ഗാന്ധിനഗർ: റിട്ടയേർഡ് എസ്ഐ മുടിയൂർക്കര പറയകാവിൽ ശശിധരനെ (62) കൊലപ്പെടുത്തിയ കേസിൽ അയൽവാസി അറസ്റ്റിൽ. മുടിയൂർക്കര കണ്ണാന്പടം ജോർജ് കുര്യനെ(സിജു – 45)യാണ് ഇന്നു പുലർച്ചെ അറസ്റ്റു ചെയ്തത്. ഇന്നലെ പകലും രാത്രിയും മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എന്നാൽ ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ പോലീസ് തയാറായില്ല.
കോട്ടയം ഡിവൈഎസ്പി ശ്രീകുമാറാണ് അറസ്റ്റു വിവരം രാഷ്ട്രദീപികയോട് വെളിപ്പെടുത്തിയത്. എങ്ങനെ, ഏത് ആയുധം ഉപയോഗിച്ചാണ് കൊല നടത്തിയതെന്നും എന്താണ് കൊലയ്ക്കു കാരണമെന്നും പോലീസ് വ്യക്തമാക്കിയിട്ടില്ല. പ്രതിക്കെതിരേ വ്യക്തമായ തെളിവ് ലഭിച്ചോ എന്നും സംശയിക്കുന്നു.
അറസ്റ്റിലായ സിജുവിനെ സംശയിച്ച് ആദ്യം കസ്റ്റഡിയിലെടുത്തെങ്കിലും തെളിവിന്റെ അഭാവത്തിൽ വിട്ടയയ്ക്കാൻ തീരുമാനിച്ച ഘട്ടത്തിലാണ് ഇയാൾ മുങ്ങിയത്. പിന്നീട് പിടികൂടി ചോദ്യം ചെയ്തു വരികയായിരുന്നു. ഇയാളാണോ അതോ മറ്റാരാങ്കിലുമാണോ ? കൊലയ്ക്കുള്ള കാരണം എന്ത് തുടങ്ങിയ ഒട്ടേറെ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടുകയായിരുന്നു പോലീസ്.
ഞായറാഴ്ച പുലർച്ചെ അഞ്ചു മണിക്ക് പ്രഭാത സവാരിക്കിറങ്ങിയ ശശിധരനെ 5.15നാണ് വീടിനു സമീപം റോഡിൽ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്നിങ്ങി 15 മിനിട്ടിനുള്ളിൽ കൊലപാതകം നടന്നുവെന്നു വ്യക്തം. കരുതിക്കൂട്ടിയുള്ള ഒരു നീക്കം ഇതിനു പിന്നിൽ നടന്നതായി പോലീസ് സംശയിക്കുന്നു.
വർഷങ്ങളായി അതിർത്തി തർക്കമുള്ള അയൽവാസിയെ ന്യായമായും പോലീസ് സംശയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുടിയൂർക്കര കണ്ണാന്പടം ജോർജ് കുര്യനെ(സിജു – 45) ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തത്. ശശിധരനും സിജുവുമായി വർഷങ്ങളായി വാക്ക്് തർക്കവും വഴിത്തർക്കവും നിലനിൽക്കുന്നുണ്ട്.
ഇയാളെ 24 മണിക്കൂർ ചോദ്യം ചെയ്തെങ്കിലും കുറ്റക്കാരനാണെന്ന് കണ്ടെത്താൻ പറ്റുന്ന ഒരു തെളിവും കിട്ടാതെ വന്നതോടെ എപ്പോൾ വിളിച്ചാലും എത്തിച്ചേരണമെന്ന ഉറപ്പിൽ വിട്ടയയ്ക്കാൻ പോലീസ് തീരുമാനിച്ചു. ഇതിനിടയിലാണു ഇയാൾ പോലീസിനെ വെട്ടിച്ചു കടന്നുകളഞ്ഞത്. ഇയാൾ മുങ്ങിയതോടെ പോലീസിന്റെ സംശയം ഇരട്ടിച്ചു. അതാണ് വീണ്ടും പിടികൂടി ചോദ്യം ചെയ്തത്. ഇപ്പോഴും ഇയാൾ ആദ്യം പറഞ്ഞ നിലപാടിൽ ഉറച്ചു നിൽക്കുകയാണെന്നാണ് അറിയാൻ കഴിഞ്ഞത്.
സിജു പോലീസിനെ വെട്ടിച്ചു കടന്നതിന് ഗാന്ധിനഗർ എസ്എച്ച്ഒയെ സസ്പെൻഡു ചെയ്തെങ്കിലും അത് പോലീസിന്റെ മുഖം രക്ഷിക്കാനുള്ള ഒരു തന്ത്രം മാത്രമാണ്. പ്രതിയല്ലാത്ത ഒരാളെ കസ്റ്റഡിയിൽ വച്ചാൽ എസ്എച്ച്ഒയ്ക്ക് അതിലും വലിയ പണി കിട്ടിയേനെ. മനുഷ്യാവകാശ ലംഘനം അടക്കമുള്ള നടപടികൾ നേരിടേണ്ടി വരുമായിരുന്നു.
് എന്ത് ആയുധം ഉപയോഗിച്ചാണ് തലയ്ക്ക് അടിച്ചത് ? എന്തിനു വേണ്ടി ഇതിനൊക്കെയുള്ള ഉത്തരം കിട്ടിയാലേ കൊലപാതക കേസ് തെളിയിക്കാനാകു. ശാസ്ത്രീയ തെളിവുകൾ എന്തെങ്കിലും കിട്ടുമോ എന്നറിയാനായി ശശിധരന്റെ മൃതദേഹം കിടന്ന സ്ഥലത്ത് സയന്റിഫിക് വിദഗ്ധർ വീണ്ടും പരിശോധന നടത്തിയേക്കും. അതിസൂക്ഷ്മമായ എന്തെങ്കിലും തുന്പ് കിട്ടുമെന്നു തന്നെയാണ് പോലീസ് കരുതുന്നത്.
കോട്ടയം ഡിവൈഎസ്പി ശ്രീകുമാറിനാണ് കേസിന്റെ അന്വേഷണ ചുമതല നല്കിയിരിക്കുന്നത്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഏറ്റുമാനൂർ സ്റ്റേഷനിലും തുടർന്ന് ഗാന്ധിനഗറിലും എത്തിച്ച് ചോദ്യം ചെയ്തതിനൊടുവിലാണ് അറസ്റ്റു രേഖപ്പെടുത്തിയത്. ഇനി കൂടുതൽ തെളിവുകൾ ശേഖരിക്കുന്ന തിരക്കിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. ഏറ്റവും പ്രധാനപ്പെട്ടത് ശശിധരനെ തലയ്ക്കടിച്ച ആയുധം കണ്ടെത്തുക എന്നതാണ്. ഇതിനുള്ള തെരച്ചിൽ നടന്നു വരുന്നു.