കെ.കെ. അർജുനൻ
മുളങ്കുന്നത്തുകാവ്: മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും ആരുമറിയാതെ ഇറങ്ങിപ്പോയ ഒരമ്മയെ കണ്ടെത്തി വീട്ടിലെത്തിച്ച പോലീസുകാരന്റെ കഥയാണിത്. മെഡിക്കൽ കോളജ് എസ്ഐ പി.പി. ബാബുവാണ് ഡ്യൂട്ടിക്കൊപ്പം മനുഷ്യത്വവും ചേർത്തുവച്ച് കേരള പോലീസിന് അഭിമാനമായത്.
വാടാനപ്പിള്ളി ഇടശേരി സ്വദേശിനിയായ വീട്ടമ്മയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആകെയുള്ള മകൾ പനി ബാധിച്ച് ചാവക്കാട് ആശുപത്രിയിലുമായിരുന്നു. കൂടെയാരുമില്ലാത്തതിനാൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും ആ അമ്മ ആരുമറിയാതെ കടന്നുകളഞ്ഞു.
എന്നാൽ, വീട്ടിലേക്കു പോകാനുള്ള വഴിയറിയാതെയും മകളെ വിളിക്കാൻ ഫോണ് നന്പർ അറിയാതെയും അവർ പെട്ടുപോയി.അപ്പോഴാണു മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനിലേക്കു കില സ്റ്റോപ്പിനടുത്ത് ഒരു സ്ത്രീ ഇരിക്കുന്നുണ്ടെന്നും ഓർമയില്ലാത്തതു പോലെയാണ് അവർ പെരുമാറുന്നതെന്നും പറഞ്ഞൊരു ഫോണ് വന്നത്.
ഉടൻ എസ്ഐ പി.പി. ബാബു അവിടെയെത്തി ഇവരോടു കാര്യങ്ങൾ തിരക്കിയെങ്കിലും കൃത്യമായ മറുപടിയൊന്നുമുണ്ടായില്ല. വാടാനപ്പിള്ളി ഇടശേരിയാണ് സ്ഥലമെന്നു മാത്രം പറഞ്ഞു.തുടർന്ന് സ്ത്രീയുടെ ഫോട്ടോ വാട്സാപ്പ് വഴി വാടാനപ്പിള്ളി പോലീസ് സ്റ്റേഷനിലേക്ക് എസ്ഐ ബാബു അയച്ചുകൊടുത്തു.
അവർ ഇടശേരിയിലെ വാർഡ് മെംബർക്ക് അതു കൈമാറുകയും സ്ത്രീയെ തിരിച്ചറിയുകയും ചെയ്തു.ബസിൽ കയറ്റി വിട്ടാൽ മതിയെന്ന് അവർ പറഞ്ഞെങ്കിലും തനിക്കതിനു മനസു വന്നില്ലെന്ന് എസ്ഐ പറഞ്ഞു.
തുടർന്ന് പോലീസ് ജീപ്പിൽ തന്നെ എസ്ഐ ബാബുവും പോലീസുകാരനായ ഗിരീശനും കൂടി വാടാനപ്പിള്ളിയിലെ വീട്ടിൽ കൊണ്ടു ചെന്നാക്കി. അവശയായിരുന്ന അമ്മയ്ക്കു ഭക്ഷണം മേടിച്ചുകൊടുക്കാനും അവർ മറന്നില്ല. കാക്കിക്കുള്ളിലെ നന്മ വറ്റാത്ത ഈ എസ്ഐക്ക് നൽകാം നല്ലൊരു സല്യൂട്ട്.