അഞ്ചല്‍ : ചടയമംഗലത്ത് വാഹന പരിശോധനക്കിടെ ഹെല്‍മറ്റ് ധരിക്കാതെ വന്ന വയോധികനെ മര്‍ദിച്ച സംഭവത്തില്‍ എസ് ഐക്കെതിരെ ശക്തമായ നടപടി വേണമെന്ന് എഐവൈഎഫ് ചടയമംഗലം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
കേരളത്തിലെ ഇടതുപക്ഷ ഗവണ്മെന്റിന്റെ നയങ്ങള്‍ക്കു വിരുദ്ധമായാണ് പലപ്പോഴും കേരളാ പോലീസിലെ ഒരു വിഭാഗം ഇപ്പോഴും പെരുമാറുന്നത്.
സാംസ്കാരിക കേരളത്തിനും ആഭ്യന്തര വകുപ്പിനും ഏറെ നാണക്കേടുണ്ടാക്കുന്ന സംഭവമാണ് ചടയമംഗലം സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്ഐയില് നിന്നും ഉണ്ടായത്. ഹെല്‍മറ്റില്ലാതെ യാത്ര ചെയ്തു എന്ന കാരണത്താലാണ് വൃദ്ധനെ പോലീസ് മര്‍ദ്ദിച്ചത്.
പിഴ പണമായി അടയ്ക്കാനില്ലാത്തതിനാല്‍ കോടതിയില്‍ അടയ്ക്കാമെന്ന് പറഞ്ഞെങ്കിലും പോലീസ് ഇതിന് തയാറായില്ല. പകരം മൊബൈല്‍ ഫോണുകള്‍ ആവശ്യപ്പെടുകയായിരുന്നു.
ഇതിന് തയ്യാറാവാതിരുന്നതുകൊണ്ട് പ്രകോപിതനായാണ് വൃദ്ധനെ കൈയ്യേറ്റം ചെയ്യുകയും വലിച്ചിഴയ്ക്കുകയും ചെയ്തത്. നിയമം പാലിക്കാന്‍ നിയോഗിക്കപ്പെട്ടവരില്‍ നിന്ന് ജനം പ്രതീക്ഷിക്കുന്ന ചില സാമാന്യ മര്യാദകളുണ്ടെന്നും
പോലീസ് യൂണിഫോമിട്ടാല്‍ സര്‍വ സൈന്യാധിപനാവാന് ഇത് രാജ ഭരണമല്ലെന്നും എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് എസ് ഷാനവാസും സെക്രട്ടറി സന്ദീപ് അര്ക്കന്നൂരും പറഞ്ഞു.
കേവലം അന്വേഷണത്തിലും സ്ഥലംമാറ്റത്തിലുമൊതുങ്ങാതെ ക്രിമിനല്‍ കുറ്റത്തിന് കേസ് ചാര്‍ജ് ചെയ്യുകയാണ് വേണ്ടതെന്നും പോലീസ് ഉദ്യോഗസ്ഥനെ സംരക്ഷിക്കാനാണ് തീരുമാനമെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും ഇവര്‍ അറിയിച്ചു