തിരൂർ: തിരൂരിൽ സിപിഎം മാർച്ചിനിടെ എസ്ഐയെ മർദിച്ച കേസിൽ ഒളിവിലുളള ഡിവൈഎഫ്ഐ പ്രവർത്തകനായി പോലീസ് തെരച്ചിൽ ശക്തമാക്കി. ഡിവൈഎഫ്ഐ പ്രവർത്തകൻ അഭിജിത്തിനെതിരെയാണ് പോലീസ് കേസെടുത്തത്.
സിപിഎമ്മിന്റെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെയാണ് അഡീഷണൽ എസ്ഐ ഗോപാലനെതിരെ ആക്രമണമുണ്ടായത്. എസ്ഐയെ വീണ്ടും ആക്രമിക്കാൻ ഒരുങ്ങിയ യുവാവിനെ നേതാക്കൾ പിടിച്ചുമാറ്റുകയായിരുന്നു. പിന്നീട് സംഭവസ്ഥലത്തുനിന്ന് ഇയാൾ മുങ്ങുകയായിരുന്നു.
പ്രതിക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസെടുത്തത്. മാർച്ച് നടത്തിയവർക്കെതിരെയും തിരൂർ പോലീസ് കേസെടുത്തിട്ടുണ്ട്.മാർച്ചിൽ പ്രതിഷേധക്കാരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായിരുന്നു. ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടും അധികാരത്തിൽ തുടരുന്ന തിരൂർ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി രാജിവയ് ക്കണമെന്നാവശ്യപ്പെട്ടായിരുന്നു സിപിഎം മാർച്ച്.