ഗാന്ധിനഗർ: നെടുങ്കണ്ടം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എസ്ഐ കെ.എ. സാബു(46)വിന് ഹൃദ്രോഗം സംബന്ധിച്ച അസുഖമൊന്നുമില്ലെന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ വ്യക്തമായി. ഇതേ തുടർന്ന് എസ് ഐയെ മെഡിസിൻ വിഭാഗത്തിലേക്ക് മാറ്റി. മെഡിസിൻ വിഭാഗത്തിൽ നടത്തുന്ന പരിശോധനയിലും പ്രശ്നമൊന്നുമില്ലെങ്കിൽ ഡിസ്ചാർജ് ചെയ്തേക്കുമെന്നാണ് സൂചന.
ഇന്നലെ ഉച്ചകഴിഞ്ഞ് 2.30നാണ് എസ്ഐയെ മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ഇസിജിയിൽ നേരിയ വേരിയേഷൻ കണ്ടതിനെ തുടർന്ന് ഹൃദ്രോഗ വിഭാഗത്തിലെ മൂന്നാം തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് വിശദമായ പരിശോധന നടത്തിയ ശേഷമാണ് കുഴപ്പമൊന്നുമില്ലെന്ന് കണ്ടെത്തിയത്.
അതേ സമയം എസ്ഐയെ ഹൃദ്രോഗ വിഭാഗത്തിൽ നിന്ന് മാറ്റരുതെന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഡോക്ടർമാരോട് പറഞ്ഞിരുന്നു. ഇത നിരാകരിച്ചാണ് മെഡിസിൻ വിഭാഗത്തിലേക്ക് മാറ്റിയത്.മെഡിസിൻ വിഭാഗത്തിൽ കിടന്നാൽ മാധ്യമ പ്രവർത്തകരുടെ ശല്യമുണ്ടാകുമെന്നു കണ്ടാണ് ക്രൈംബ്രാഞ്ച് നിർദേശമെന്നു പറയുന്നു.
വാഗമണ്‍ കോലാഹലമേട് കസ്തൂരി ഭവനിൽ രാജ്കുമാർ (50) കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ നെടുങ്കണ്ടം എസ്ഐ സാബുവിനെയും സിപിഒ സജിവിനെയുമാണ് ഇന്നലെ അറസ്റ്റു ചെയ്തത്. അറസ്റ്റു ചെയ്യുകയാണെന്ന് എസ്ഐയോട് പറഞ്ഞപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു.
നെടങ്കണ്ടത്ത് സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഇസിജിയിൽ നേരിയ വേരിയേഷൻ കണ്ടതോടെയാണ് കോട്ടയം മെഡിക്കൽ കോളജിലേക്ക് പറഞ്ഞയച്ചത്.