കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ നഴ്സിന്റെ വേഷം ധരിച്ചെത്തിയ യുവതി തട്ടിയെടുത്ത നവജാത ശിശുവിനെ ഒരു മണിക്കൂറിനുള്ളിൽ കണ്ടെത്തി അമ്മയ്ക്കു കൈമാറിയ ഗാന്ധിനഗർ എസ്ഐ ടി.എസ്. റെനീഷിനു സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹം.
സംഭവത്തിനുശേഷം സ്റ്റേഷനിൽ എത്തിയ റെനീഷിന്റെ ഫോണിനു വിശ്രമമുണ്ടായിരുന്നില്ല. വിവിധ ജില്ലകളിൽ നിന്നും നിരവധിപേരാണ് നേരിട്ടു വിളിച്ചു അഭിനന്ദനം അറിയിച്ചത്.
ടി.എസ്. റെനീഷ് കുഞ്ഞുമായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു എത്തുന്പോൾ അവിടെയുണ്ടായിരുന്നവർ കയ്യടികളോടെയും സല്യൂട്ട് നല്കിയും സ്വീകരിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ മിനിറ്റുകൾക്കുള്ളിൽ വൈറലായി. പലരും ബിഗ് സല്ല്യൂട്ട് എന്ന് വിളിച്ചു പറയുന്നതും വീഡിയോയിൽ കേൾക്കാം.
നുറൂകണക്കിന് ആളുകളാണ് ഈ വീഡിയോ ഷെയർ ചെയ്തത്. നിരവധി പോലീസ് ഉദ്യോഗസ്ഥരുടെ വാട്സ് ആപ്പ് സ്റ്റാറ്റസും ഇന്നലെ ഈ വീഡിയോ ആയിരുന്നു. പോലീസ് മീഡിയ സെല്ലിന്റെ ഒൗദ്യോഗിക ഫേസ്ബുക്ക് പേജിലും ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.
ഒരു മണിക്കൂറിനുള്ളിൽ കാണാതായ പിഞ്ചു കുഞ്ഞിനെ കണ്ടെത്തി തിരികെ എത്തിച്ച കേരള പോലീസിനു ജനങ്ങൾ നല്കിയ ട്രോഫിയായിരുന്നു ആർപ്പുവിളികളും കയ്യടികളും.
ഒരു നിമിഷംപോലും പാഴാക്കിയില്ല
എതാനും ദിവസങ്ങൾക്കു മുന്പാണ് എസ്ഐ ടി.എസ്. റെനീഷ് ഏറ്റുമാനൂർ സ്റ്റേഷനിൽ നിന്നും ഗാന്ധിനഗർ സ്റ്റേഷനിലേക്ക് സ്ഥലംമാറി എത്തിയത്. നാളുകൾക്കു മുന്പു ഗാന്ധിനഗർ സ്റ്റേഷനിൽ ജോലി ചെയ്തിട്ടുള്ള റെനീഷിനു മെഡിക്കൽ കോളജും പരിസര പ്രദേശങ്ങളും പരിചിതമാണ്.
സംഭവമറിഞ്ഞതോടെ ഒരുനിമിഷം പോലും പാഴാക്കാതെ അമ്മയുടെ അടുത്തെത്തി കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ ആളുകളുടെ ഏകദേശ രൂപം ചോദിച്ചു മനസിലാക്കുകയായിരുന്നു. തുടർന്നു സ്റ്റേഷനിലെ മുഴുവൻ പോലീസുകാരെയും പല സംഘങ്ങളായി തിരിച്ചു വിവിധ സ്ഥലങ്ങളിലേക്കു അന്വേഷണത്തിനായി പറഞ്ഞയച്ചു.
ബസ് സ്റ്റാൻഡുകൾ, ഹോട്ടലുകൾ, കടകൾ തുടങ്ങിയ സ്ഥലങ്ങളിലെത്തി പോലീസ് വിവരങ്ങൾ തിരക്കി. ഈ സമയത്താണ് കുഞ്ഞുമായി ഒരു യുവതി ഹോട്ടലിൽ ഉണ്ടെന്ന വിവരം ലഭിച്ചത്.
ഇതോടെ ഹോട്ടലിൽ എത്തി യുവതിയെ പിടികൂടുകയായിരുന്നു. ഉടൻ തന്നെ പിഞ്ചു കുഞ്ഞിനെ അമ്മയുടെ അടുത്തേക്ക് എത്തിക്കുകയും ചെയ്തു. കഞ്ചാവ് മയക്കുമരുന്ന് സംഘങ്ങളെ പിടികൂടുന്നതിലും അതീവ ജാഗ്രത പുലർത്തുന്നയാളാണ് എസ്ഐ ടി.എസ്. റെനീഷ്.
ഇന്നലെ വൈകുന്നേരം മുതൽ താൻ അറിയുക പോലുമില്ലാത്ത നിരവധി പേരാണ് ഫോണിൽ വിളിച്ചു സന്തോഷം പങ്കുവയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
തിരക്കുകൾ കാരണം എല്ലാവരുടെയും ഫോണ് എടുക്കാൻ പോലും സാധിച്ചിട്ടില്ല. പിഞ്ചുകുഞ്ഞിനെ അമ്മയുടെ അടുക്കൽ എത്തിച്ചപ്പോൾ അവരുടെ മുഖത്തുണ്ടായ സന്തോഷം ഒരിക്കലും മറക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.