കണ്ണൂർ: കണ്ണൂർ സ്വദേശിയായ എസ്ഐയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. തളിപ്പറന്പ് ഏഴാംമൈൽ ശാന്തിനഗറിലെ കെ.വി. മനോജ് കുമാറിനെയാണ് മലപ്പുറം എംഎസ്പി ക്യാന്പിലെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മരണകാരണം സാന്പത്തിക ബാധ്യതയെന്നാണ് പ്രാഥമിക നിഗമനം. ഇതിനു പിന്നിൽ കണ്ണൂർ സ്വദേശിയായ പോലീസിലെ ഉന്നത ഉദ്യോഗസ്ഥന് പങ്കുള്ളതായാണ് സഹപ്രവർത്തകർ ആരോപിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥനു വേണ്ടി ലോണെടുക്കുന്നതിന് മനോജ് കുമാർ ജാമ്യം നിന്നിരുന്നു.
എന്നാൽ, ലോൺ തിരിച്ചടക്കാൻ ഇയാൾ തയാറായില്ല. പിന്നെ മനോജ് കുമാറിന്റെ ശന്പളത്തിൽ നിന്ന് ലോൺ തുക പിടിക്കാൻ തുടങ്ങി. കഴിഞ്ഞ 27 മാസമായി മനോജ് കുമാറിന്റെ ശന്പളത്തിൽ നിന്നും ലോൺ തുക പിടിച്ചിരുന്നു.
പല തവണ പണം ചോദിച്ച് ഈ ഉന്നത ഉദ്യോഗസ്ഥനെ മനോജ് കുമാർ സമീപിച്ചെങ്കിലും ഭീഷണിപ്പെടുത്തുകയായിരുന്നു. മനോജ് കുമാറിനെപ്പോലെ 22 ഓളം പോലീസുകാർ ഇയാൾക്കു വേണ്ടി ജാമ്യം നിന്ന് വഞ്ചിതരായിട്ടുണ്ടെന്നും സഹപ്രവർത്തകർ പറയുന്നു.
ആംഡ് പോലീസ് ബറ്റാലിയിനുകളിൽ സാധാരണയായി ഉന്നത ഉദ്യോഗസ്ഥർക്ക് ലോണെടുക്കുന്പോൾ ജാമ്യം നില്ക്കുന്നവർ കുടുങ്ങുന്നത് പതിവായിരിക്കുകയാണ്. എന്നാലും പലപ്പോഴും പോലീസുകാർ ഉന്നത ഉദ്യോഗസ്ഥർക്കെതിരേ പരാതി പറയാൻ തയാറാകുന്നില്ല.
മനോജ് കുമാറിന്റെ മരണത്തിൽ അന്വേഷണം നടത്തുന്പോൾ ഇക്കാര്യം കൂടി അന്വേഷിക്കണമെന്നാണ് സഹപ്രവർത്തകരുടെ പരാതി.ഇന്നലെ രാവിലെ ഒൻപതോടെ പ്രഭാതഭക്ഷണം കഴിച്ച് തിരിച്ചെത്തിയതായിരുന്നു മനോജ് കുമാർ.
പതിനൊന്നോടെ എത്തിയ സഹപ്രവർത്തകൻ വിളിച്ചിട്ട് വാതിൽ തുറക്കാത്തതിനെ തുടർന്ന് പിൻവാതിലിലൂടെ അകത്തുകയറി നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
മനോജ് കുമാർ 20 വർഷത്തോളം മാങ്ങാട്ടുപറന്പ് കെഎപി നാലാം ബറ്റാലിയനിൽ ഉണ്ടായിരുന്നു. പരേതനായ കെ.വി. ബാലന്റെയും കാർത്ത്യായനിയുടെയും മകനാണ്. ഭാര്യ: വിദ്യ.മക്കൾ:അഭിഷേക്, ശ്രീബാല.