കോഴിക്കോട്: മദ്യപിച്ച ബഹളമുണ്ടാക്കിയ ആളെ കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ട് സ്ഥലം മാറ്റിയ എസ്ഐയെ തിരിച്ചു വിളിച്ചു. സിറ്റി പോലീസ് കമ്മീഷണര്‍ എ.വി.ജോര്‍ജ്ജാണ് ടൗണ്‍ എസ്ഐയെ സ്ഥലം മാറ്റിയ നടപടി പിന്‍വലിച്ച് വീണ്ടും അതേ സ്റ്റേഷനില്‍ തന്നെ നിയമിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ടൗണ്‍ എസ്ഐ ബിജിത്തിനെ എആര്‍ ക്യാമ്പിലേക്ക് സ്ഥലം മാറ്റിയത്.
നിയമാനുസൃത നടപടി സ്വീകരിച്ച എസ്ഐയെ സ്ഥലം മാറ്റിയത് സംബന്ധിച്ച് “രാഷ്ട്ര ദീപിക’ വാര്‍ത്ത നല്‍കിയിരുന്നു. ഈ വാര്‍ത്ത പോലീസിനുള്ളില്‍ ചര്‍ച്ചയായി. എസ്ഐയെ സ്ഥലം മാറ്റിയ കമ്മീഷണറുടെ നടപടി സേനാംഗങ്ങള്‍ക്കിടയില്‍ അതൃപ്തിക്കിടയാക്കി. സാമൂഹ്യവിരുദ്ധരേയും മദ്യപരേയും പിടികൂടിയാല്‍ “ശിക്ഷ’ ലഭിക്കുമെന്ന രീതിയിലായിരുന്നു സേനയ്ക്കുള്ളില്‍ വിവാദം ആളിക്കത്തിയത്.
വിഷയം പോലീസ് അസോസിയേഷന്റേയും ശ്രദ്ധയില്‍പെട്ടു. അതിനിടെ വാട്സ് ആപ്പ് വഴിയും മറ്റും വിവരം പോലീസ് ഹെഡ്ക്വാട്ടേഴ്സിലും എത്തി. തുടര്‍ന്നാണ് എസ്ഐയെ ടൗണ്സ്റ്റേഷനിലേക്ക് തന്നെ മാറ്റാന്‍ കമ്മീഷണര്‍ തീരുമാനിച്ചത്. എസ്ഐയുടെ സേവനങ്ങളെ കുറിച്ചും മറ്റും വിശദമാക്കികൊണ്ട് രഹസ്യാന്വേഷണ വിഭാഗവും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഇന്നലെ എസ്ഐയോട് നേരിട്ട് ഹാജരാവാന്‍ നിര്‍ദേശിച്ച കമ്മീഷണര്‍ ടൗണ്‍ സ്റ്റേഷനില്‍ എത്തി ചുമതലയേല്‍ക്കാന്‍ ആവശ്യപ്പെടുകയും എആര്‍ ക്യാമ്പില്‍ നിന്ന് റിലീവിംഗ് ഓര്‍ഡര്‍ വാങ്ങിയ ശേഷം വൈകിട്ടോടെ എസ്ഐ ചുമതലയേല്‍ക്കുകയുമായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് ബീച്ചില്‍ മദ്യപിച്ച് ബഹളമുണ്ടാക്കുകയും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും വിധത്തില്പെരുമാറിയ സംഘത്തിലെ രണ്ടു പേരെ ടൗണ്‍ എസ്ഐ ബിജിത്തിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തത്.
സ്റ്റേഷനിലേക്കു കൊണ്ടുപോവും മുമ്പേ ബീച്ച് ജനറല്‍ ആശുപത്രിയിലെത്തിച്ച് മെഡിക്കല്‍പരിശോധന നടത്തി. പിന്നീട് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് യുവാക്കളെ ജാമ്യമെടുക്കാനായി ചിലരെത്തി. ഇവര്‍ മദ്യപിച്ചവരായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട എസ്ഐ ജാമ്യം അനുവദിക്കില്ലെന്നും മറ്റാരെങ്കിലും എത്തിയാല്‍ വിടാമെന്നും അറിയിച്ചു.
എന്നാല്‍ ഇവര്‍ തിരിച്ചുപോവാതെ എസ്ഐ ജാമ്യം നിഷേധിക്കുന്നുവെന്ന രീതിയില്‍ പ്രചാരണം നടത്തുകയും കമ്മീഷണറെ അറിയിക്കുകയുമായിരുന്നു. അതേസമയം ബന്ധുക്കളെ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്റ്റേഷനിലെത്തുകയും പോലീസ് യുവാക്കളെ ജാമ്യത്തില്‍ വിട്ടയയ്ക്കുകയുമായിരുന്നു. എന്നാല്‍ ജാമ്യം അനുവദിക്കാത്ത എസ്ഐയുടെ നിലപാടില്‍ പ്രതിഷേധിച്ച് കമ്മീഷണര്‍ എആര്‍ ക്യാമ്പിലേക്ക് സ്ഥലം മാറ്റുകയുമായിരുന്നു.