വടകര: രാഷ്ട്രീയപാർട്ടികളുടെ ബോർഡുകൾ മാറ്റുന്പോൾ സിപിഎമ്മിനോട് കൂറു കാണിക്കാത്തതിന്റെ പേരിൽ വടകര എസ്ഐക്ക് സ്ഥലംമാറ്റം. നാലു മാസം മുന്പ് ചാർജെടുത്ത എസ്ഐ പി.കെ.ജിജീഷിനെ കോഴിക്കോട് ആഭ്യന്തര സുരക്ഷാ വിഭാഗത്തിലേക്കാണ് മാറ്റിയിരിക്കുന്നത്. നേരത്തെ ചോന്പാല എസ്ഐ ആയിരുന്ന ജെ.ഇ.ജയനെ വടകരയിൽ നിയമിച്ചും ഉത്തരവായി.
കഴിഞ്ഞ ദിവസം വള്ളിക്കാടുണ്ടായ സംഭവങ്ങളാണ് എസ്ഐ ജിജീഷിന്റെ സ്ഥലംമാറ്റത്തിൽ കലാശിച്ചത്. സംഘർഷം ഒഴിവാക്കുന്നതിന്റെ ഭാഗമായി എല്ലാ പാർട്ടികളുടെയും ബോർഡുകൾ നീക്കം ചെയ്യാൻ നിശ്ചയിച്ചതിന്റെ അടിസ്ഥാനത്തിൽ സിപിഎമ്മിന്റെ ബോർഡുകൾ മാറ്റുന്പോൾ എതിർപ്പ ഉയർന്നിരുന്നു. ഇത് വകവയ്ക്കാതെ ബോർഡുകൾ നീക്കം ചെയ്തതിന്റെ പേരിൽ പോലീസും പ്രവർത്തകരും തമ്മിൽ വാക്ക് തർക്കമുണ്ടായി.
അടുത്ത ദിവസം സിപിഎം പ്രവർത്തകർ പ്രകടനമായെത്തി ബോർഡുകൾ പുനഃസ്ഥാപിക്കുകയും ചെയ്തു. ഇതിനിടയിൽ ആർഎംപിഐ പ്രവർത്തകരുമായി ഉരസിയതറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിനെതിരെ ഇവർ തിരിഞ്ഞു. പോലീസ് വാഹനം തകർക്കുകയും ചെയ്തു. ഇതു സംബന്ധിച്ച് സിപിഎം പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തതോടെയാണ് ഭരണകക്ഷിയായ സിപിഎമ്മിനു നിയന്ത്രണം വിട്ടത്.
എസ്ഐയുടെ നടപടി ഏകപക്ഷീയമാണെന്നും മുഖ്യമന്ത്രിയുടെ ചിത്രമുള്ള ബോർഡുകൾ പോലും നശിപ്പിച്ചെന്നും ചൂണ്ടിക്കാട്ടി സിപിഎം രംഗത്തുവന്നതോടെയാണ് എസ്ഐയെ സ്ഥലം മാറ്റിയിരിക്കുന്നത്. എസ്ഐക്കെതിരെ മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകിയതിന്റെ പിന്നാലെയാണ് നടപടി.
സിപിഎമ്മിനു പുറമെ ആർഎംപിഐയും വള്ളിക്കാട് പ്രകടനം നടത്തുകയും വരിശ്യക്കുനിയിൽ കൊടിയും ബോർഡും പുനഃസ്ഥാപിക്കുകയും ചെയ്തു. ഇന്നലെ നടന്ന പ്രകടനത്തിനു കെ.കെ.സദാശിവൻ, പി.പി.ശശി എന്നിവർ നേതൃത്വം നൽകി. പോലീസിനെയും ആക്രമിക്കുന്ന സിപിഎം നടപടിയെ ആർഎംപിഐ ലോക്കൽ കമ്മിറ്റി അപലപിച്ചു. പ്രദേശത്ത് സമാധാനാന്തരീക്ഷം തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജനങ്ങൾ ജാഗ്രതപാലിക്കണമെന്നും ആർഎംപിഐ ആവശ്യപ്പെട്ടു.