ആ പോലീസ് ഉദ്യോഗസ്ഥയ്ക്ക് വേണമെങ്കിൽ മാറി നിൽക്കാമായിരുന്നു, പക്ഷേ അവരത് ചെയ്തില്ല. അവരുടെ പുണ്യപ്രവർത്തി ജോലിയുടെ ഭാഗമായി അവർ ചെയ്തതാവാം. എന്നാലതിപ്പോൾ രാജ്യം മുഴുവൻ അറിയപ്പെടാൻ ആ ഉദ്യോഗസ്ഥയെ ഇടയാക്കിയിരിക്കുന്നു.
ആന്ധ്രാപ്രദേശിൽ 65കാരന്റെ മൃതദേഹം തോളിലേറ്റി മൂന്ന് കിലോമീറ്റർ ദൂരം സഞ്ചരിച്ച വനിതാ സബ് ഇൻസ്പെക്ടറെ തേടി ഇപ്പോൾ അഭിനന്ദന പ്രവാഹം വന്നുകൊണ്ടേയിരിക്കുന്നു.
കൃഷ്ണ പവാനി എന്നാണ് വനിതാ എസ്ഐയുടെ പേര്.വനത്തിലെ കടുത്ത ചൂട് പോലും അവഗണിച്ചായിരുന്നു പോലീസ് ഉദ്യോഗസ്ഥയുടെ ജീവകാരുണ്യ പ്രവർത്തനം.
പ്രകാശം ജില്ലയിലെ ഹസിപേട്ട് വനത്തിലാണ് സംഭവം. കോണ്‍സ്റ്റബിളിന്റെ സഹായത്തോടെയാണ് വനിതാ എസ്ഐ കൃഷ്ണ പവാനി മൃതദേഹം തോളിലേറ്റി കാട്ടിൽ നിന്ന് പുറത്തേയ്ക്ക് കൊണ്ടുവന്നത്.
വനത്തിൽ മൃതദേഹം കണ്ടതായി നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നാണ് പോലീസ് സംഭവസ്ഥലത്തെത്തിയത്. പോസ്റ്റ്മോർട്ടത്തിനായി വനത്തിൽ നിന്ന് നഗരപ്രദേശത്തെ ആശുപത്രിയിലേക്ക് മൃതദേഹം കൊണ്ടു പോവണമായിരുന്നു.
എന്നാൽ ആരും മൃതദേഹം ചുമക്കാൻ തയാറായില്ല. വനത്തിൽ നിന്ന് ഗ്രാമത്തിലെ റോഡ് വരെയുള്ള മൂന്നു കിലോമീറ്ററാണ് വനിതാ എസ്ഐ മൃതദേഹം തോളിലേറ്റിയത്. തുടർന്ന് ആംബുലൻസിൽ കയറ്റിയ മൃതദേഹം സർക്കാർ ആശുപത്രിയിൽ എത്തിച്ചു.
ദുർഘടം പിടിച്ച പാതയിലൂടെയാണ് ഇവർ കാൽനടയായി മൃതദേഹവും ചുമന്നു നടന്നത്. നാട്ടുകാർക്ക് പുറമേ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും എസ്ഐയുടെ പ്രവൃത്തിയെ അഭിനന്ദിച്ചു.