പരിയാരം: മനസില്‍ അടക്കിപ്പിടിച്ച നൊമ്പരങ്ങള്‍ കടിച്ചമര്‍ത്തി ഒരു യാത്രയയപ്പ്. 34 വര്‍ഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന പരിയാരം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ കെ.എം.രാജനാണു സഹപ്രവര്‍ത്തകര്‍ ഹൃദയവേദന കടിച്ചമര്‍ത്തി യാത്രയയപ്പ് നല്‍കിയത്. 2015 മേയ് 16 ന് മണല്‍ മാഫിയയുടെ അക്രമത്തില്‍ പരിക്കേറ്റു ജീവച്ഛവമായ പരിയാരം പോലീസ് സ്റ്റേഷനിലെ എസ്ഐ രാജന് കിടപ്പിലായിട്ടു മൂന്നുവര്‍ഷവും 15 ദിവസവുമായിരുന്നു.
പരിക്കേറ്റതിനു ശേഷം ഇന്നലെ യാത്രയയപ്പ് ചടങ്ങുകള്‍ക്കു വേണ്ടിയാണു വീണ്ടും അദ്ദേഹം പരിയാരം മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനിലെത്തിയത്. വീട്ടില്‍ നിന്നും പോലീസ് വാഹനത്തില്‍ ഭാര്യയോടും മക്കളോടുമൊപ്പം സ്റ്റേഷനിലെത്തിയ അദ്ദേഹത്തെ സ്വീകരിക്കാന്‍ റിട്ടയര്‍ ചെയ്ത സഹപ്രവര്‍ത്തകരോടൊപ്പം തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലും സ്റ്റേഷനിലെത്തിയിരുന്നു.
പഴയ സഹപ്രവര്‍ത്തകരോട് അവ്യക്തമായവാക്കുകളില് കുശലം പറഞ്ഞ ശേഷമാണ് അദ്ദേഹം സ്റ്റേഷനകത്തേക്കു കയറിയത്. എല്ലാവരുടേയും കൈപിടിച്ചു സ്നേഹാഭിവാദ്യങ്ങള്‍ നേര്‍ന്നാണു യാത്രയയപ്പ് വേദിയായ പരിയാരം മെഡിക്കല്‍ കോളജ് പബ്ലിക് സ്കൂളിലെത്തിയത്.
ടി.വി.രാജേഷ് എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജൂണ്‍ നാലിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ തന്നെ ഡ്യൂട്ടിക്കിടയിലെ ആക്രമങ്ങളില്‍ പരിക്കേറ്റ് അവശനിലയില്‍ കഴിയുന്ന പോലീസുകാരുടെ ഏറ്റവുമടുത്ത ബന്ധുക്കള്‍ക്കു സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭ്യമാക്കാനാവശ്യമായ നിയമഭേദഗതിക്കായി സമ്മര്‍ദം ചെലുത്തുമെന്ന് എംഎല്‍എ പറഞ്ഞു.
തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. പരിയാരം എസ്ഐ വി.ആര്.വിനീഷ്, പോലീസ് ഓഫീസേഴ്സ് അസോസിയേഷന് സെക്രട്ടറി പി.രമേശന്, പോലീസ് അസോസിയേഷന് പ്രസിഡന്റ് പി.വി.രാജേഷ്, കെ.പ്രിയേഷ്, എസ്.കെ.പ്രജീഷ്, രാഘവന് കടന്നപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു. കെ.എം.രാജന് മറുപടി പ്രസംഗം നടത്തി. പോലീസുകാരുടെ ഉപഹാരം ടി.വി.രാജേഷ് എംഎല്‍എ കെ.എം.രാജനു കൈമാറി.