കല്ലടിക്കോട്: ശ്രദ്ധേയമായ പരിപാടികൾ കാലോചിതമായി സംഘടിപ്പിച്ച് സാധാരണ ജനങ്ങൾക്ക് ആത്മവിശ്വാസവും സുരക്ഷയും നൽകി പ്രതിബദ്ധതയോടെ പ്രവർത്തിച്ച പോലീസുദ്യോഗസ്ഥൻ കല്ലടിക്കോട് എസ്.ഐ മനോജ്.കെ.ഗോപിക്ക് കല്ലടിക്കോട്ടെ പൗരാവലി ഹൃദ്യമായ യാത്രയയപ്പ് നൽകി. ജനമൈത്രി സുരക്ഷാ സമിതി കല്ലടിക്കോട് ദർശന കോളേജിൽ സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിൽ രാഷ്ട്രീയ സാമൂഹ്യ വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ പങ്കെടുത്തു.
കുറ്റകൃത്യങ്ങൾ കുറച്ചുകൊണ്ടുവരുന്ന എസ്.ഐ യെ സ്ഥലം മാറ്റിയതിൽ ജനങ്ങൾക്കിടയിൽവ്യാപക പ്രതിഷേധം ഉയർന്നിരുന്നു. കർത്തവ്യ നിർവഹണത്തിൽ കണിശത പുലർത്തിയ എസ്.ഐ യെ ആറുമാസം പോലും പൂർത്തിയാക്കാൻ അവസരം കൊടുക്കാതെ സ്ഥലം മാറ്റിയ നടപടി അന്യായമാണെന്നു കാണിച്ച് ചിലർ ജില്ല പോലീസ് മേധാവിയെ കണ്ട് പ്രതിഷേധം അറിയിക്കുകയുമുണ്ടായി.
ജനമൈത്രി സമിതി ഒരുക്കിയ യോഗം തച്ചന്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.സുജാത ഉദ്ഘാടനം ചെയ്തു.
ജനമൈത്രി പ്രസിഡന്റ് സമദ് കല്ലടിക്കോട് അധ്യക്ഷനായി. തങ്കച്ചൻ മാത്യൂസ്, ജയപ്രകാശ്, ഐസക് തച്ചന്പാറ എന്നിവർ ആദരിച്ചു.
വ്യത്യസ്ത രാഷ്ട്രീയ പാർട്ടി നേതാക്കളായ കെ.കെ.ചന്ദ്രൻ, ബാലചന്ദ്രൻ, രാധാകൃഷ്ണൻ, ചന്ദ്രകുമാർ, യൂസഫ് പാലക്കൽ,ജോണ് മരങ്ങോലി, സി.കെ.മുഹമ്മദ് മുസ്തഫ, വീരാൻ സാഹിബ്, ലയണ്സ് ക്ലബ് പ്രസിഡന്റ് പ്രമോദ്, ദർശന കോളജ് പ്രിൻസിപ്പൽ രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. ജനമൈത്രി ജോ.സെക്രട്ടറി രാജേഷ് സ്വാഗതവും ജനമൈത്രി സുരക്ഷാ സമിതി സി ആർ ഒ രാജ് നാരായണൻ നന്ദിയും പറഞ്ഞു.