ഋഷി
ഈ കാക്കി കുപ്പായത്തിനുള്ളിൽ ഒരു ഹൃദയം ഉണ്ട്.. പച്ചപ്പുകൾ സ്വപ്നം കാണുന്ന, പ്രകൃതിയെ സ്നേഹിക്കുന്ന ഒരു പോലീസുകാരന്റെ ഹൃദയം.
ഒരു മഹാ നഗരത്തിന്റെ നടുവിലായി തേക്കിൻ കാടെന്നു പേരുള്ള ഹരിതാഭമായ ഒരു പച്ചത്തുരുത്ത് സ്ഥിതിചെയ്യുന്ന തൃശൂരിലെ വ്യത്യസ്തനാമൊരു പോലീസുകാരനാണ് സബ്ഇൻസ്പെക്ടർ പ്രദീപ്.
തൃശൂരിലെ പോലീസ് ക്ലബ്ബിനെ പച്ച പുതപ്പിക്കാൻ പ്രദീപ് നടത്തിയ ശ്രമങ്ങൾ ഫലം കാണുന്പോൾ പോലീസ് ക്ലബ്ബ് ഹരിതാഭമായിരിക്കുന്നു.
അതെ തൃശൂർ നഗരത്തിലെ മറ്റൊരു പച്ചത്തുരുത്തായി തൃശൂർ പോലീസ് ക്ലബ്ബ് മാറിക്കഴിഞ്ഞു. അതിന്റെ മുഴുവൻ ക്രെഡിറ്റും കൊടുക്കേണ്ടത് ഈ പോലീസ് ഉദ്യോഗസ്ഥനാണ്.
ഒരു പരിസ്ഥിതി ദിനം കൂടി കടന്നു പോയപ്പോൾ പ്രദീപ് തന്റെ വൃക്ഷങ്ങളെയും ചെടികളെയും പരിപാലിച്ച് ക്ലബ്ബിൽ ഉണ്ടായിരുന്നു. വളർന്നുവരുന്ന ഒരു മഹാ വനത്തിന്റെ തണലേറ്റ്…
ഒരു നല്ല മനുഷ്യനെ ഒരു നല്ല പൂന്തോട്ടം ഉണ്ടാക്കാൻ കഴിയൂ എന്നൊരു പഴമൊഴിയുണ്ട്. കാക്കി യൂണിഫോം അണിഞ്ഞ് പോലീസിന്റെ ഭാഗമായാൽ മനുഷ്യത്വവും മനസിലെ പച്ചപ്പും സഹൃദയത്വവുമൊക്കെ ഇല്ലാതാകും എന്ന് പറയുന്നവർ തൃശൂർ പോലീസ് ക്ലബ്ബിലെ ഈ ചെറു വനത്തിലേക്ക് കടന്നുവരിക.
മനസിൽ നന്മയും പച്ചപ്പും കാത്തുസൂക്ഷിക്കുന്ന പ്രദീപ് എന്ന പോലീസുകാരൻ ഒരുക്കിയ ഈ ചെറു വനത്തിൽ അൽപനേരം ഇരിക്കുക.
ഇവിടുത്തെ ഓരോ ചെടിക്കും ഓരോ മരത്തിനും പ്രദീപിനെ കുറിച്ച് പറയാനുണ്ട്. ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യം എന്ന് പ്രദീപ് കാണിച്ചുതരുന്നു ഈ പച്ചപ്പിലൂടെ.
2003 ലാണ് പ്രദീപ്, തൃശൂർ ജില്ലാ പോലീസിലേക്ക് സ്ഥലംമാറിയെത്തുന്നത്. തൃശൂർ പോലീസ് ക്ലബ്ബിന്റെ ചുമതലക്കാരനായി നിയമിതനാവുകയും ചെയ്തു .
തന്റെ തൊഴിൽ തട്ടകമായ ക്ലബ്ബിനെ പച്ച കുടചൂടിക്കാൻ പ്രദീപ് നിശ്ചയിച്ചുറപ്പിച്ചതോടെ തൃശൂർ പോലീസ് ക്ലബ്ബിന്റെ മുഖം തന്നെ മാറുകയായിരുന്നു.
തൃശൂർ ജില്ലയിൽ പോലീസ് വകുപ്പിനുകീഴിലെ കെട്ടിടങ്ങളിൽ ഏറ്റവും പഴക്കമുള്ള കെട്ടിടങ്ങളിലൊന്നാണ് പോലീസ് ക്ലബ്ബ്.
ഹൈറോഡിൽ പോലീസ് ക്ലബ്ബ് സ്ഥിതിചെയ്യുന്ന സ്ഥലത്ത് അക്കാലത്ത് ഒന്നോ രണ്ടോ മരങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്.
വേനൽക്കാലത്ത് അസഹ്യമായ ചൂടാണ് അനുഭവപ്പെടുക. ഇവിടുത്തെ ആവശ്യങ്ങൾക്കായി ഒരു കിണർ ഉണ്ടെങ്കിലും വേനൽക്കാലത്ത് ഇതും വറ്റും.
പോലീസുകാർക്ക് മാത്രമല്ല ഏതൊരാൾക്കും മനസ് മരവിച്ചു പോകുന്ന അന്തരീക്ഷമായിരുന്നു. നൂറുകൂട്ടം ഡ്യൂട്ടിക്കിടയിൽ ക്ലബ്ബിൽ എത്തുന്പോൾ അവിടെ ചൂടോടു ചൂട്.
അങ്ങിനെയിരിക്കെയാണ് ക്ലബ്ബ് പരിസരത്ത് മരങ്ങൾ വച്ചുപിടിപ്പിക്കുക എന്ന ആശയം പ്രദീപിന്റെ മനസ്സിലുദിച്ചത്. കേരള വന ഗവേഷണ സ്ഥാപനത്തിന്റെ പീച്ചി ആസ്ഥാനത്തുനിന്നും കുറേയേറെ ചെടികൾ ശേഖരിച്ചു.
അവയെല്ലാം കൃത്യമായി നട്ടു നനച്ച്, പരിപാലിച്ചു. ഓരോ വർഷവും ഇങ്ങനെ പുതുതായി ചെടികൾ നട്ടുപിടിപ്പിക്കുകയും വളർത്തിയെടുക്കുകയും ചെയ്തു.
ഇന്നിപ്പോൾ പോലീസ് ക്ലബ്ബ് ഇരിക്കുന്നിടം മനോഹരമായ ഒരു ചെറിയ കാട് തന്നെയാണ്. വിവിധ തരം മരങ്ങൾ, വള്ളിച്ചെടികൾ, പൂച്ചെടികൾ, അലങ്കാരച്ചെടികൾ ഇവയെല്ലാം പോലീസ് ക്ലബ്ബ് അങ്കണത്തിലുണ്ട്.
നാലഞ്ചുതരം മാവിനങ്ങൾ, ഞാവൽ, ഇലഞ്ഞി, സപ്പോട്ട, മുള, മഞ്ഞക്കടന്പ്, തേക്ക്, മഹാഗണി, ആര്യവേപ്പ്, നാഗലിംഗം, ദന്തപ്പാല, കുടം പുളി, നെല്ലി, സർവ്വസുഗന്ധി, രക്തചന്ദനം തുടങ്ങി നിരവധി വൃക്ഷങ്ങളുടേയും ഒൗഷധമരങ്ങളുടേയും ശേഖരമാണ് ഇപ്പോൾ പോലീസ് ക്ലബ്ബ് വളപ്പിൽ കാണാനാകുക.
15 വർഷങ്ങൾക്കുമുന്പ് നട്ടുനനച്ചു വളർത്തിയ ചെടികൾ ഇന്ന് കരുത്തുറ്റ വൃക്ഷങ്ങളായി പോലീസ് ക്ലബ്ബിനുചുറ്റും തണലൊരുക്കുക മാത്രമല്ല, മികച്ച കായ്ഫലങ്ങൾ നൽകുന്നുമുണ്ട്.
പോലീസ് ക്ലബ്ബ് പരിസരത്തേക്ക് പ്രവേശിക്കുന്പോൾ തന്നെ ഏതൊരാളിലും ശാന്തതയും, കുളിർമ്മയും അനുഭവപ്പെടും. പുലർകാലങ്ങളിൽ കിളികൾ മരങ്ങളിൽ കലപില കൂട്ടുന്നത് കേട്ടാണ് ഇവിടം ഉണരുക.
അതൊരു മനോഹരമായ അനുഭവമാണ്. അതെ, നഗരത്തിലെ ഏറ്റവും മനോഹരമായ പച്ചത്തുരുത്താണ് ഇപ്പോൾ തൃശൂർ പോലീസ് ക്ലബ്ബ് പരിസരം.
തൃശൂർ വില്ലടം സ്വദേശിയായ പ്രദീപ്, തൃശൂർ സിറ്റി പോലീസ് ജില്ലാ ആസ്ഥാനത്തെ റിസർവ്വ് സബ് ഇൻസ്പെക്ടറും, തൃശൂർ സിറ്റി സ്റ്റുഡന്റസ് പോലീസ് കേഡറ്റ് പദ്ധതിയുടെ അസിസ്റ്റന്റ് നോഡൽ ഓഫീസറുമാണ്.
പ്രിയപ്പെട്ട പ്രദീപ് , താങ്കൾ നട്ടുവളർത്തിയത് വരും തലമുറകൾക്കുള്ള തണൽ കൂടിയാണ്… വരാനിരിക്കുന്ന ഒരുപാട് പേർക്കുള്ള മാതൃകയാണ്..
പരിസ്ഥിതി ദിനത്തിൽ വെറുതെ ചെടികൾ നട്ടാൽ മാത്രം പോരാ, അവ നന്നായി പരിപാലിച്ച് വളർത്തിയെടുക്കണം എന്ന് താങ്കൾക്ക് കാണിച്ചു തന്നിരിക്കുന്നു ..
തിക്കും തിരക്കും ഏറെയുണ്ടെങ്കിലും ഒരല്പ സമയം ഈ പച്ചപ്പിനു വേണ്ടി മാറ്റിവച്ചാൽ ഈ ലോകം കൂടുതൽ സുന്ദരമാകും എന്ന് താങ്കൾ തെളിയിച്ചിരിക്കുന്നു.
അതിന് ഇരിക്കട്ടെ ഒരു ബിഗ് ഗ്രീൻ സല്യൂട്ട്..