തിരുവനന്തപുരം: കെവിൻ വധക്കേസിൽ സസ്പെൻഷനിലായിരുന്ന ഗാന്ധിനഗർ എസ്ഐ എം.എസ്.ഷിബുവിനെ സർവീസിൽ തിരിച്ചെടുത്തു. ഔദ്യോഗിക കൃത്യവിലോപത്തിന് പിരിച്ചുവിടാൻ നോട്ടീസ് നൽകിയതിനു ശേഷമാണ് നടപടി. ഐജി വിജയ് സാഖറെയ്ക്കു നൽകിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ ഷിബുവിനെ തിരിച്ചെടുക്കാൻ തീരുമാനിക്കുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് എഎസ്ഐ ടി.എം. ബിജുവിനെ സർവീസിൽനിന്നും പിരിച്ചുവിട്ടിരുന്നു. സിപിഒ എം.എന്‍. അജയകുമാറിന്റെ ശമ്പളവർധന തടയുകയും സ്ഥലംമാറ്റുകയും ചെയ്തു. ഷിബുവിനെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ഇതിനു നൽകിയ മറുപടി അംഗീകരിച്ചാണ് ഷിബുവിനെ സർവീസിൽ തിരിച്ചെടുക്കാൻ തീരുമാനിച്ചത്.
കെവിന്റെ മരണത്തിന് കാരണമായത് അന്വേഷണത്തില്‍ എസ്ഐ ഷിബു വരുത്തിയ ഗുരുതര വീഴ്ചയാണെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരുന്നു. പുലര്‍ച്ചെ വീട് ആക്രമിച്ച് കെവിനെയും ബന്ധുവിനെയും തട്ടിക്കൊണ്ടുപോയ വിവരം അറിഞ്ഞിട്ടും കേസ് എടുക്കാനോ അന്വേഷിക്കാനോ ഷിബു തയാറായില്ല. കെവിന്റെ ഭാര്യ നീനുവും പിതാവും സ്റ്റേഷനിലെത്തി പരാതി പറഞ്ഞിട്ടും അവഗണിച്ചു.
അക്രമിസംഘം വിട്ടയച്ച അനീഷിന്റെ മൊഴിയില്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തെങ്കിലും അന്വേഷണം വൈകിപ്പിച്ചു. മുഖ്യമന്ത്രിയുടെ സുരക്ഷചുമതലയുണ്ടെന്ന കാരണം പറഞ്ഞായിരുന്നു അന്വേഷണം വൈകിപ്പിച്ചത്. കേസിലെ മുഖ്യപ്രതിയില്‍ നിന്ന് കൈക്കൂലി വാങ്ങിയതാണ് എഎസ്ഐ ടി.എം.ബിജു, സിപിഒ എം.എന്‍. അജയകുമാര്‍ എന്നിവര്‍ക്കെതിരായ നടപടിക്ക് കാരണം.
മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് കെവിന്റെ കുടുംബം
കോട്ടയം: കെവിൻ വധക്കേസിൽ സസ്പെൻഷനിലായിരുന്ന ഗാന്ധിനഗർ എസ്ഐ എം.എസ്.ഷിബുവിനെ സർവീസിൽ തിരിച്ചെടുത്തതിനെതിരെ കെവിന്റെ കുടുംബം. എസ്ഐ ഷിബുവിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു പരാതി നൽകും. തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെടുമെന്നും കെവിന്റെ കുടുംബം അറിയിച്ചു.
ഗാന്ധിനഗർ എസ്ഐ ആയിരുന്ന എം.എസ്.ഷിബുവിനെ തിരിച്ചെടുക്കാൻ ഐജി ചൊവ്വാഴ്ചയാണ് ഉത്തരവിറക്കിയത്. ഔദ്യോഗിക കൃത്യവിലോപത്തിന് പിരിച്ചുവിടാൻ നോട്ടീസ് നൽകിയതിനു ശേഷമായിരുന്നു നടപടി. ഐജി വിജയ് സാഖറെയ്ക്കു നൽകിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ ഷിബുവിനെ തിരിച്ചെടുക്കാൻ തീരുമാനിക്കുകയായിരുന്നു.
കെവിന്റെ മരണത്തിന് കാരണമായത് അന്വേഷണത്തില്‍ എസ്ഐ ഷിബു വരുത്തിയ ഗുരുതര വീഴ്ചയാണെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരുന്നു. കെവിനെയും ബന്ധുവിനെയും തട്ടിക്കൊണ്ടുപോയ വിവരം അറിഞ്ഞിട്ടും കേസ് എടുക്കാനോ അന്വേഷിക്കാനോ ഷിബു തയാറായില്ല. അക്രമിസംഘം വിട്ടയച്ച അനീഷിന്റെ മൊഴിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും അന്വേഷണം വൈകിപ്പിച്ചെന്നുമാണ് കണ്ടെത്തിയത്.
കേസുമായി ബന്ധപ്പെട്ട് എഎസ്ഐ ടി.എം. ബിജുവിനെ സർവീസിൽനിന്നും പിരിച്ചുവിട്ടിരുന്നു. സിപിഒ എം.എന്‍. അജയകുമാറിന്റെ ശമ്പളവർധന തടയുകയും സ്ഥലംമാറ്റുകയും ചെയ്തിരുന്നു. കേസിലെ മുഖ്യപ്രതിയില്‍ നിന്ന് കൈക്കൂലി വാങ്ങിയതാണ് ഇവർക്കെതിരായ നടപടിക്ക് കാരണം.