സാധാരണക്കാരന്റെ മേല്‍ കുതിര കേറുന്നത് പല പോലീസുകാരുടെയും പതിവാണ്. ചിലപ്പോഴൊക്കെ പണിമേടിച്ചു കെട്ടുകയും ചെയ്യും. വഴിയോര കച്ചവടക്കാരായ യുവാക്കളെ പച്ചത്തെറി വിളിച്ച മ്യൂസിയം പോലാസ് സ്‌റ്റേഷനിലെ എസ്‌ഐയാണ് ഇത്തവണ പണിമേടിച്ചു കെട്ടിയത്. തിരുവനന്തപുരം ബാര്‍ട്ടന്‍ കോളനിയ്ക്കു സമീപം തണ്ണിമത്തന്‍ വില്‍ക്കുന്ന യുവാക്കളോട് യാതൊരു കാരണവുമില്ലാതെ എസ് ഐ സുനില്‍കുമാര്‍ തട്ടിക്കയറുകയായിരുന്നു. എന്നാല്‍ യുവാക്കള്‍ സംഭവത്തിന്റെ വീഡിയോ പകര്‍ത്തി ഫേസ്ബുക്കിലിട്ടതോടെ സംഭവം വൈറലായി. എന്നാല്‍ സ്ഥിരമായി സംഘര്‍ഷങ്ങളുണ്ടാകുന്ന പ്രദേശത്ത് കച്ചവടം ചെയ്യരുതെന്നു പറഞ്ഞപ്പോള്‍ യുവാക്കള്‍ തന്നെ പുളിച്ചതെറി വിളിക്കുകയായിരുന്നെന്നാണ് എസ്‌ഐ പറയുന്നത്. യുവാക്കള്‍ ഗുണ്ടകളാണെന്നും എസ്‌ഐ പറഞ്ഞു. യുവാക്കളുടെ ക്രിമിനല്‍ പശ്ചാത്തലം വ്യക്തമാക്കുന്ന തെളിവുകള്‍ വേണമെന്നുണ്ടെങ്കില്‍ നല്‍കാമെന്നും എസ്ഐ പറഞ്ഞു. താന്‍ നിരപരാധിയെന്ന് വരുത്തി തീര്‍ക്കാനായിരുന്നു എസ്ഐയുടെ ശ്രമം.
കഴിഞ്ഞ ദിവസമാണ് സംഭവം. ജീപ്പിലെത്തിയ പൊലീസ് തണ്ണിമത്തന്‍ വില്‍ക്കുന്ന യുവാക്കളോട് ഇവിടെ കച്ചവടം നടത്താന്‍ പാടില്ലെന്നും ഇവിടെ നിന്നും പോകണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ തങ്ങള്‍ ജീവിക്കാനാണ് ഈ ജോലി ചെയ്യുന്നതെന്ന് യുവാക്കള്‍ പറയുന്നു. ഇതിനിടെയായിരുന്നു എസ്ഐ ചീത്ത വിളിക്കുന്നത്. സാറ് തെറി വിളിക്കരുതെന്ന് യുവാക്കളില്‍ ചിലര്‍ പറയുന്നത് വീഡിയോയില്‍ കാണാം. യുവാക്കള്‍ക്ക് നേരെ എസ്ഐ വിരല്‍ചൂണ്ടി പാഞ്ഞടുക്കുന്നതും വീഡിയോയിലുണ്ട്. എസ്ഐക്കെതിരെ യുവാക്കള്‍ ശക്തമായി പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇവര്‍ ചീത്ത വിളിക്കുന്നത് വീഡിയോയിലില്ല. ഒടുവില്‍ വന്ന ജീപ്പില്‍ എസ്‌ഐ തിരിച്ചുപോകുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്. എസ് ഐ സുനില്‍കുമാര്‍ ഇതിന് മുന്‍പും വിവാദത്തിലകപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരത്ത് സമരത്തിനെത്തിയ ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ നിലത്തിട്ട് ചവിട്ടിയത് ഇതേ സുനില്‍കുമാറാണ്്. മഹിജ തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു.