കോഴിക്കോട്: ഇടവഴിയില്‍ മൂത്രമൊഴിച്ച എസ്ഐയ്ക്ക് മദ്യപസംഘത്തിന്റെ ക്രൂരമര്‍ദനം. കണ്ട്രോള് റൂമില്‍ പുതുതായി ചുമതലയേറ്റ വയനാട് സ്വദേശിയായ എസ്ഐ പി. എന്‍. ഷൈജനെയാണ്(52) മൂന്നംഗസംഘം ക്രൂരമായി മര്‍ദിച്ചത്. മര്‍ദനത്തെ തുടര്‍ന്ന് എസ്ഐയുടെ മൂക്കിന്റെ എല്ലുകള്‍ക്ക് മൂന്നു പൊട്ടലുണ്ട്.
മൂക്കിൽനിന്ന് അമിത രക്തപ്രവാഹം ഉണ്ടായ ഇദ്ദേഹം ബീച്ച് ജനറല്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇന്നലെ സന്ധ്യയ്ക്കുശേഷം എരഞ്ഞിപ്പാലം ബൈപാസ് റോഡില്‍ സരോവരത്തിന് സമീപത്താണ് സംഭവം.
മൊഫ്യൂസിൽ ബസ് സ്റ്റാൻഡിൽനിന്ന് കണ്ട സുഹൃത്തിനൊപ്പം എരഞ്ഞിപ്പാലത്തേക്ക് നടന്നുപോകവെയാണ് മദ്യപസംഘത്തിന്റെ അക്രമം. നടക്കുന്നതിനിടെ എസ്ഐ മൂത്രമൊഴിക്കാനായി ഇടവഴിയിലേക്ക് മാറി. ഇത് ശ്രദ്ധയില്‍പ്പെട്ട മൂന്നു യുവാക്കള്‍ എസ്ഐയുടെ സമീപത്തെത്തി പൊതിരെ മർദിക്കുകയായിരുന്നു.
താൻ എസ്ഐയാണെന്ന് യുവാക്കളോട് പറഞ്ഞപ്പോൾ “നീ പോലീസുകാരനാണല്ലെടാ എന്നാൽ രണ്ടെണ്ണം അധികം ഇരിക്കട്ടെ’… എന്ന് ആക്രോശിച്ചു മൂക്കിന് ഇടിക്കുകയായിരുന്നു. സുഹൃത്ത് ഇടപെട്ടിട്ടും യുവാക്കളെ പിന്തിരിപ്പിക്കാനായില്ല. ക്രൂരമർദനമേറ്റ എസ്ഐയുടെ മൂക്കില്‍നിന്ന് രക്തം വാര്‍ന്നൊഴുകി. തുടര്‍ന്ന് സുഹൃത്തും സമീപത്തുള്ളവരും കൂടി എസ്ഐയെ ബീച്ച് ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
പ്രതികൾ പാലാഴി, കാരപ്പറന്പ് സ്വദേശികളാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. ബൈപാസിലെ മദ്യവിൽപ്പനശാലയുടെ പരിസരത്ത് സ്ഥിരമായി തന്പടിക്കുന്ന ഇവർ പ്രശ്നക്കാരാണെന്ന് പോലീസ് പറഞ്ഞു. പ്രതികളെ തിരിച്ചറിഞ്ഞിട്ടും ഡിജിപിയുടെ സർക്കുലറിലെ നിർദേശമനുസരിച്ച് കസ്റ്റഡിയിലെടുക്കാനായില്ല. നെടുങ്കണ്ടം കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തില്‍ ധൃതിപിടിച്ച് പ്രതികളെ പിടികൂടേണ്ടെന്നും ആരേയും രാത്രി ലോക്കപ്പിൽ സൂക്ഷിക്കേണ്ടെന്നുമാണ് ഡിജിപിയുടെ നിർദേശം.
അതിനാൽ മദ്യപിച്ച് പ്രശ്നങ്ങളുണ്ടാക്കുന്നവരെ കസ്റ്റഡിയില്‍ എടുക്കേണ്ടന്ന നിലപാടണ് പോലീസ് സ്വീകരിക്കുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി അടുത്തിടെ മദ്യപസംഘം രാപ്പകല്‍ ഭേദമന്യേയാണ് പ്രശ്നങ്ങളുണ്ടാക്കുന്നത്. എന്നാല്‍ “നെടുങ്കണ്ടം’ ഭയന്ന് സാമൂഹ്യവിരുദ്ധരെ പിടികൂടാന്‍ പോലീസ് തയാറാവുന്നില്ല.
ബീച്ചില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ യുവാവിനെതിരേ നടപടി സ്വീകരിച്ച ടൗണ്‍ എസ്ഐയെ സ്ഥലം മാറ്റിയതിനെ തുടര്‍ന്നാണ് പോലീസ് ഇത്തരത്തില്‍ പ്രശ്നങ്ങളുണ്ടാക്കുന്നവരെ പിടികൂടാന്‍ തയാറാവാത്തതെന്നാണ് സേനയില്‍ നിന്ന് ലഭിക്കുന്ന വിവരം.