സ്വന്തം ലേഖിക
കൊച്ചി: എസ്ഐ സരള നിറഞ്ഞ സന്തോഷത്തിലാണ്. എറണാകുളം നഗരമധ്യത്തിലുള്ള മംഗളവനത്തില്‍ സരള നട്ട ചെത്തികള്‍ പൂത്ത് തളിര്‍ത്തു നില്ക്കുന്ന കാഴ്ച നയനമനോഹരമാണ്.
എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടറാണ് എം.ആര്. സരള. ഒരു ചെടി നട്ടാല്‍ അതില്‍ സമര്‍പ്പണം ഉണ്ടെന്നുള്ള സരളയുടെ അമ്മയുടെ വാക്കുകളാണ് ഈ പ്രകൃതി സ്നേഹത്തിനു കാരണം.
രാവിലെ ഡ്യൂട്ടി ഇല്ലാത്ത സമയങ്ങളിലെല്ലാം എസ്ഐ സരള മംഗളവനത്തില്‍ നടക്കാന്‍ പോകാറുണ്ട്. അങ്ങനെ 2014 ജൂണ്‍ അഞ്ചിനാണ് സരള ആദ്യമായി മംഗളവനത്തില്‍ ചെത്തിനട്ടത്.
ഓഷ്യനോഗ്രഫി ഓഫീസില്‍നിന്ന് ചെത്തിക്കൊമ്പുകള് വാങ്ങിയാണ് പരിസ്ഥിതിദിനത്തില്‍ നട്ടത്. അത് നന്നായി വളര്‍ന്നു. മംഗളവനത്തിലെ ജീവനക്കാര്‍ ചെടി പരിപാലിക്കുകയുണ്ടായി.
തുടര്‍ന്ന് ഓരോ പരിസ്ഥിതി ദിനത്തിലും സരള ചെത്തിത്തൈകള് മംഗളവനത്തില്‍ നടാന്‍ തുടങ്ങി. സരള നട്ട അറുപതിലധികം ചെത്തിത്തൈകളാണ് ഇപ്പോള്‍ ഇവിടെ പൂവിട്ടു നില്‍ക്കുന്നത്.
എക്സ് സര്‍വീസുകാരനായ സജിമോനാണ് സരളയുടെ ഭര്‍ത്താവ്. സുധിമോളും സാരംഗിയുമാണ് മക്കള്‍.