35 വര്‍ഷങ്ങള്‍ക്കിപ്പുറവും സിയാച്ചിന്‍ എന്ന റോസാപൂന്തോട്ടം പാകിസ്ഥാനെ മോഹിപ്പിക്കുന്നു; പാക് വ്യോമസേന യുദ്ധ വിമാനം പറത്തിയ സംഭവം നല്‍കുന്നത് യുദ്ധത്തിന്റെ ധ്വനികള്‍

600ന്യൂഡല്‍ഹി:  ടിബറ്റന്‍ ഭാഷയില്‍ സിയാച്ചിന്‍ എന്ന വാക്കിന്റെ അര്‍ഥം ‘റോസാപൂന്തോട്ടം’ എന്നാണ്. ഈ പൂന്തോട്ടം പിടിയ്ക്കുക പാകിസ്ഥാന്റെ എക്കാലത്തെയും വലിയ മോഹമായിരുന്നു. 1984ല്‍ നടന്ന ഓപ്പറേഷന്‍ മേഘദൂതിലൂടെയാണ് ഇന്ത്യന്‍ സൈന്യം സിയാച്ചിന്‍ പിടിക്കുന്നത്. കാര്‍ഗില്‍ യുദ്ധം സിയാച്ചിന്‍ പിടിക്കാമെന്ന പാകിസ്ഥാന്റെ ആ മോഹങ്ങള്‍ തച്ചു തകര്‍ക്കുകയായിരുന്നു. കാര്‍ഗില്‍ യുദ്ധകാലത്തെ അപേക്ഷിച്ച് കൂടുതല്‍ ശക്തമാണ് പാക് ആര്‍മി. അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമാകുമ്പോള്‍ പാകിസ്ഥാന്‍ അണിയറയില്‍ യുദ്ധത്തിനുള്ള കരുക്കള്‍ നീക്കുന്നതായാണ് സൂചന.

അതിര്‍ത്തിയിലെ പാക് സൈനിക പോസ്റ്റുകള്‍ തകര്‍ത്ത ഇന്ത്യയുടെ നടപടിക്കെതിരായ മറുപടി എന്ന നിലയിലാണ് പാക് വ്യോമസേനാ യുദ്ധവിമാനം കഴിഞ്ഞ ദിവസം സിയാച്ചിനു സമീപത്തു കൂടെ പറക്കല്‍ നടത്തിയത്. ഇത് സിയാച്ചിന്‍ ലക്ഷ്യമിട്ടാണെന്ന ആരോപണം ശക്തമാണ്്. 35 വര്‍ഷമായി ഇന്ത്യ അഭിമാനത്തോടെ സ്വന്തമാക്കി വച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും ഉയരമുള്ള യുദ്ധഭൂമിയാണ് സിയാച്ചിന്‍. മുന്‍കൂട്ടി വിമാനം പറത്തി പ്രകോപനം സൃഷ്ടിച്ചതു മുന്നറിയിപ്പാണെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നത്. അതിര്‍ത്തിയിലെ തുടര്‍ച്ചയായ പ്രകോപനങ്ങള്‍ ചേര്‍ത്തുവായിക്കുമ്പോള്‍ പാക്കിസ്ഥാന്‍ എന്തൊക്കെയോ തീരുമാനിച്ചിട്ടുണ്ടെന്ന് ഉറപ്പാണ്.

നിയന്ത്രണരേഖയില്‍ തന്ത്രപ്രധാന മേഖലയായ സിയാച്ചിനു സമീപം മിറാഷ് ജെറ്റുകളിലാണ് പാക്ക് വ്യോമസേന സൈനികാഭ്യാസം നടത്തിയത്. എന്നാല്‍ അതിര്‍ത്തിലംഘനം ഉണ്ടായിട്ടില്ലെന്നാണ് അറിയുന്നത്. പാക്ക് മാധ്യമ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പാക്ക് വ്യോമസേനാ മേധാവി മാര്‍ഷല്‍ സൊഹൈല്‍ അമന്‍ നേരിട്ടാണ് പരിശീലനത്തിനു നേതൃത്വം നല്‍കിയത്. സിയാച്ചിനു സമീപത്തെ സ്കാര്‍ഡു എയര്‍ബേസ് സന്ദര്‍ശിച്ച് സൈനികരുമായി കൂടിക്കാഴ്ചയും നടത്തി. ശേഷം മാധ്യമങ്ങളെയും കണ്ടു. പാക്ക് വ്യോമസേനയുടെ ഈ നീക്കങ്ങളെ അതീവ ഗൗരവത്തോടെയാണ് സുരക്ഷാ ഏജന്‍സികള്‍ കാണുന്നത്. വീണ്ടും സിയാച്ചിനെ യുദ്ധമേഖലയാക്കാന്‍ പാക്കിസ്ഥാന്‍ കോപ്പുകൂട്ടുകയാണോ എന്നാണ് ആശങ്കയും ഇതോടെ ശക്തമാണ്.

ബുധനാഴ്ച സ്കാര്‍ഡുവിലെ ഖ്വാദ്രി എയര്‍ബേസില്‍ എത്തിയ വ്യോമസേനാ മേധാവി സൈനികാഭ്യാസം വിലയിരുത്തി. മാത്രമല്ല, മിറാഷ് ജെറ്റുകളിലൊന്ന് പാക്ക് വ്യോമസേനാ മേധാവി മാര്‍ഷല്‍ സൊഹൈല്‍ അമന്‍ പറത്തുകയും ചെയ്തു. സൈനികരെ ഉത്തേജിപ്പിക്കാനാണ് മേല്‍നോട്ടത്തിനുപുറമെ സേനാമേധാവികള്‍ ഇങ്ങനെ അവര്‍ക്കൊപ്പം പരിശീലനങ്ങളില്‍ പങ്കെടുക്കാറുള്ളത്. പാക്ക് വ്യോമസേനയ്ക്ക് ഒരു സാഹചര്യവും പ്രയാസമുള്ളതല്ലെന്നു സൊഹൈല്‍ അമന്‍ മാധ്യമങ്ങളോടു പറഞ്ഞു.ഇന്ത്യയുടെ പ്രസ്താവനകളില്‍ രാജ്യം ഭയക്കേണ്ടതില്ല. സമാധാനമാണ് സൈന്യം ആഗ്രഹിക്കുന്നത്. എന്നാല്‍ എല്ലാത്തരം വെല്ലുവിളികളെയും നേരിടാന്‍ സജ്ജമാണ്. എല്ലാ എയര്‍ബേസുകളും ഉണര്‍ന്നിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പാക്ക് മേധാവിയുടെ പ്രസ്താവനയെ വെറുതേ തള്ളിക്കളയാന്‍ ഇന്ത്യയ്ക്കാകില്ല. മാത്രമല്ല, ‘പാക്കിസ്ഥാന്റെ അഭിമാനം’ എന്നു വിളിപ്പേരുള്ള ജെഎഫ്17 ഫൈറ്റര്‍ ജെറ്റുകളെ സൊഹൈല്‍ അമന്‍ പരാമര്‍ശിച്ചതും മുന്നറിയിപ്പായി വിലയിരുത്താം. പാക്കിസ്ഥാനില്‍ നിര്‍മ്മിച്ചു എന്നതുതന്നെ ജെഎഫ്17ന്റെ പ്രാധാന്യമെന്നാണ് അദ്ദേഹം പറഞ്ഞത്.
1
വിവിധതരം ആക്രമണങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ് ജെഎഫ്17 (ജോയിന്റ് ഫൈറ്റര്‍17). വ്യോമാക്രമണത്തിനും കരയാക്രമണത്തിനും സജ്ജം. ലൈറ്റ് വെയ്റ്റ്, സിംഗിള്‍ എന്‍ജിന്‍, വിവിധോദേശ്യ യുദ്ധവിമാനം. വായുവിലേക്കും കരയിലേക്കും മിസൈലുകള്‍ തൊടുത്തുവിടാം. പാക്ക് വ്യോമസേനയുടെ നട്ടെല്ലായ ഫൈറ്ററുകള്‍ 2010ലാണ് സേനയുടെ ഭാഗമായത്. 49 ജെഎഫ്17 തണ്ടര്‍ ഫൈറ്ററുകള്‍ വ്യോമസേനയ്ക്കു സ്വന്തം. 50 എണ്ണത്തിനു ഓര്‍ഡര്‍ നല്‍കിയിട്ടുമുണ്ട്. വ്യോമസേനയ്‌ക്കൊപ്പം പാക്ക് നാവികസേനയും ജാഗ്രതയിലാണ്. മേഖലയിലെ വെല്ലുവിളികള്‍ നേരിടാന്‍ ശക്തവും സദാസജ്ജവുമായ നാവികസേന ആവശ്യമാണെന്നു ബുധനാഴ്ച നാവികസേനാ മേധാവി പറഞ്ഞതും യാദൃച്ഛികമല്ല. ലാഹോറില്‍ നേവല്‍ വാര്‍ കോളജ് കേഡറ്റുകളുടെ ബിരുദധാനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ രാജ്യക്കാര്‍ ഇവിടെ വിദ്യാര്‍ത്ഥികളായുണ്ട്. പ്രസംഗത്തിലൂടെ രാജ്യാന്തരതലത്തില്‍ തങ്ങളുടെ നാവികശേഷി വെളുപ്പെടുത്താനാണ് സേനാമേധാവി ശ്രമിച്ചതെന്നു വ്യക്തം.

രാജ്യത്തിന്റെ സമുദ്രാതിര്‍ത്തി സംരക്ഷിക്കാന്‍ എല്ലാവിധ സ്രോതസുകളും ഉപയോഗിക്കുമെന്നും നാവികസേനാ മേധാവി അഡ്മിറല്‍ മുഹമ്മദ് സക്കറുള്ള പറഞ്ഞു. ആധുനിക സാങ്കേതികവിദ്യകള്‍ സംയോജിപ്പിച്ച് നാവികസേനയെ ശക്തപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കടല്‍ വഴിയും പാക്കിസ്ഥാന്‍ ഇന്ത്യയെ ലക്ഷ്യമിടുന്നുണ്ടാകാം എന്നതിന്റെ സൂചനയായി ഇതിനെ കണക്കാക്കാമെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കിഴക്കന്‍ കാറക്കോറം പര്‍വതനിരയില്‍ സ്ഥിതിചെയ്യുന്ന സിയാച്ചിന്‍ മഞ്ഞുമല, ലോകത്തിലെ ഏറ്റവും ദുഷ്കരവും ഉയരത്തിലുമുള്ള യുദ്ധമേഖലയാണ്. 1984 മുതല്‍ ഇന്ത്യന്‍ പട്ടാളത്തിനാണ് മേല്‍ക്കൈ. മഞ്ഞുമലയുടെ ഏറ്റവും മുകളിലിരുന്നു സൈനിക നീക്കം നടത്താനുള്ള സംവിധാനമാണ് ഇന്ത്യക്കുള്ളത്. ഉയരത്തിലിരുന്നു കാര്യങ്ങളറിയുക, അതിനനുസരിച്ച് സേനാനീക്കം നടത്താനാവുക എന്നതെല്ലാം യുദ്ധതന്ത്രത്തില്‍ ഏറ്റവും പ്രധാന്യമേറിയതാണ്. 19,000 അടി ഉയരത്തിലാണ് സിയാച്ചിന്‍. കുറഞ്ഞ താപനില മൈനസ് 50 ഡിഗ്രി സെല്‍ഷ്യസും ശരാശരി ശൈത്യകാല മഞ്ഞുവീഴ്ച 1,000 സെന്റിമീറ്ററും.

ഇന്ത്യയും പാക്കിസ്ഥാനും 1971ല്‍ നിശ്ചയിച്ച നിയന്ത്രണ രേഖയില്‍, എന്‍ജെ 9842 എന്ന പോയിന്റ് വരെയുള്ള ഭൂമിയാണു കൃത്യമായി വേര്‍തിരിച്ചിരുന്നത്. അതിനപ്പുറമുള്ള സിയാച്ചിനില്‍ മനുഷ്യസാന്നിധ്യം സാധ്യമല്ലെന്ന് ഇരു രാജ്യങ്ങളും നിഗമനത്തിലെത്തി. എന്നാല്‍, വര്‍ഷങ്ങളോളം ഇന്ത്യയുടെ കണ്ണില്‍പ്പെടാതെ പാക്കിസ്ഥാന്‍ സിയാച്ചിനില്‍ രഹസ്യനീക്കങ്ങള്‍ നടത്തുകയായിരുന്നു. യാദൃച്ഛികമായി ഇതുവഴി സഞ്ചരിച്ച കേണല്‍ നരീന്ദര്‍ കുമാറിന്റെ കണ്ടെത്തലുകളാണ് സിയാച്ചിനില്‍ ക്യാമ്പ് തുടങ്ങാന്‍ ഇന്ത്യയെ പ്രേരിപ്പിച്ചത്. 35 വര്‍ഷം മുന്‍പ്, മരണത്തെ വെല്ലുവിളിച്ചാണ് നരീന്ദര്‍ ആ ദൗത്യം ഏറ്റെടുത്തത്.

സിയാച്ചിന്റെ ആരംഭംമുതല്‍ അങ്ങേത്തലയ്ക്കലുള്ള ഇന്ദ്രാ കോള്‍ മുനമ്പു വരെ നീളുന്ന 78 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് അവ ഇന്ത്യയുടെ ഭാഗമാക്കി അതിര്‍ത്തി രേഖപ്പെടുത്തിയത് നരീന്ദറിന്റെ നേതൃത്വത്തിലാണ്. 1981ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് ദൗത്യത്തിനു സമ്മതം മൂളിയത്. കേണല്‍ നരീന്ദര്‍ കുമാറിനോടുള്ള ആദരസൂചകമായി സിയാച്ചിനിലെ താവളങ്ങളിലൊന്നിനു സൈന്യം അദ്ദേഹത്തിന്റെ പേരു നല്‍കി കുമാര്‍ ബേസിന്‍. ഇത്രയേറെ തന്ത്രപ്രധാന്യമുള്ള സിയാച്ചിന്‍ പാക്കിസ്ഥാനെ വീണ്ടും മോഹിപ്പിക്കുന്നെന്നാണു ബുധനാഴ്ചത്തെ സംഭവം തെളിയിക്കുന്നത്.കഴിഞ്ഞ ഫെബ്രുവരിയില്‍ സിയാച്ചിനിലുണ്ടായ മഞ്ഞിടിച്ചിലില്‍ 10 ഇന്ത്യന്‍ ജവാന്മാര്‍ക്കാണ് ജീവന്‍ നഷ്ടമായത്.ഓപ്പറേഷന്‍ മേഘദൂതിലൂടെ പിടിച്ചെടുത്ത സിയാച്ചിന്‍ സംരക്ഷിക്കുക എന്നത് ഇന്ത്യയുടെ അഭിമാനത്തിന്റെ പ്രശ്‌നമാണ്. പാകിസ്ഥാന്‍ മനസ്സില്‍ കാണുമ്പോള്‍ മാനത്ത് കാണുന്ന പരിപാടികളിലൂടെയാണ് ഇന്ത്യ പാകിസ്ഥാന്റെ പദ്ധതികള്‍ പൊളിച്ചടുക്കിയത് അത് ആവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കാം.

Related posts