തിരുവനന്തപുരം: ഡിജിപി, എഡിജിപി, ഐജി എന്നിവരുടെ വ്യാജ ലെറ്റർ പാഡ് ഉപയോഗിച്ചു തട്ടിപ്പും പണപ്പിരിവും നടത്തിയ പോലീസ് ആസ്ഥാനത്തെ എസ്ഐക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം.
സംസ്ഥാന പോലീസ് മേധാവി, എഡിജിപി, ഐജി എന്നിവരുടെ വ്യാജ ലെറ്റർ പാഡും ഒപ്പും സീലും മറ്റും ഉപയോഗിച്ച് സർട്ടിഫിക്കറ്റുകൾ നിർമിച്ച സംഭവത്തിൽ പോലീസ് ആസ്ഥാനത്തെ ജനമൈത്രി സുരക്ഷാ പദ്ധതി കോ- ഓർഡിനേറ്ററും എസ്ഐയുമായ ജേക്കബ് സൈമണിനെതിരേയാണ് ക്രൈംബ്രാഞ്ച് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.
എസ്ഐയുടെ പോലീസ് ആസ്ഥാനത്തെ ഓഫീസിലും കരുനാഗപ്പള്ളിയിലെ വീട്ടിലും നടന്ന റെയ്ഡിൽ ലെറ്റർ ഹെഡുകളും വ്യാജ സീലും ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ യൂണിഫോമും കണ്ടെത്തി. ഇതണിഞ്ഞുള്ള ഫോട്ടോയും ഉദ്യോഗസ്ഥർക്ക് ലഭിച്ചു.
വ്യാജ രേഖകൾ ഉപയോഗിച്ച് ഗുഡ് സർവീസ് സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കുകയും ഉയർന്ന ഉദ്യോഗസ്ഥരുടെ പേരിൽ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന ഇന്റലിജന്റ്സ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇയാളും വീട്ടിലും പോലീസ് ആസ്ഥാനത്തെ ഓഫീസിലും അതീവ രഹസ്യമായി ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തിയത്.
പരിശോധനയ്ക്ക് മുന്‍പുതന്നെ ജേക്കബ് സൈമണ്‍ വീട്ടിൽ നിന്ന് മുങ്ങിയതായാണ് വിവരം. നേരത്തെ പോലീസ് ആസ്ഥാനത്തെ ഇൻഫർമേഷൻ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ജേക്കബ് സൈമണ്‍ ഡെപ്യൂട്ടി ഡയറക്ടറുടെ വ്യാജ തിരിച്ചറിയിൽ കാർഡുണ്ടാക്കി മറ്റിടങ്ങളിലെ പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായും കണ്ടെത്തി.
പലരെയും ഭീഷണിപ്പെടുത്തി പണം വാങ്ങാൻ ശ്രമിച്ചതിന് പിന്നാലെയാണ് ജേക്കബ് സൈമണിനെതിരേ ഇന്റലിജന്റ്സ് വിഭാഗം പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയത്. തുടർന്നായിരുന്നു ഇയാളുടെ വീട്ടിലും ഓഫീസിലും പരിശോധന നടന്നത്.
നേരത്തെ തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തിൽ ജോലി ചെയ്യവേ മനുഷ്യക്കടത്തിനു കൂട്ടു നിന്നതിന്റെ പേരിൽ ജേക്കബ് സൈമണിനെതിരേ നടപടി സ്വീകരിച്ചിട്ടുണ്ട്.