ചവറ: എഎസ്ഐയുടെ വീട് ആക്രമിച്ച കേസിൽ മൂന്നുപേർ പിടിയിൽ. കാവനാട് മുക്കാട് ഡാനിഷ് ഭവനിൽ ഡാനിഷ് ജോർജ് (34), ചവറ മുകുന്ദപുരം പുത്തൻകാവിൽ കിഴക്കതിൽ പ്രമോദ് (24), പന്മന ചിറ്റൂർ മൈക്കാത്തറ പടിഞ്ഞാറ്റതിൽ മനു (34) എന്നിവരെയാണ് തെക്കുംഭാഗം സിഐ മുഹമ്മദ് ഖാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പുലർച്ചെയോടെ അറസ്റ്റുചെയ്തത്. പ്രധാന പ്രതി കൊച്ചനി ഉൾപ്പടെയുള്ളവർ ഒളിവിലാണ്.
പിടിയിലായവൾ നിരവധി കേസുകളിൽ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. ചവറ പോലീസ് സ്റ്റേഷനിലെ എഎസ്ഐ വിനോദിന്റെ ചവറ തെക്കുംഭാഗം വടക്കുംഭാഗത്തെ വീട്ടിലെത്തിയാണ് അതിക്രമം കാട്ടിയത്. ഇന്നലെ രാത്രി ഏഴോടെയായിരുന്നു സംഭവം. കാറിലെത്തിയ ആറംഗ സംഘം മാരകായുധങ്ങളുമായി എത്തി ഭീഷണി മുഴക്കുകയായിരുന്നു. ഈ സമയം വിനോദിന്റെ ഭാര്യയും അമ്മയും കുട്ടികളും മാത്രമേ വീട്ടിലുണ്ടായിരുന്നുളളു.
വീട്ടില്‍ അതിക്രമിച്ച് കടന്ന സംഘം വീടിന്റെ ഭിത്തിയില്‍ വാളു കൊണ്ട് വെട്ടുകയും കസേരകള്‍ അടിച്ച് തകര്‍ക്കുകയും ചെയ്തു എന്ന് കാണിച്ച് ആണ് വിനോദിന്റെ ഭാര്യ ചവറ തെക്കുംഭാഗം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അക്രമണത്തിന് തൊട്ടു മുമ്പ് ചവറ സ്വദേശി കൊച്ചനി വിനോദിന്റെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് പറഞ്ഞു.