സ്വന്തം ലേഖകൻ
തിരുവനന്തപുരം: ചെക്ക് പോസ്റ്റിൽ എഎസ്ഐയെ വെടിവച്ചു കൊലപ്പെടുത്തിയ സംഘത്തിലുള്ളവരെപ്പറ്റി കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ തമിഴ്നാട്, കേരള പോലീസിനും ഇന്റലിജൻസിനും നേരത്തെ മുന്നറിയിപ്പു നൽകിയിരുന്നതായും വിവരം. മത തീവ്രവാദ സംഘടനയിൽപ്പെട്ട ആറു പേരെക്കുറിച്ചായിരുന്നു വിവരം നൽകിയത്. ഇതിൽ രണ്ടു പേരെക്കുറിച്ചു വ്യക്തമായ വിവരം നൽകിയപ്പോൾ രണ്ടു പേരെക്കുറിച്ചു വിശദമായി അന്വേഷിക്കാനായിരുന്നു നിർദേശം. ഈ രണ്ടു പേരാണ് കഴിഞ്ഞ രാത്രിയിൽ തമിഴ്നാട് പോലീസിലെ ചെക്ക് പോസ്റ്റ് ഡ്യൂട്ടിലിയുണ്ടായിരുന്ന എഎസ്ഐയെ വെടിവച്ചു കൊന്നതെന്നാണു സൂചന.
തമിഴ്നാട്ടിലെ തീവ്രമതസംഘടനയിലെ അംഗങ്ങൾ കന്യാകുമാരി, തിരുവനന്തപുരം ജില്ലകൾ ലക്ഷ്യം വയ്ക്കുന്നതായിട്ടായിരുന്നു ഐബിയുടെ മുന്നറിയിപ്പ്. ആറുപേരടങ്ങിയ സംഘത്തിലെ നാലുപേരെ കുറിച്ച് വ്യക്തമായ വിവരങ്ങളുണ്ടായിരുന്നുവെങ്കിലും രണ്ടുപേരെക്കുറിച്ച് വിവരങ്ങളില്ലായിരുന്നു. ഇവർ കേരളത്തിലേക്കു കടക്കാനാണു സാധ്യത. ഇതേ തുടർന്നു തമിഴ്നാട് പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങളും ഐബിയുടെ റിപ്പോർട്ടും കേരള പോലീസിനു കൈമാറിയെങ്കിലും കേരള പോലീസ് കാര്യമായ നീക്കം നടത്തിയില്ലെന്നാണു വിവരം.
ഇവരുടെ ചിത്രം ഉൾപ്പടെയുള്ള വിവരങ്ങളെല്ലാം വിവിധ ജില്ലാ പോലീസ് മേധാവിമാർക്കും കൈമാറിയിട്ടുണ്ട്. മാസങ്ങൾക്ക് മുന്പും തീവ്ര സംഘടനകളിൽ പെട്ടവരിൽ ചിലർ തമിഴ്നാട്ടിലേക്ക് കടന്നിട്ടുണ്ടെന്നും അവർ കേരളത്തെയും ലക്ഷ്യം വച്ചേക്കാമെന്നുമുള്ള വിവരം കേന്ദ്ര ഏജൻസികൾ സംസ്ഥാനത്തിന് കൈമാറിയിരുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ കാര്യമായ നിരീക്ഷണവും ആരംഭിച്ചിരുന്നു. കോസ്റ്റൽ പോലീസ് ഉൾപ്പടെയുളളവർ നിരീക്ഷണം നടത്തിയിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം കേരളം-തമിഴ്നാട് അതിർത്തിയിലെ ചെക്ക് പോസ്റ്റിൽ തമിഴ്നാട് പോലീസ് ഉദ്യോഗസ്ഥനെ അക്രമികൾ വെടിവെച്ചു കൊന്നത്.
എ എസ് ഐ വെടിയേറ്റു മരിച്ച സംഭവം : വിവരം നൽകുന്നവർക്ക് പാരിതോഷികം
തിരുവനന്തപുരം: കളിയിക്കാവിളയിൽ തമിഴ്നാട് പോലീസിലെ എഎസ്ഐ വെടിയേറ്റു മരിച്ച സംഭവത്തിൽ കുറ്റവാളികൾ എന്ന് സംശയിക്കുന്നവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ സംസ്ഥാന പോലീസ് മേധാവിയുടെ കണ്ട്രോൾ റൂമിൽ അറിയിക്കാൻ പോലീസ് അഭ്യർഥിച്ചു. ഫോണ് നന്പർ 0471 2722500, 9497900999.
തമിഴ്നാട് നാഗർകോവിൽ സ്വദേശിയായ തൗഫീക്ക്, ഷെമീം എന്നിവരാണ് പ്രതികളെന്ന് സംശയിക്കുന്നവർ. രണ്ടു പേർക്കും 25 നും 30 നും ഇടയ്ക്കാണ് പ്രായം. അഞ്ചര അടിയോളം പൊക്കവും ആനുപാതികമായ വണ്ണവുമുണ്ട്. ഇവരെ പിടികൂടാൻ സഹായകമായ വിവരങ്ങൾ നൽകുന്നവർക്ക് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പാരിതോഷികം പ്രഖ്യാപിച്ചു. വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തുകയില്ലെന്നും അറിയിച്ചിട്ടുണ്ട്.