കണ്ണൂര്‍: ആഘോഷങ്ങളുടെ പേരില്‍ വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തിയുള്ള അനധികൃത പണപ്പിരിവിനെതിരെ ശക്തമായ പ്രതിഷേധവുമായി ചക്കരക്കല്ല് എസ്‌ഐ പി.ബിജു. പണം നല്‍കാത്തവരുടെ വാഹനം ആക്രമിക്കുന്ന സംഭവമുണ്ടായതായും ആഘോഷത്തിന്റെ മറവില്‍ സംഘടിത അന്യായ പ്രവര്‍ത്തനം വച്ചുപൊറുപ്പിക്കില്ലെന്നും ബിജുവിന്റെ പോസ്റ്റിലുണ്ട്.
ചക്കരക്കല്ല് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ ചില സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് എസ്‌ഐയുടെ ഫേസ്ബുക്ക് പോസ്റ്റ്. കണ്ണൂര്‍ ജില്ലയിലെ പലഭാഗങ്ങളിലും ഇത്തരം പണപ്പിരിവു നടക്കുന്നതായി വിവരമുണ്ട്.
എസ്‌ഐ ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…
‘ഓനെനിക്കു സന്തോഷത്തോടെ തന്നതാ’…കൈക്കൂലി വാങ്ങിക്കുന്നവര്‍ അതിനെ ന്യായീകരിക്കാന്‍ സ്ഥിരം പറയുന്ന ഡയലോഗ് ആണിത്. ഒരു ക്ഷേത്രോത്സവത്തിന്റെ പേരില്‍, തിരക്കുപിടിച്ച മേലേചൊവ്വ –മട്ടന്നൂര്‍ ഹൈവേയിലെ ഏച്ചൂര്‍ ടൗണില്‍ എല്ലാ വാഹനങ്ങളും തടഞ്ഞു നിര്‍ത്തി പണപ്പിരിവ് നടത്തിയവരും മേല്‍ സൂചിപ്പിച്ച കൈകൂലിക്കാര്‍ പറഞ്ഞ അതേ ന്യായീകരണം തന്നെയാണു നിരത്തുന്നത്. ‘ഞങ്ങള്‍ കൈനീട്ടി വണ്ടി തടഞ്ഞു നിര്‍ത്തി ചോദിച്ചപ്പോള്‍ അവര്‍ സ്വമേധയാ സന്തോഷത്തോടെ തന്നതാ…’.
സ്വന്തമായി വാഹനമുള്ളവരില്‍ പലരും ഇത്തരം പണപ്പിരിവിനു വിധേയരായിട്ടുണ്ടാകും..ചിലപ്പോള്‍ ഒരുദിവസം തന്നെ രണ്ടോ മൂന്നോ സ്ഥലങ്ങളില്‍ പണം കൊടുക്കേണ്ടി വന്നിട്ടുമുണ്ടാവും. ഇതു ജനമനസ്സുകളില്‍ സ്വാഭാവികമായി ചില ചോദ്യങ്ങളുയര്‍ത്തുന്നു. ഈ വിധത്തില്‍ വാഹനം തടയുന്നതു നിയമപരമായി തെറ്റല്ലേ? പണമില്ലെന്നു പറഞ്ഞപ്പോള്‍ നിങ്ങള്‍ തെറിവിളിക്കും ഭീഷണിപ്പെടുത്തലിനും വിധേയരാകില്ലേ?
നിര്‍ത്താതെ പോകാന്‍ ശ്രമിച്ചപ്പോള്‍ ഓടിവന്നു വണ്ടിയുടെ ബോഡിയില്‍ ഇടിക്കുകയും ശകാരിക്കുകയും ചെയ്തിട്ടില്ലേ? സംഘടിത ശക്തിയെ ഭയന്നിട്ടല്ലേ പണം നല്‍കിയിട്ടുണ്ടാവുക? ചോദിക്കാനും പറയാനും ആരുമില്ലേ ഇവിടെ? പോലീസും നിയമവുമൊക്കെ എവിടെപ്പോയി?
റോഡില്‍കൂടി യാത്രചെയുന്ന ഞാനെന്തിന് ഏതോ നാട്ടില്‍ നടക്കുന്ന ആഘോഷങ്ങള്‍ക്കു പിരിവു നല്‍കണം? ഇത് ആഘോഷകമ്മിറ്റിയുമായി ബന്ധപ്പെട്ടവരാണോ അതോ തട്ടിപ്പുകാരാണോ? പിരിച്ചെടുക്കുന്ന പണം എവിടെയാണെത്തുന്നത്? ഇവിടെ പൊലീസ് ഇടപെടല്‍ അനിവാര്യമാവുകയാണ്.
എന്നാല്‍, ഏച്ചൂരില്‍ വാഹനം തടഞ്ഞു പണപ്പിരിവ് നടത്തിയവര്‍ തെറ്റു തിരുത്താന്‍ തയാറല്ല എന്നുള്ളതാണ് പിന്നീട് അവര്‍ പൊലീസിനെ തടഞ്ഞതിലൂടെ വ്യക്തമാവുന്നത്. ഒറ്റയ്ക്കാണെങ്കില്‍ പാവങ്ങളായ പലരും സംഘടിതരാകുമ്പോള്‍ വേട്ടക്കാരന്റെ കുപ്പായമെടുത്തണിയുന്നതു ജനക്കൂട്ട മനഃശാസ്ത്രമാണ്. ഇതുമായി ബന്ധപ്പെട്ടു വ്യാജ വാര്‍ത്തകള്‍ ധാരാളമായി പ്രചരിക്കുന്നുണ്ട്.
നന്മയും തിന്മയും തിരിച്ചറിയാനുള്ള ശേഷി ഇവിടുത്തെ ജനങ്ങള്‍ക്കുണ്ട്. പൊലീസ് ഒരാഘോഷങ്ങള്‍ക്കും എതിരല്ല. പൂച്ചയുടെ മുന്നില്‍ ഭയന്നു നിസ്സഹായനായി പോകുന്ന എലിയുടെ കൂടെ തന്നെയാണ് ഞങ്ങള്‍… മരിക്കുവോളം.