ചുവിടാൻ ആ അമ്മ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
പോലീസ് ജോലിയിലേക്ക്
22-ാമത്തെ വയസിൽ പോലീസിൽ സേനയിൽ അഗസ്റ്റിന് ജോലി ലഭിച്ചു. അപ്പോഴും കലയോടുള്ള താൽപര്യം മങ്ങിയിരുന്നില്ല. സേനയിലെ പല പരിപാടികളിലും തന്റെ കഴിവുതെളിയിക്കാൻ അദ്ദേഹത്തിനായി. പോലീസ് സേനയിൽ 25 വർഷം പിന്നിടുന്പോഴാണ് അദേഹം വെള്ളിത്തിരയിലേക്ക് തന്റെ അഭിനയ പാടവം കാഴ്ചവയ്ക്കുന്നത്.
കൊസറാക്കൊള്ളിയിലൂടെ അരങ്ങേറ്റം
ജയൻ സി. കൃഷ്ണ സംവിധാനം ചെയ്ത കൊസ്റാക്കൊള്ളിയിലൂടെയായിരുന്നു വെള്ളിത്തിരയിലേക്കുള്ള അഗസ്റ്റിന്റെ അരങ്ങേറ്റം. തുടർന്ന് കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ ചെറുതും വലുതുമായ നിരവധി വേഷങ്ങൾ അദേഹത്തെ തേടിയെത്തി. നിങ്ങളുടെ കുട്ടികൾ സുരക്ഷിതരാണോ, കൊച്ചിയുടെ താരങ്ങൾ, എന്നീ ടെലിഫിലിം, അഭയം, ആൾക്കൂട്ടത്തിൽ ഒരുവൻ, അരയാക്കടവിൽ, ഉണ്ട, ഓട്ടർഷ, ബ്ലൂവെയിൽ, മൊട്ടിട്ട മുല്ലകൾ, ഹെലൻ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. ഓട്ടർഷ, ഉണ്ട എന്നീ ചിത്രങ്ങളിൽ പോലീസ് വേഷങ്ങളിൽ തന്നെയാണ് തിളങ്ങിയത്.
ജയസൂര്യ നായകനായ വെള്ളം, ഇടുക്കി ബ്ലാസ്റ്റേഴ്സ്, തുറുപ്പ് ശീട്ട് എന്ന തമിഴ് ചിത്രം എന്നിവയാണ് ഇനി റിലീസ് ആകാനിരിക്കുന്ന ചിത്രങ്ങൾ. പോലീസ് സേനയിൽ നിന്ന് തനിക്ക് പൂർണ പിന്തുണ ലഭിക്കുന്നുണ്ടെന്ന് ഇദ്ദേഹം പറയുന്നു. ജോലിയെ ബാധിക്കാതെ അഭിനയം മുന്നോട്ടു കൊണ്ടുപോകാനാണ് തന്റെ ആഗ്രഹമെന്ന് അഗസ്റ്റിൻ പറഞ്ഞു.
കുടുംബം
ഭാര്യ ബിന്ദു അഗസ്റ്റിൻ. ബയോടെക്നോളജി വിദ്യാർഥിയായ അക്ഷയ്, പ്ലസ്വൺ വിദ്യാർഥിനി അനീറ്റ, നാലാം ക്ലാസിൽ പഠിക്കുന്ന ആൽഡ്രിൻ എന്നിവരാണ് മക്കൾ. മക്കളും അഭിനയരംഗത്തുണ്ട്.