എസ്ഐ ബിജുവിന്റെ ചക്കരക്കൽ ഡയറീസ് ആക്ഷൻ ഹീറോ ബിജു എന്ന സിനിമ റിലീസാകുന്നത് 2016 ഫെബ്രുവരി നാലിനാണ്. പോലീസുകാരുടെ ജോലിയെക്കുറിച്ചും പോലീസ്സ്റ്റേഷന്റെ പ്രവർത്തനങ്ങളെക്കുറിച്ചും ജനങ്ങൾ ആഴത്തിൽ മനസിലാക്കുന്നത് ആ സിനിമയിലൂടെയാണ്. അതിനും മുന്പ് പല പോലീസ് സിനിമകളും ഇറങ്ങിയിട്ടുണ്ടെങ്കിലും അതിലൊക്കെ പോലീസ് ഓഫീസർമാർ ഒന്നുകിൽ അമാനുഷികരോ അല്ലെങ്കിൽ ഒന്നിനും കൊള്ളാത്തവരോ ആയിരുന്നു. ഇത്തരക്കാരെ കണ്ടുമടുത്ത ജനങ്ങൾക്കിടയിലേക്ക് ആക്ഷൻ ഹീറോ ബിജു വന്നിറങ്ങിയപ്പോൾ അവർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. സിനിമയിലെ പോലീസ് അങ്ങനെ വഴിമാറി ബിജുവിലെത്തിയത് പലരും നല്ല ലക്ഷണമായാണ് കണ്ടത്.
ഇനി നമുക്കും അൽപ്പം വഴിമാറി സഞ്ചരിക്കാം. സിനിമയിൽ നിന്നും നേരേ ജീവിതത്തിലേക്ക്.
കണ്ണൂർ നഗരത്തിൽ നിന്നു പത്തു കിലോമീറ്റർ അകലെയാണ് ചക്കരക്കൽ പോലീസ് സ്റ്റേഷൻ. ഏകദേശം 2 ലക്ഷം ജനങ്ങളാണ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ളത്. അഞ്ചരക്കണ്ടി, പെരളശേരി, ചേലോറ, മുണ്ടേരി, ചെന്പിലോട് എന്നീ അഞ്ചു പഞ്ചായത്തുകളിലായി അധികാര പരിധി വ്യാപിച്ചുകിടക്കുന്നു. അതായത് കണ്ണൂർ ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ അധികാര പരിധിയുള്ള പോലീസ് സ്റ്റേഷനുകളിലൊന്ന്. ഇങ്ങനെയൊക്കെയുള്ള ചക്കരക്കല്ല് പോലീസ് സ്റ്റേഷനിൽ 2016 ഒക്ടോബർ 24നാണ് കൂത്തുപറന്പ് വള്ള്യായി സ്വദേശി പി. ബിജു പ്രിൻസിപ്പൽ എസ്ഐയായി ചാർജെടുക്കുന്നത്. വയസ് 37. പക്ഷെ, ചെറുപ്പത്തിന്റെ ചോരത്തിളപ്പുമായി പ്രശ്നങ്ങളിലിടപെട്ട് ആളാവാൻ ബിജു തയാറായില്ല. പിന്നെ എന്തായിരുന്നു കുറ്റവാളികളോടും കുറ്റങ്ങളോടും ഈ എസ്ഐ സ്വീകരിച്ച നിലപാട്. മറ്റു പോലീസുകാരിൽ നിന്നും അൽപം വഴിമാറി സഞ്ചരിക്കുകയാണ് ഇവിടെ എസ്ഐ ബിജു. ഏതൊരു പോലീസ് ഓഫീസർക്കും മാതൃകയാക്കാവുന്ന ഇദ്ദേഹത്തിന്റെ നിലപാടുകളിലേക്ക് കടക്കും മുന്പ് ഇദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാം.
“”നമ്മൾ സ്കൂളിൽ പഠിക്കുന്പോൾ കാണുന്നതാണ് ഈ ബാക്ക് ബെഞ്ച് കൾച്ചർ. ബാക്ക് ബെഞ്ചിൽ ഇരിക്കുന്ന കുട്ടികൾ ഒന്നിനും കൊള്ളാത്തവരാണെന്നാണ് പൊതുവെയുള്ള ധാരണ. അവർ നന്നാവില്ല, അവർക്ക് പ്രത്യേക ശ്രദ്ധ ആവശ്യമില്ല എന്നീ മുൻവിധികളോടെയായിരിക്കും അധ്യാപകർ ക്ലാസിൽ വരിക. എപ്പോഴും അധ്യാപകരുടെ ശ്രദ്ധ മുൻബെഞ്ചിലെ പഠിപ്പിസ്റ്റുകളിലായിരിക്കും. ഇതേ പ്രവണത തന്നെ നമ്മുടെ സമൂഹത്തിലുമുണ്ട്. കുറ്റവാളികളെന്ന് മുദ്ര കുത്തപ്പെട്ടവർക്ക് എന്നും എവിടെയും അവഗണനയായിരിക്കും. അവരോട് സംസാരിക്കാനോ അവരുടെ പ്രശ്നങ്ങൾ കേൾക്കാനോ ആർക്കും താത്പര്യമില്ല. അവർ ഒരിക്കലും നന്നാവില്ല എന്നാണ് എല്ലാവരുടേയും ചിന്ത. ഈ ബാക്ക് ബെഞ്ച് സംസ്കാരത്തിനാണ് മാറ്റം വരേണ്ടത് ”.
മനസറിയാൻ മനസു വേണം
ഒരു മനുഷ്യൻ കുറ്റവാളിയാകുന്നതിന് പിന്നിൽ അവൻപോലുമറിയാത്ത ഒരു കാരണമുണ്ടാകുമെന്ന് എല്ലാ പോലീസുകാരെയും പോലെ എസ്ഐ ബിജുവും ഉറച്ചുവിശ്വസിക്കുന്നു. ആ കാരണം അവനെ തന്നെ ബോധ്യപ്പെടുത്തുക എന്നതാണ് ഏറ്റവും പ്രധാനം. അതോടൊപ്പം സമൂഹത്തിൽ കുറ്റവാളികളേയും അക്രമികളേയും സൃഷ്ടിക്കുന്ന സാഹചര്യങ്ങൾ മുളയിലെ നുള്ളുക. ഇതിനൊക്കെയുള്ള “പരന്പരാഗത പോലീസ് മുറ’കളിൽ നിന്നും വഴിമാറിയാണ് എസ്ഐ ബിജുവിന്റെ സഞ്ചാരം.
കേസിൽ പിടിക്കപ്പെടുന്ന കുറ്റവാളിയോട് ആദ്യം പതിവ് ചോദ്യം ചെയ്യൽ. പിന്നെ അവർക്കുള്ള അവസരമാണ്. അവർക്ക് പറയേണ്ട കാര്യങ്ങളെല്ലാം തുറന്നുപറയാം. എസ്ഐ ബിജു വെറും കേൾവിക്കാരൻ മാത്രം. മിക്ക പ്രതികളും അവരുടെ ജീവിതാവസ്ഥയും കുറ്റവാളിയാകാനുള്ള കാരണവും എല്ലാം തുറന്നുപറയും. മണിക്കൂറുകളോളം അടുത്ത സുഹൃത്തിനോടെന്നപോലെ എസ്ഐയോട് കാര്യങ്ങൾ പറയും. എസ്ഐ ഒരാളേയും നന്നാവണമെന്നോ മേലിൽ ഇത്തരം കാര്യങ്ങൾക്ക് പോകരുത് എന്നോ ഉപദേശിക്കാറില്ല. അത്തരം ഉപദേശത്തിനപ്പുറത്ത് കാര്യങ്ങൾ തുറന്നുപറയുന്പോൾ അവർക്ക് ലഭിക്കുന്ന ഒരാശ്വാസമുണ്ട്. ജീവിതകഥ പറഞ്ഞ് കഴിയുന്പോൾ മിക്കവരുടേയും കണ്ണ് നിറഞ്ഞിട്ടുണ്ടാകും. ചിലർ പൊട്ടിക്കരയും. ഇങ്ങനെ ഒരു തുള്ളികണ്ണീർ അവരുടെ കണ്ണിൽ നിന്നും പൊഴിഞ്ഞാൽ അവർക്ക് ഒരു ശിക്ഷയും വേണമെന്നില്ല എന്ന് എസ്ഐ ബിജു പറയുന്നു. “”എല്ലാം തുറന്നുപറയുന്പോൾ അവർക്കുണ്ടാകുന്ന കുറ്റബോധത്താലാണ് അവർ കരയുന്നത്. ഇങ്ങനെ പല കേസിലും പെട്ട് ഇവിടെയെത്തി ജീവിതം പറഞ്ഞ് കരഞ്ഞവർ പിന്നീട് നല്ല ജീവിതം നയിക്കുന്നതിന് തെളിവുകൾ നിരവധിയുണ്ടിവിടെ. പലരും പിന്നീട് കാണുന്പോൾ ഓടിവന്ന് പരിചയം പുതുക്കാറുണ്ട്. അത്തരക്കാരെ കാണുന്പോൾ എന്തെന്നില്ലാത്ത സന്തോഷമാണ് ”.
വായന നല്ലതാണ്
പുസ്തകം വായിച്ചാൽ നമ്മുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാകും എന്നാണല്ലൊ മഹാൻമാർ പറയുന്നത്. ഇതിനെ വെറും വാക്കുകളായി തള്ളിക്കളയാൻ വരട്ടെ. നേരേ ചക്കരക്കല്ല് പോലീസ്സ്റ്റേഷനിൽ ചെന്നാൽ ഇതിന്റെ നേർസാക്ഷ്യം കാണാം. ഇവിടെ എസ്ഐ ബിജുവിന്റെ മുറിയിൽ ഒരു ഷെൽഫുണ്ട്. അതിൽ കഥ, നോവൽ, ലേഖനങ്ങൾ എന്നിങ്ങനെയുള്ള 200ഓളം പുസ്തകങ്ങളുമുണ്ട്. വെറുതെയിരിക്കുന്പോൾ പോലീസുകാർക്ക് വായിക്കാനുള്ളതല്ല ഈ പുസ്തകങ്ങൾ. ഇവ കുറ്റവാളികൾക്കുള്ളതാണ്. ഏതെങ്കിലും കേസിൽ പിടിക്കപ്പെട്ടവർ സ്റ്റേഷനിലെ “പതിവ് ചടങ്ങുകൾ’ക്ക് ശേഷം തിരിച്ച് പോകുന്പോൾ ഒരു പുസ്തകം കൊടുക്കും. എന്നിട്ട് എസ്ഐ ബിജു ഇങ്ങനെ പറയും “”വായിച്ച് ഒരാഴ്ച കഴിഞ്ഞ് കൊണ്ടുവരണം. കൂടെ പുസ്തകത്തെക്കുറിച്ചുള്ള ഒരു ആസ്വാദനക്കുറിപ്പും”.
പറയുന്നത് പോലീസായതിനാൽ കുറ്റവാളികൾ കേൾക്കാതിരിക്കുമോ. നല്ലവണ്ണം വായിച്ച് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ആസ്വാദനകുറിപ്പുമായി തിരിച്ചുവരും. മിക്കവരിലും അപ്പോൾ കാണാം ആ മാറ്റം. പുസ്തകവുമായി പോകുന്പോഴുള്ള വ്യക്തിയായിരിക്കില്ല തിരിച്ചുവരുന്പോൾ. വായന എന്ന അത്ഭുതത്തിന്റെ ഗുണം അവരിൽ പ്രകടമായിട്ടുണ്ടാകും. തിരിച്ചെത്തുന്ന മിക്കവരും പുസ്തകത്തിലെ കാര്യങ്ങൾ പോലീസുകാരുമായി വായനശാലയിലെത്തിയതു പോലെ ചർച്ച ചെയ്യും. ജീവിതത്തിൽ സംഭവിച്ച വീഴ്ചകളെ ഒരൊറ്റ പുസ്തക വായനയിലൂടെ പലരും മറികടക്കുന്നു. ഇതിൽ പലരും പിന്നീട് സ്റ്റേഷനിൽ വന്ന് പുസ്തകം വായിക്കാനായി എടുക്കാറുമുണ്ട്. ഇത്തരക്കാർ പഴയ കുറ്റകൃത്യങ്ങളിൽ മുഴുകുന്നുണ്ടോ എന്ന രഹസ്യാന്വേഷണവും ബിജു നടത്താറുണ്ട്.
ഒരിക്കൽ സ്റ്റേഷനിലെ സീനിയർ സിപിഒയായിരുന്ന അഴീക്കോട്ടെ ബിജു മുന്നോട്ട് വച്ച പുസ്തക ചികിത്സ ആശയമാണ് പിന്നീട് എസ്ഐ ബിജു പ്രാവർത്തികമാക്കിയത്. ഇതിനായി പോലീസുകാർക്കിടയിൽ ചെറിയൊരു പിരിവ് നടത്തി 2500 രൂപ സമാഹരിച്ചു. കണ്ണൂരിലെ പുസ്തക കടയിൽ ചെന്ന് ബഷീർ, തകഴി, ഓഷോ തുടങ്ങിയ എഴുത്തുകാരുടെ പുസ്തകം മേടിച്ചു. പിന്നീട് ഇവ കുറ്റവാളികൾക്കായി വിതരണം ചെയ്തു തുടങ്ങി. ഇങ്ങനെ എസ്ഐയുടെ പുസ്തക ചികിത്സ നാട്ടിൽ പാട്ടായതോടെ ഒരു ദിവസം ഗൾഫിൽ നിന്നും എസ്ഐക്ക് ഒരു വിളി വന്നു, പുസ്തകം വാങ്ങാൻ 10,000 രൂപ അയച്ചുതരാമെന്ന് പറഞ്ഞ്. പണം ഡിസി ബുക്സിലേക്ക് അയച്ചാൽ മതിയെന്നും താൻ അവിടെ ചെന്ന് പുസ്തകം വാങ്ങാമെന്നും ബിജു മറുപടി പറഞ്ഞു. അങ്ങനെ ഡിസി ബുക്സിൽ ചെന്ന് പുസ്തകം വാങ്ങി. അഞ്ചരക്കണ്ടിയിലെ കണ്ണൂർ മെഡിക്കൽ കോളജിലെ ഡോക്ടർ അരുണും കുറച്ച് പുസ്തകം കൈമാറിയിരുന്നു. ഇപ്പോൾ 200ഓളം പുസ്തകങ്ങൾ സ്റ്റേഷനിലെ ലൈബ്രറിയിലുണ്ട്. കുറ്റവാളികൾക്ക് മാത്രമല്ല ഇപ്പോൾ പുസ്തകം വിതരണം ചെയ്യാറ്. സ്റ്റേഷനിലെ പോലീസുകാരും വായിക്കാൻ കൊണ്ടും പോകും. പരാതിയുമായി വരുന്നവർ വായിക്കാൻ ചോദിച്ചാലും കൊടുക്കും.
എന്തുകൊണ്ട് പുസ്തകം എന്നു ചോദിച്ചാൽ ബിജു ഇങ്ങനെ പറയും “”പുസ്തക വായന എല്ലാത്തിനും നല്ല മരുന്നാണ്. വായന ഒരു ശീലമാക്കി എടുത്താൽ മറ്റ് ദുഃശീലങ്ങളിൽനിന്നു നമുക്ക് മുക്തി നേടാനാകും. അതിനുമപ്പുറം ഒരു പോലീസുകാരനാകുന്നതിലും മുന്പെ പുസ്തകം എന്റെ കൂടെയുണ്ടായിരുന്നു. വള്ള്യായിലെ സ്വാതന്ത്ര്യ സ്മാരക വായനശാല കേന്ദ്രീകരിച്ചായിരുന്നു എന്റെ പ്രവർത്തനം. അന്ന് അതിന്റെ സെക്രട്ടറി ദാമോദരൻ മാഷും പ്രസിഡന്റ് ഞാനുമാണ്. എം.എൻ. വിജയൻ, കൽപറ്റ നാരായണൻ തുടങ്ങിയവരുടേതടക്കം എല്ലാ എഴുത്തുകാരുടേയും പുസ്തകങ്ങൾ കൊതിയോടെ വായിക്കാറുണ്ട്. ഇന്നും സമയം കിട്ടുന്പോഴൊക്കെ പുസ്തകത്തിനു മുന്നിലിരിക്കും. കേസിൽ പിടിക്കപ്പെടുന്നവർക്ക് പുസ്തകം വായിക്കാൻ കൊടുക്കുന്നത് ചിലപ്പോൾ മറ്റേത് ശിക്ഷാ നടപടിയേക്കാളും മികച്ച ഒന്നായിട്ടാണ് തോന്നിയത്. പോലീസ് കൊടുക്കുന്നതു കൊണ്ട് അവർ അത് ഗൗരവത്തോടെ വായിക്കുകയും കുറിപ്പ് എഴുതി വരികയും ചെയ്യും. ഒരിക്കലെങ്കിലും ഒരു പുസ്തകം മുഴുവനായി ശ്രദ്ധയോടെ വായിച്ചാൽ ജീവിതത്തിൽ ചിലതൊക്കെ സംഭവിക്കും എന്നത് കുറ്റവാളികൾക്ക് മാത്രമല്ല എല്ലാവർക്കും ബാധകമാണ്. വീട്ടിൽ ആരും ശ്രദ്ധിക്കാനില്ലാത്തവരോ ജീവിത ചുറ്റുപാടുകൾ പ്രതികൂലമായിട്ടുള്ളവരോ ആണ് പലപ്പോഴും പല ക്രിമിനൽ കേസുകളിലും പെടുന്നത്. അവരെ ഇത്തരത്തിൽ ഒന്നു തലോടിയാൽ മാറ്റിയെടുക്കാൻ നമുക്ക് സാധിക്കും”. പുസ്തകശേഖരം വിപുലീകരിക്കണമെന്ന ആഗ്രഹത്തിലാണ് ഇപ്പോൾ എസ്ഐ ബിജു.
സ്റ്റേഷനിലെ പുസ്തക ചികിത്സ ഫലിക്കാത്ത ഇടങ്ങളിൽ പച്ചക്കറി വിത്ത് നൽകിയും എസ്ഐ ചില പരീക്ഷണങ്ങൾ നടത്താറുണ്ട്. “”കുറ്റവാളികളോട് സംസാരിക്കുന്പോൾ നമുക്ക് അവരുടെ ടേസ്റ്റ് മനസിലാകും. ചിലർക്ക് പുസ്തകം കൊടുത്താൽ അവർ തീരെ വായിക്കില്ല. അങ്ങനെയുള്ളവർക്ക് പച്ചക്കറി വിത്ത് കൊടുക്കും. എന്നിട്ട് നട്ട് വിളയിച്ച് അതിന്റെ ഫോട്ടോ എടുത്ത് വാട്സ് ആപ്പിൽ അയയ്ക്കാൻ പറയും. മിക്കവരും അയയ്ക്കും, ചിലർ പച്ചക്കറി തോട്ടം നേരിട്ട് കാണാൻ ക്ഷണിക്കും”.
കളിക്കളത്തിലും കാര്യമുണ്ട്
വെറുതെയിരുന്ന് സമയം കൊല്ലുന്ന നമ്മുടെ യുവാക്കളിലും ചില പരീക്ഷണങ്ങൾ ഇദ്ദേഹം നടത്തിയിട്ടുണ്ട്. അതിന്റെ ഫലമായിട്ട് സംഭവിച്ചതാകട്ടെ സ്റ്റേഷൻ പരിധിയിൽ വരുന്ന കാടുപിടിച്ചു കിടന്ന പല സ്ഥലങ്ങളും ഇന്ന് ഷട്ടിൽ ബാഡ്മിന്റൺ കളിക്കളങ്ങളാണ്. വൈകുന്നേരം ഒത്തുകൂടുന്ന യുവാക്കൾ ഫ്ളഡ് ലൈറ്റിൽ അവിടെ രാത്രി വൈകും വരെ ഷട്ടിൽ കളിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണാനാകുക. ഈ കാഴ്ചയ്ക്ക് പിന്നിലും ഒരു കഥയുണ്ട്. ഒരു പതിവ് പട്രോളിംഗിന്റെ കഥ. അതിങ്ങനെ:
സന്ധ്യയോടടുത്ത സമയം. കച്ചേരിപ്പറന്പ് എന്ന സ്ഥലത്താണ് എസ്ഐ ബിജുവിന്റേയും സംഘത്തിന്റെയും പട്രോളിംഗ്. എന്തോ പന്തികേട് തോന്നിയ എസ്ഐ റോഡരികിലെ ഒരു ക്ലബിലേക്ക് ചാടിക്കയറി. അഞ്ചാറുപേർ വട്ടംകൂടിയിരുന്ന് മദ്യപിക്കുന്നു. പോലീസിനെ കണ്ടതും എല്ലാവരും ചാടിയെണീറ്റു. എസ്ഐ എല്ലാവരേയും പുറത്താക്കി ക്ലബ് പൂട്ടി താക്കോൽ കൈയിലെടുത്തു. എന്നിട്ട് പറഞ്ഞു “”ഇതൊന്നും ഇവിടെ അനുവദിക്കില്ല. വെള്ളമടിക്കാനുള്ളതല്ല ഇത്തരം സാംസ്കാരിക നിലയങ്ങൾ. ഇതിന്റെ താക്കോൽ ഞാൻ കൊണ്ടുപോകുന്നു. ഇനി ഇത് തുറക്കണമെങ്കിൽ അടുത്തെവിടെയെങ്കിലും ഒരു ഷട്ടിൽ ബാഡ്മിന്റൺ കോർട്ടുണ്ടാക്കി നിങ്ങൾ വൈകുന്നേരങ്ങളിൽ കളിക്കണം. എന്നിട്ട് എന്നെ അറിയിക്ക്. അപ്പോൾ താക്കോൽ തരാം.
ഒരാവേശത്തിന് എസ്ഐ അന്ന് ചുമ്മാ പറഞ്ഞതായിരുന്നു അത്. സംഭവം ക്ലിക്കായി. ഒരാഴ്ച തികയും മുന്പ് അവർ ക്ലബിനടുത്തെ കാടുപിടിച്ച സ്ഥലം വെട്ടിവൃത്തിയാക്കി ഒരു കോർട്ടുണ്ടാക്കി കളി തുടങ്ങി. സംഭവം സ്റ്റേഷനിൽ അറിയിച്ചു. ആ കോർട്ടിന്റെ ഉദ്ഘാടനവും എസ്ഐ ബിജു ആണ് നിർവഹിച്ചത്. പിന്നീട് പലയിടങ്ങളിലായി കൂട്ടംകൂടിയിരുന്ന പലരേയും ഇത്തരത്തിൽ ഉപദേശിച്ച് കോർട്ടൊരുക്കി. കേട്ടറിഞ്ഞ പലരും കൂട്ടം ചേർന്ന് കോർട്ടുണ്ടാക്കി കളി തുടങ്ങി. മിക്കതിന്റെ ഉദ്ഘാടനത്തിനും എസ്ഐയെ ക്ഷണിക്കാനെത്തും. വൈകുന്നേരങ്ങളിൽ കൂട്ടം ചേർന്ന് വെള്ളമടിച്ചും മൊബൈൽ ഗെയിം കളിച്ചും വാട്സ് ആപ്പിലും ഫേസ് ബുക്കിലും മുഴുകിയും നേരം കൊല്ലുന്ന യുവതയെ നല്ല വഴിയിലേക്ക് മാറ്റിയെടുക്കുകയായിരുന്നു എസ്ഐ ബിജു.
ഇങ്ങനെ പലതും ചെയ്ത് കുറ്റവാളികളെയും കുറ്റവാളികളെ സൃഷ്ടിക്കുന്ന സാഹചര്യങ്ങളേയും ഇല്ലാതാക്കാൻ ശ്രമിക്കുകയാണ് ഇദ്ദേഹം. അതിന് പരിപൂർണ പിന്തുണയുമായി സ്റ്റേഷനിലെ എല്ലാ ഉദ്യോഗസ്ഥരും ഒപ്പമുണ്ട്. ആക്ഷൻ ഹീറോ ബിജു എന്നത് ഒരു സിനിമാ പേരാണെങ്കിലും ചില സിനിമാ പേരുകൾ സത്യമായി മാറുന്നത് ഇതൊക്കെകൊണ്ടുകൂടിയാണ്. നാടുവിറപ്പിച്ച് ചുമ്മാ ആളാവാൻ നടക്കുന്ന പോലീസുകാർക്കിടയിൽ ഇങ്ങനെ ചിലരെ കാണുന്പോൾ പറയാതെ വയ്യ. ബിജുവാണ് ശരിക്കും ഹീറോ.
ഷിജു ചെറുതാഴം