നെടുമങ്ങാട്: കൊലക്കേസ് പ്രതികളെ പിടികൂടാനെത്തിയ പോലീസിന് നേരെ ഗുണ്ടാ ആക്രമണം. ആക്രമണത്തിൽ എസ്ഐയുടെ കൈ ഒടിഞ്ഞു. നെടുമങ്ങാട് സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്ഐ സുനിൽ ഗോപിയാണ് ആക്രമണത്തിനിരയായത്.
കഴിഞ്ഞ ദിവസം വൈകുന്നേരം കരകുളം മുല്ലശേരി തോപ്പിൽ ഭാഗത്താണ് സംഭവം. പൊതുസ്ഥലത്ത് ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷം നാട്ടുകാരെ വടിവാൾ വീശി ഭീഷണിപ്പെടുത്തിയ സംഘത്തെ പിടികൂടാനാണ് നെടുമങ്ങാട് പോലീസ് എത്തിയത്.
അറസ്റ്റ് ചെയ്യുന്നതിനിടെ എസ്ഐയെ ആക്രമിച്ചു പരിക്കേൽപ്പിച്ച് രക്ഷപ്പെട്ട അഞ്ചംഗ ക്രിമിനൽ സംഘത്തെ മിനിറ്റുകൾക്കുള്ളിൽ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
കൊലപാതക കേസുകളിൽ ഉൾപ്പടെ പ്രതികളായ ഷൈജു,രാഹുൽ, അനുരാഗ്, ആദർശ്, വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്.
ഗുണ്ടാസംഘം ബോംബെറിഞ്ഞ് ഭീഷണിപ്പെടുത്തുന്നുവെന്ന് ഫോൺ വന്നതിനെ തുടർന്നാണ് പോലീസ് സംഘം മുല്ലശേരിയിലേക്ക് പുറപ്പെട്ടത്.
പോലീസിനെ കണ്ട് ആദ്യം നിശ്ശബ്ദമായെങ്കിലും കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ എസ്ഐയെ മർദിച്ച് വീഴ്ത്തുകയായിരുന്നു. സംഘട്ടനത്തിനിടയിൽ രണ്ടു പേരെ എസ്ഐ സ്ഥലത്തുതന്നെ കീഴ്പ്പെടുത്തി.
രക്ഷപ്പെട്ട മൂന്നുപേരെയും നെടുമങ്ങാട് ഡിവൈഎസ്പി അനിൽകുമാറും സ്റ്റേഷൻ ഓഫീസർ രാജേഷ്കുമാറും നേരിട്ടെത്തി മിനിറ്റുകൾക്കുള്ളിൽ പിടികൂടുകയായിരുന്നു.
സംഭവ സ്ഥലത്ത് നിന്ന് മാറി ചില കോളനികളിൽ ഒളിവിൽ കഴിയവെയാണ് പോലീസ് പിന്തുടർന്ന് എത്തി പിടികൂടിയത്. അറസ്റ്റിലായ അഞ്ച് പേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.