കോട്ടയം: എസ്ഐമാർ സ്ഥലംമാറി പോകുന്നതു പുതിയ കാര്യമല്ല. എന്നാൽ കോട്ടയം ട്രാഫിക് എസ്ഐ മനു വി. നായർ സ്ഥലംമാറി പോകുന്പോൾ സഹപ്രവർത്തകരുടെ കണ്ണ് നിറയുകയാണ്. അത്രയ്ക്കു അടുപ്പമായിരുന്നു മനുവും സഹപ്രവർത്തകരായ പോലീസുകാരും തമ്മിൽ.
ഏവരുടെയും ഹീറോയായ എസ്ഐ മനു വി. നായർക്കു സഹപ്രവർത്തകർ നല്കിയ യാത്രയയപ്പിനൊപ്പം വികാര നിർഭരമായ രീതിയിൽ ഫേസബുക്ക് പോസ്റ്റുമിട്ടതോടെയാണ് സംഭവം വൈറലായത്.
കോട്ടയം ട്രാഫിക് യൂണിറ്റിലെ ഷെമീർ അബൂബക്കർ എന്ന പോലീസ് ഉദ്യോഗസ്ഥനാണ് എല്ലാവർക്കും വേണ്ടി ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. ഫേസ്ബുക്ക് പോസ്റ്റ് വായിക്കുന്ന ഏതൊരാൾക്കും മനസിലാകും മനു വി. നായർ എന്ന എസ്ഐ സഹപ്രവർത്തകർക്ക് എത്രമാത്രം പ്രിയപ്പെട്ട മേലുദ്യോഗസ്ഥനായിരുന്നുവെന്ന്.
കോവിഡ് കാലത്തും മനു വി. നായർ ജോലിയിൽ പുലർത്തിയിരുന്ന കാർക്കശ്യവും അദേഹത്തിനു സഹപ്രവർത്തകരോടുണ്ടായിരുന്ന കരുതലും ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാണ്. കോട്ടയം പള്ളിക്കത്തോട് സ്വദേശിയായ മനു വി. നായർ ഏറ്റുമാനൂരിലേക്കാണ് സ്ഥലം മാറി പോകുന്നത്.
ഫേസബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…
ഒരു എസ്ഐ ട്രാൻസ്ഫർ ആയി പോകുന്പോൾ അവിടുള്ള എല്ലാ പോലീസുകാരുടെയും കണ്ണ് നിറയണമെങ്കിൽ ആ ഓഫീസർ അവർക്ക് അത്ര പ്രിയപ്പെട്ട ആൾ ആയിരിക്കണം. ഒരു എസ്ഐ എങ്ങനെ ആയിരിക്കണം എന്നു തെളിയിച്ച ഓഫീസറാണ് മനു വി. നായർ.
നമുക്ക് ഒരു പ്രശ്നം വന്നാൽ കട്ടക്ക് കൂടെ നിൽക്കുന്ന ഒരു എസ്ഐ, പല പല അനുഭവങ്ങൾ ഞങ്ങൾക്ക് ഉണ്ട്… ട്രാഫിക്കിൽ പലരുമായും വാക്ക് തർക്കം ഉണ്ടാകുന്പോൾ കൃത്യമായി ഇടപെട്ടു പരിഹരിക്കുന്ന ആൾ…
ട്രാഫിക്കിലെ എല്ലാ പോലീസുകാർക്കും ചുരുങ്ങിയത് അത്തരം ഒരനുഭവം എങ്കിലും കാണും… കൃത്യമായ ആവശ്യത്തിന് എത്ര ടൈറ്റ് സമയം ആണെങ്കിലും ലീവ്, അത്യാവശ്യം പെർമിഷൻ. ഇതൊക്കെയാണ് ഒരു പോലീസുകാരന് ആവശ്യവും.
അതുകൊണ്ട് എന്താണ്, പോലീസുകാരും ഓഫീസർമാരും പെറ്റിപിടിക്കാനും തിരക്കൊഴിവാകാനും ആത്മാർഥമായി പരിശ്രമിക്കുന്നു..മനുസാറിനെ മേലുദ്യോഗസ്ഥരിൽ നിന്ന് വഴക്ക് കേൾപ്പിക്കരുത് എന്ന കാര്യത്തിൽ എല്ലാവർക്കും ഒരേ മനസായിരുന്നു.
കോട്ടയത്ത് ട്രാഫിക് പോലീസുകാർക്ക് നല്ല അഭിമാനം ഉണ്ടാക്കി തന്ന എസ്ഐ. എന്നുവെച്ച് സാർ അത്ര പഞ്ച പാവം ഒന്നുമല്ല.. പണി കൊടുക്കേണ്ട ആൾക്ക് പണി കൊടുക്കാൻ ഒരു മടിയും ഇല്ല..
കോട്ടയം ട്രാഫിക്കിൽ നിന്നും ട്രാൻസ്ഫർ ആയി ഏറ്റുമാനൂരിലേക്ക് പോകുന്ന മനു സാറിന് ഒരായിരം ആശംസകൾ…