ഏതാനും ദിവസം മുമ്പ് കേരളത്തിലെ ഒട്ടുമിക്ക പത്രങ്ങളിലും പ്രത്യക്ഷപ്പെട്ട ഒരു വാര്‍ത്തയായിരുന്നു വിശപ്പു സഹിക്കവയ്യാതെ ക്ഷേത്രത്തിലെ കാണിക്കവഞ്ചിയില്‍ നിന്ന് ഇരുപത് രൂപ മോഷ്ടിച്ച വ്യക്തിയെ ആളുകള്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചതും എന്നാല്‍ പോലീസ് ഇയാളുടെ പേരില്‍ കേസെടുക്കാതെ 500 രൂപ അങ്ങോട്ട് കൊടുത്ത് യാത്രയാക്കിയെന്നതും.
ജോലി തേടി തൊടുപുഴയിലെത്തിയ വ്യക്തിയാണ് ജോലി കിട്ടാതെ വിശന്ന് അലഞ്ഞ് ഒടുവില്‍ ഗത്യന്തരമില്ലാതെ ക്ഷേത്രത്തില്‍ കയറി പണം എടുത്തത്. ഇത് ക്ഷേത്രഭാരവാഹികളില്‍ ചിലര്‍ കാണുകയും കൈയ്യോടെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു.
എന്നാല്‍ പോലീസ് ചെയ്ത പ്രവര്‍ത്തിയാണ് ഏവരെയും അമ്പരപ്പിച്ച് വാര്‍ത്തയായത്. ദേഹ പരിശോധനയില്‍ വെറും ഇരുപത് രൂപ മാത്രമാണ് പോലീസിന് കിട്ടിയത്. നൂറും അമ്പതുമെല്ലാം കാണിക്കയായി ഉണ്ടായിരുന്നെങ്കിലും ഇരുപത് രൂപ മാത്രം എടുത്തത് വിശന്നിട്ടാകാമെന്ന് പോലീസ് ആദ്യം തന്നെ കണക്കുകൂട്ടി. ഇതു മനസിലായതോടെ പോലീസുകാരെല്ലാവരും ചേര്‍ന്ന് പിരിവിട്ട് 500 രൂപയാക്കി അയാള്‍ക്ക് കൊടുത്തുവിടുകയായിരുന്നു.
നാട്ടുകാര്‍ നോക്കി നില്‍ക്കെ എസ്ഐ വിഷ്ണുകുമാറിന്റെ നേതൃത്വത്തിലായിരുന്നു പിരിവ്. ഈ സംഭവത്തിനുശേഷം സോഷ്യല്‍മീഡിയയില്‍ താരമായിരിക്കുകയാണ് എസ്ഐ വിഷ്ണുകുമാര്‍. നാട്ടില്‍ അന്വേഷിച്ചപ്പോള്‍ ഇയാളുടെ പേരില്‍ മറ്റ് കേസുകളൊന്നും ഇല്ലെന്ന് വ്യക്തമായതായും ചോദ്യം ചെയ്തപ്പോഴും വിശപ്പുമാറ്റാനായാണ് പണം മോഷ്ടിച്ചതെന്ന് തിരിച്ചറിഞ്ഞതായും അതുകൊണ്ടാണ് പിരിവിട്ട് രൂപ കൊടുത്തുവിട്ടതെന്നും എസ്ഐ വിഷ്ണുകുമാര്‍ പറഞ്ഞിരുന്നു.
കാര്യമറിയാതെ കേസെടുക്കാന്‍ വെമ്പല്‍കൊള്ളുന്ന പോലീസുദ്യോഗസ്ഥര്‍ ഇദ്ദേഹത്തെ മാതൃകയാക്കണമെന്നും പലരും സോഷ്യല്‍മീഡിയയില്‍ ആവശ്യയപ്പെടുന്നുണ്ട്.