കൊച്ചി: വരാപ്പുഴയിൽ കസ്റ്റഡിയിലിരിക്കെ ശ്രീജിത്ത് എന്ന യുവാവ് മരിച്ച സംഭവത്തിൽ അറസ്റ്റിലായ നാലാം പ്രതി വരാപ്പുഴ എസ്ഐ ജി.എസ്. ദീപക്കിനെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു. ഇന്നലെ വൈകുന്നേരം 6.45നു പറവൂർ മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കിയാണു റിമാൻഡ് ചെയ്തത്. കൊലക്കുറ്റം, മർദനം, അന്യായമായി തടങ്കിൽ വയ്ക്കൽ എന്നീ കുറ്റങ്ങൾ ദീപക്കിനെതിരേ റിമാൻഡ് റിപ്പോർട്ടിലുണ്ട്.
പോലീസ് സബ് ഇൻസ്പെക്ടർ എന്ന നിലയിൽ ഉന്നത സ്വാധീനമുള്ള ദീപക്കിനെ ജാമ്യത്തിൽ വിട്ടാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും കൂടുതൽ ചോദ്യം ചെയ്യാനും ശാത്രീയ തെളിവുകൾ ശേഖരിക്കാനും കസ്റ്റഡിയിൽ ലഭിക്കണമെന്നുമുള്ള പോലീസിന്റെ അപേക്ഷയുടെ അടിസ്ഥാനത്തിലാണു റിമാൻഡ് ചെയ്തത്. വീടാക്രമണക്കേസിൽ കസ്റ്റഡിയിലായ ശ്രീജിത്തിനെയും മറ്റു പ്രതികളെയും ദീപക്ക് അതിക്രൂരമായി മർദിച്ചെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ഏപ്രിൽ അഞ്ചിനും ആറിനും അവധിയിലായിരുന്ന എസ്ഐ ദീപക് ആറിന് അക്രമസംഭവങ്ങളെപ്പറ്റി അറിവ് ലഭിച്ചതോടെ നെടുമങ്ങാട്ടുനിന്നു പുലർച്ചെ ഒന്നരയോടെ വരാപ്പുഴ സ്റ്റേഷനിലെത്തുകയായിരുന്നു. ആർടിഎഫ് അംഗങ്ങൾ കസ്റ്റഡിയിലെടുത്തു മർദിച്ച് അവശനാക്കി കൊണ്ടുവന്ന ശ്രീജിത്തിനെ ദീപക് ലോക്കപ്പിനകത്തു വച്ചു മർദിച്ചതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
ശ്രീജിത്തിനൊപ്പം കസ്റ്റഡിയിലെടുത്ത സജിത്ത്, നിഥിൻ ഗോപൻ, ടി.വി. വിനു എന്നിവരാണു ശ്രീജിത്തിനെ എസ്ഐ മർദിച്ചെന്ന മൊഴി പോലീസിനു നൽകിയത്. പ്രതികളെ ചവിട്ടുകയും ഇടിക്കുകയും ചെയ്ത എസ്ഐ രാത്രി വളരെദൂരം വണ്ടിയോടിച്ചു വന്നതിന്റെ അമർഷം മുഴുവൻ തീർത്തതായാണു സൂചന. ശ്രീജിത്തിന്റെയും മറ്റു രണ്ടു പ്രതികളുടെയും മെഡിക്കൽ റിപ്പോർട്ടുകളും മർദനം ശരിവയ്ക്കുന്നു.
എസ്ഐ മർദിച്ച സ്ഥലങ്ങളെന്നു പ്രതികൾ വ്യക്തമാക്കിയ ഭാഗങ്ങളിൽ നടത്തിയ ശാസ്ത്രീയ പരിശോധനയാണ് എസ്ഐയെ പ്രധാനമായും കുടുക്കിയത്. ശ്രീജിത്തിന്റെ ശരീരത്തിൽ കണ്ടെത്തിയ മർദനവും ചില പാടുകളും മറ്റു രണ്ടു പ്രതികളുടെ ദേഹത്തും കണ്ടെത്താനായി. ശാസ്ത്രീയ പരിശോധനയിൽ ഇത്തരത്തിൽ ആക്രമിച്ചത് ഒരാൾതന്നെയാണെന്നു വ്യക്തമായതോടെ എസ്ഐയെ പ്രതി ചേർക്കുകയായിരുന്നു.
വളരെദൂരം യാത്ര ചെയ്തു വന്നതിന്റെ ദേഷ്യം ശ്രീജിത്തിന്റെ വീട്ടുകാരോട് അടക്കം പ്രകടിപ്പിച്ചെങ്കിലും മർദനം നടത്തിയില്ലെന്നുള്ള ദീപക്കിന്റെ മൊഴി അന്വേഷണസംഘം വിശ്വാസത്തിലെടുത്തില്ല. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ടു പറവൂർ സിഐ ക്രിസ്പിൻ സാമിനെ അറസ്റ്റ് ചെയ്യില്ലെന്നാണു ലഭിക്കുന്ന വിവരം. ശ്രീജിത്തിനെ നേരിട്ടു കണ്ടിട്ടില്ലാത്ത സിഐ അറസ്റ്റ് രേഖപ്പെടുത്തുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നാണു കണ്ടെത്തൽ.
ആറിനു രാത്രി പത്തരയോടെയാണ് ആർടിഎഫ് ഉദ്യോഗസ്ഥർ ശ്രീജിത്തിനെ വീട്ടിൽനിന്നു കസ്റ്റഡിയിലെടുത്തത്. 11ഓടെ സ്റ്റേഷനിലെത്തിച്ചതായാണു നിഗമനം. എന്നാൽ ശ്രീജിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതാകട്ടെ ഏഴിനു രാവിലെ ഒന്പതരയോടെ മാത്രം. ഇതാണു കേസിൽ സിഐയെ കുരുക്കുന്നത്.
ഇത്രയും മണിക്കൂറുകൾ അറസ്റ്റ് വൈകിപ്പിക്കാനുള്ള കാരണം അന്വേഷണ സംഘം ചോദിച്ചറിയും. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി സിഐയെ സർവീസിൽനിന്നു നേരത്തേ സസ്പെൻഡ് ചെയ്തിരുന്നു. ഇദ്ദേഹത്തെ ഉൾപ്പെടെ സസ്പെൻഷനിൽ കഴിയുന്ന മറ്റു പോലീസുകാരെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും.