ഗാന്ധിനഗർ: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ അറസ്റ്റിലായ എസ്ഐ സാബുവിനെ ജയിലിൽ കിടത്താതിരിക്കാൻ പോലീസിന്റെ നാടകം. മെഡിക്കൽ കോളജിൽനിന്ന് ഡിസ്ചാർജ് ചെയ്ത എസ്ഐയെ പല കാരണങ്ങൾ പറഞ്ഞ് വീണ്ടും അഡ്മിറ്റു ചെയ്യാൻ ശ്രമിച്ചെങ്കിലും ഡോക്ടർമാരുടെ കർശന നടപടിയെ തുടർന്ന് എസ്ഐയെ രാത്രി വൈകി ജയിലിലേക്ക് കൊണ്ടുപോയി.
കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും പോലീസും ചേർന്ന് നടത്തിയ നാടകം ഒടുവിൽ പൊളിഞ്ഞതോടെയാണ് എസ്ഐ സാബുവിനെ ദേവികുളം സബ് ജയിലിലേക്ക് മാറ്റിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിന് ഡിസ്ചാർജ് ചെയ്ത എസ്ഐയെ രാത്രി 11 മണിക്കു ശേഷമാണ് മെഡിക്കൽ കോളജിൽനിന്ന് കൊണ്ടുപോയത്.
അതുവരെ പല കാരണങ്ങൾ നിരത്തി പോലീസ് എസ്ഐയെ ആശുപത്രിയിൽ കിടത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ചൊവ്വാഴ്ച രാത്രി ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്ത എസ്ഐ സാബുവിനെ ബുധനാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തിയപ്പോൾ കുഴഞ്ഞു വീഴുകയും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കാർഡിയോളജി വിഭാഗത്തിലെ നിരീക്ഷണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
പരിശോധനകളിൽ ഹൃദയ സംബന്ധമായ അസുഖമില്ലാത്തതിനാൽ വ്യാഴാഴ്ച രാവിലെ മെഡിസിൻ വിഭാഗത്തിലേക്ക് ശിപാർശ ചെയ്തു. എന്നാൽ മെഡിസിൻ ജനറൽ വിഭാഗത്തിലെ വാർഡിൽ കിടക്കുന്നതിനുള്ള ബുദ്ധിമുട്ട് ക്രൈംബ്രാഞ്ച് സംഘം അറിയിച്ചതിനാൽ അവർ വീണ്ടും കാർഡിയോളജി വിഭാഗത്തിലേക്ക് തന്നെ ചികിത്സ നൽകുവാൻ നിർദേശിച്ചു.
എന്നാൽ ഹൃദയ സംബന്ധമായ രോഗമില്ലാത്തയാളെ കാർഡിയോളജിയിൽ അഡ്മിറ്റ് ചെയ്താൽ ഹൃദ്രോഗികളെ ചികിത്സിക്കുവാൻ ബുദ്ധിമുട്ടാകുമെന്നതിനാൽ രോഗമില്ലാത്തയാളെ ഇവിടെ പ്രവേശിപ്പിക്കുവാൻ സാധ്യമല്ലെന്ന് കാർഡിയോളജി ഡോക്ടർമാർ അറിയിച്ചു. ഇതോടെ രണ്ടു മണിക്ക് സാബുവിനെ ഡിസ്ചാർജ് ചെയ്തു.
ഇതിനിടയിൽ ഏറ്റുമാനൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എത്തി സാബുവിനെ പീരുമേട് സബ് ജയിലിലേക്ക് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എന്നാൽ സാങ്കേതിക തടസം ഉന്നയിച്ച് സാബുവിനെ ഹൃദ്രോഗവിഭാഗത്തിൽ നിന്ന് മാറ്റുവാൻ ക്രൈംബ്രാഞ്ച് പോലീസ് തയാറായില്ല.
രോഗമില്ലാത്തയാളെ കാർഡിയോളജി വിഭാഗത്തിൽ കിടത്താൻ കഴിയില്ലെന്നും അതിനാൽ ഉടൻ മാറ്റണമെന്ന് വീണ്ടും ഡോക്ടർമാർ അറിയിച്ചു. എന്നിട്ടും സാബുവിനെ കൊണ്ടുപോകാൻ പോലീസ് തയാറായില്ല. പീരുമേട് ജയിൽ സൂപ്രണ്ടുമായി ബന്ധപ്പെടുവാൻ മണിക്കൂറുകൾ ശ്രമിച്ചെങ്കിലും സാധിക്കുന്നില്ലെന്നാണ് ക്രൈംബ്രാഞ്ച് സിഐ പറഞ്ഞത്.
ഈ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട മറ്റു പ്രതികൾ പീരുമേട് സബ് ജയിലിൽ കഴിയുന്നതിനാൽ സാബുവിനെ അങ്ങോട്ടു വിടാതെ ദേവികുളം സബ് ജയിലിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടി സ്വീകരിക്കുന്നതു കൊണ്ടാണ് താമസം നേരിടുന്നതെന്നാണ് പോലീസ് അറിയിച്ചത്. മണിക്കൂറുകൾ പിന്നിട്ടിട്ടും പല കാരണങ്ങൾ പറഞ്ഞ് സാബുവിനെ ജയിലിലേക്ക് മാറ്റാതിരിക്കാനായിരുന്നു പോലീസിന്റെ ശ്രമം. എന്നാൽ മെഡിക്കൽ കോളജ് ആശുപത്രി അധികൃതരുടെ കർശന നിലപാട് മൂലം ഒടുവിൽ അന്വേഷണ സംഘത്തിന് എസ്ഐയെ ജയിലിലേക്ക് കൊണ്ടുപോകേണ്ടി വന്നു.