സ്വന്തം ലേഖകൻ
തൃശൂർ: ഇടുക്കി വാഴവരയിൽ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തിയ തൃശൂർ രാമവർമപുരം കേരള പോലീസ് അക്കാദമിയിലെ എസ്ഐ അനിൽകുമാർ എഴുതിയതെന്ന് കരുതുന്ന ആത്മഹത്യ കുറിപ്പ് പോലീസ് അക്കാദമിയെ പ്രതികൂട്ടിലാക്കി. പോലീസ് അക്കാദമിയിൽ തന്റെ സഹോദരന് കടുത്ത ജോലി സമ്മർദ്ദമായിരുന്നുവെന്ന അനിൽകുമാറിന്റെ സഹോദരൻ ആരോപിച്ചതോടെയാണ് പോലീസ് അക്കാദമി പ്രതിക്കൂട്ടിലായത്. അനിൽ കുമാറിന് ലീവ് നൽകിയിരുന്നില്ലെന്നതടക്കമുള്ള ആരോപണങ്ങളാണ് ബന്ധുക്കൾ ഉന്നയിക്കുന്നത്.
അനിൽകുമാറിന്റെ ആത്മഹത്യക്കുറിപ്പിൽ പോലീസ് അക്കാദമിയിലെ എഎസ്ഐ അടക്കമുള്ളവർ തന്നെ മാനസികമായി പീഡിപ്പിച്ചെന്നും കാന്റീൻ നടത്തിപ്പുമായി ബന്ധപ്പെട്ട് വലിയ നഷ്ടമുണ്ടായെന്നും പറഞ്ഞിരിക്കുന്ന കത്തിൽ എഎസ്ഐ നടത്തിയ സാന്പത്തിക തിരിമറികൾ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
അമ്മയ്ക്ക് വയ്യാതായപ്പോൾ പോലും അനിലിന് ലീവ് നൽകിയിലെന്ന ആരോപണം സഹോദരനും ഉന്നയിച്ചു. കാന്റീൻ നടത്തിപ്പിൽ സഹപ്രവർത്തകർ കാരണം വൻ നഷ്ടം സംഭവിച്ചതായും അനിൽ പറഞ്ഞെന്ന് സഹോദരൻ പറയുന്നു.
അനിൽകുമാറിന്റെ മരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഡിജിപിയെ സമീപിക്കാനാണ് ബന്ധുക്കളുടെ തീരുമാനം.
അങ്ങിനെയെങ്കിൽ കേരള പോലീസ് അക്കാദമിയുമായി ബന്ധപ്പെട്ട് അനിൽകുമാർ ആരോപണമുന്നയിച്ചവരെല്ലാം അന്വേഷണപരിധിയിൽ വരും. കാന്റീൻ നടത്തിപ്പിലെ വീഴ്ചകളടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കേണ്ടി വരും. വർഷങ്ങളായി കേരള പോലീസ് അക്കാദമിയിലാണ് അനിൽകുമാർ ജോലി ചെയ്യുന്നത്. ഇവിടത്തെ കാന്റീൻ അനിൽകുമാറിന്റെ മേൽനോട്ടത്തിലാണ് കുറച്ച് കാലമായി നടന്നുവരുന്നത്.
കാന്റീൻ നടത്തിപ്പിന്റെ ചുമതല തനിക്ക് ഭാരമായി മാറിയെന്ന് അനിൽകുമാർ കത്തിൽ കുറിച്ചതായി സൂചനയുണ്ട്.
അക്കാദമിയിലെ ഒരു എഎസ്ഐയും മൂന്നുപോലീസുകാരും തന്നെ പീഡിപ്പിക്കുന്നതായാണ് കത്തിലെ സൂചനകൾ. എഎസ്ഐയുടെ അനധികൃത സ്വത്ത് സന്പാദനത്തെക്കുറിച്ചും അന്വേഷിക്കണമെന്ന ആവശ്യവും കത്തിലുന്നയിച്ചിട്ടുണ്ട്.
സാന്പത്തിക-വ്യക്തിഗത പ്രശ്നങ്ങളാണ് അനിൽകുമാറിന്റെ ആത്മഹത്യക്ക് പിന്നിലെന്നാണ് ആദ്യം കരുതിയതെങ്കിലും കത്ത് കണ്ടെടുത്തതോടെ സംഭവം ഗുരുതരമായി. സംഭവത്തെക്കുറിച്ച് ഇടുക്കി ക്രൈംബ്രാഞ്ച് അന്വേഷണം വൈകാതെ ആരംഭിക്കും.