സ്വന്തം ലേഖിക
കണ്ണൂർ: അച്ഛനുണ്ടായിരുന്നെങ്കിൽ ഇന്ന് ഒത്തിരി സന്തോഷമായേനെ… അച്ഛന്റെ ഏറ്റവും വലിയൊരു ആഗ്രഹമായിരുന്നു ഞാൻ സിവിൽ സർവീസ് നേടണം എന്നത്.
എന്നാൽ, ഞങ്ങളെ പോലുള്ള പട്ടികജാതിയിൽപെട്ടവർക്ക് ശരിയായ കോച്ചിംഗ് ഒന്നും ലഭിക്കാറില്ല. അതുകൊണ്ട് തന്നെ സിവിൽ സർവീസ് എന്നത് മോഹം മാത്രമായി ഒതുങ്ങി.
അങ്ങനെ വന്നപ്പോഴാണ് ഒരു യൂണിഫോം ജോലി വാങ്ങണമെന്ന ആഗ്രഹം മനസിൽ കയറി കൂടിയത്. ആഗ്രഹം ഇന്ന് നിറവേറ്റുന്പോൾ ഒത്തിരി സന്തോഷമുണ്ട്… എന്നാൽ അത് കാണാൻ അച്ഛനില്ലല്ലോയെന്നത് ഏറെ സങ്കടമാണ്.
തൃശൂർ പാലപ്പള്ളിയിൽ കാട്ടാനയുടെ കുത്തേറ്റ് മരിച്ച എലിക്കോട് ആദിവാസി കോളനിയിലെ ഉണ്ണിച്ചെക്കന്റെ മകൾ സൗമ്യയുടെ വാക്കുകളാണിത്.
ഇന്നലെ കണ്ണൂർ ഡിഐജി ഓഫീസിൽ സബ് ഇൻസ്പെക്ടറായി ജോയിൻ ചെയ്യാൻ എത്തിയതായിരുന്നു സൗമ്യ. നിറഞ്ഞ പുഞ്ചിരിയോടെയാണ് സൗമ്യ ജോയിൻ ചെയ്യാനായി ഡിഐജിഓഫീസിന്റെ പടികൾ കയറിയത്.
ഒപ്പം കൂട്ടായി ഭർത്താവ് ടി.എസ്. സുബിനും ഉണ്ടായിരുന്നു. 2021 ജനുവരി 28 നാണ് ഉണ്ണിച്ചെക്കൻ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
കഷ്ടപ്പെട്ടായിരുന്നുപഠനം
ചെറുപ്പം മുതൽ പഠിക്കാൻ മിടുക്കിയായിരുന്ന സൗമ്യക്ക് വേണ്ടി കഷ്ടപ്പെട്ടാണ് രക്ഷിതാക്കൾ പഠിക്കാനായി പണം കണ്ടെത്തിയിരുന്നത്.
ആദിവാസിയായത് കൊണ്ട് തന്നെ സ്കൂളുകളിലും കോളജുകളിലെത്തുമ്പോൾ സഹപാഠികളിൽ നിന്ന് തന്നെ ഒത്തിരി കളിയാക്കലുകൾ കേട്ടിരുന്നു.
വിഷമം അച്ഛനോട് വന്ന് പറയുമ്പോൾ ഇതിനുള്ള മറുപടി നീ പഠനത്തിലൂടെ കാണിച്ച് കൊടുക്കണമെന്നാണ് പറയാറ്. അതുകൊണ്ട് തന്നെ വളരെ കഷ്ടപ്പെട്ടു തന്നെ പഠിച്ചു.
സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ സൗമ്യക്ക് പിഎസ്സി വഴിയാണ് പോലീസിൽ സെലക്ഷൻ ലഭിച്ചത്.
പിഎസ് സി ഒരു എക്സാം വിളിച്ചുകഴിഞ്ഞാൽ പട്ടിക വർഗവികസന വകുപ്പിന്റെ കീഴിൽ മൂന്ന് മാസം ക്ലാസുണ്ടാകും. ആ ക്ലാസിന് പോയിരുന്നു.
പിന്നെ പ്രോമിനനൻസ് എന്ന അക്കാദമിയിൽ രണ്ട് മാസം ക്ലാസ് കൂടി. ബാക്കി വീട്ടിൽ സമയം കണ്ടെത്തി സ്വയം പഠിച്ചതാണെന്നും തന്റെ കഠിനാധ്വനത്തിന്റെ ഫലമാണിതെന്നും സൗമ്യ പറഞ്ഞു.
ആഗ്രഹം പട്ടിക ജാതിക്കാരുടെ ഉന്നമനം
പട്ടിക ജാതിയിൽപെട്ട കുട്ടികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കാനാണെനിക്കിഷ്ടം. പിന്നെ ഏത് സ്ഥലത്ത് ജോലി കിട്ടിയാലും വളരെ നന്നായി ചെയ്യാൻ സാധിക്കണമെന്നാണ് പ്രാർത്ഥന.
ഇപ്പോഴും ആദിവാസി ഊരുകളിലും മറ്റും പഠിക്കാൻ ആഗ്രഹമുണ്ടായിട്ടും പഠിക്കാൻ പറ്റാത്ത ഒത്തിരിയാളുകളുണ്ട്. എന്റെ അച്ഛൻ അന്ന് കഷ്ടപെട്ട് പഠിപ്പിച്ചത് പോലെ എല്ലാ മാതാപിതാക്കളും ചെയ്യണമെന്നില്ല.
എന്റെ അടുത്ത് വരുന്ന കുട്ടികളോട് എത്രകഷ്ടപെട്ടിട്ടായാലും നന്നായി പഠിക്കണമെന്ന് മാത്രമേ ഞാൻ പറയു. എനിക്ക് അങ്ങനെ ആരിൽ നിന്നും ഒരു പ്രചോദനം ലഭിച്ചിട്ടില്ല.
അച്ഛന്റെ ആഗ്രഹത്തിനൊത്ത് ചുവട് വെച്ചു അത്രമാത്രം. അത് ഇവിടെ വരെ കൊണ്ടെത്തിച്ചു.
വിദ്യാഭ്യാസത്തിന് മുൻതൂക്കം നൽകണം
പട്ടികജാതിയിൽപെട്ട ഒത്തിരി കുട്ടികൾക്ക് പിഎസ്സി അടക്കം പഠിക്കാനും നല്ലൊരു ജോലി നേടാനും ആഗ്രഹമുണ്ട്. എന്നാൽ, ഇവർക്ക് മതിയായ പരിശീലനം ലഭിക്കുന്നില്ല.
രണ്ട്, മൂന്ന് മാസങ്ങൾ മാത്രം പരിശീലനം കൊണ്ട് മാത്രം അവർക്ക് സർവീസിൽ കയറി പറ്റാൻ സാധിക്കില്ല. കുറഞ്ഞത് ഒരു വർഷത്തെ പരിശീലനമെങ്കിലും നൽകണം.
ഞാൻ എന്റെ അച്ഛന്റെ ആഗ്രഹത്തിന് വേണ്ടി കഠിനാധ്വാനം ചെയ്തതുകൊണ്ടാണ് ഇവിടെ നിൽക്കുന്നത്. എല്ലാവരും അങ്ങനെ ആവണമെന്നില്ല.
സാഹചര്യങ്ങൾ വ്യത്യസ്തമാകും. അതുകൊണ്ട് തന്നെ അവരുടെ വിദ്യാഭ്യാസത്തിന് മുൻതൂക്കം നൽകാൻ അധികൃതർ തയാറാവണമെന്നാണ് ആഗ്രഹം.