നെടുമങ്ങാട്: നിരവധി ക്രിമിനൽ കേസിലെ പ്രതികളെ കീഴ്പ്പെടുത്തുന്നതിനിടയിൽ നെടുമങ്ങാട് എസ് ഐ സുനിൽ ഗോപിക്ക് മർദനമേറ്റു.
മർദ്ദനത്തിൽ എസ് ഐ യുടെ കൈ ഒടിഞ്ഞു. കരകുളം മുല്ലശേരി തോപ്പിൽ ഇന്നലെ വൈകിട്ട് നാലുമണിക്കാണ് സംഭവം.
ബോംബ്, വടിവാൾ എന്നിവയുമായി ഗുണ്ടകൾ ഭീഷണി മുഴക്കുന്നുവെന്ന ഫോൺ സന്ദേശത്തെ തുടർന്നാണ് നെടുമങ്ങാട് നിന്ന് എസ് ഐ യും സംഘവും സ്ഥലത്ത് എത്തിയത്.
നാടൻ ബോംബും വടിവാളുമായി നിൽക്കുന്ന പ്രതികളെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടയിലാണ് ആക്രമണം നടന്നത്.
ആക്രമണത്തിൽ എസ്ഐയുടെ കൈ ഒടിഞ്ഞു. ഇലക്ഷൻ ഡ്യൂട്ടി കഴിഞ്ഞ് എസ് ഐ കഴിഞ്ഞ ദിവസമാണ് നെടുമങ്ങാട് ചാർജ് എടുത്തത്. കൊലപാതക കേസിലെ പ്രതി ഷൈജു, രാഹുൽ എന്നിവരുൾപ്പെട്ട ആറംഗ സംഘമാണ് ആക്രമണം നടത്തിയത്.
ഷൈജു മൊട്ടമൂട് അനി കൊലപാതക കേസിലെ പ്രതിയാണ്. അരുവിക്കര, പേരുർക്കട, കരമന പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരേ കേസ് ഉണ്ട്.
ആക്രമണത്തിൽ എസ്ഐയുടെ ഇടത് കൈ മുട്ടിന് പൊട്ടൽ ഉണ്ട്. ഷൈജു, രാഹുൽ എന്നിവരെ ഉടൻ തന്നെ പോലീസ് പിടി കൂടി.
ഓടി രക്ഷപ്പെട്ട വിഷ്ണു, ജിനു രാജ്, അനന്തു, ആദർശ് എന്നിവരെ നെടുമങ്ങാട് ഡിവൈഎസ്പി അനിൽ കുമാർ, സി ഐ രാജേഷ് തുടങ്ങിയരുടെ നേതൃത്വത്തിൽ പിന്നീട് പിടികൂടി. അക്രമണത്തിനിടെ പ്രതികൾ മുല്ലശേരി തോപ്പിൽ നാടൻ ബോംബ് എറിയുകയും ചെയ്തു.