സ്വന്തം ലേഖകൻ
തൃശൂർ: കാർഷികരംഗം തകർച്ചകൾ നേരിടുന്ന കാലത്ത് വിജയകഥകൾ മാത്രം പറയാനുണ്ടായിരുന്ന കർഷകനായിരുന്നു ഇന്നലെ കട്ടപ്പനയിൽ മരക്കൊന്പ് ഒടിഞ്ഞുവീണ് മരിച്ച സിബി കല്ലിങ്ങൽ. കാർഷിക രംഗത്ത് സിബി ഒരു കൈനോക്കാത്ത മേഖല ഉണ്ടായിരുന്നില്ല. ശാസ്ത്രീയമായ സമ്മിശ്ര കൃഷിരീതിയായിരുന്നു സിബിയുടെ കരുത്ത്. നെല്ലും ഫലവൃക്ഷങ്ങളും നാണ്യവിളകളുമെല്ലാം സിബിയുടെ കൃഷിയിടത്തിൽ ഒരുപോലെ വിളഞ്ഞു. ഒപ്പം കുതിരകൾ ഉൾപ്പെടെയുള്ള മൃഗങ്ങളും.
എല്ലായിടത്തും തനതുരീതി കൊണ്ടുവന്ന് വിജയം നേടാനും സിബിക്കായി. ശാസ്ത്രീയ കൃഷിരീതികളിലൂടെ കാർഷിക മേഖലയിൽ പുത്തൻവഴി തുറന്ന സിബിയെത്തേടി സംസ്ഥാന കർഷകോത്തമ പുരസ്കാരം ഉൾപ്പെടെ ഒട്ടേറെ അംഗീകാരങ്ങളുമെത്തി. ഇന്ത്യൻ കാർഷിക കൗണ്സിലിന്റെ ജഗ്ജീവൻ റാം ദേശീയ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
പിതാവ് വർഗീസ് കല്ലിങ്ങലിന്റെ പാത പിന്തുടർന്നായിരുന്നു ബിരുദധാരിയായ സിബിയുടെ കാർഷിക രംഗത്തേക്കുള്ള വരവ്. പട്ടിക്കാട് ചാണോത്തും പാലക്കാട് ജില്ലയിലുമായി 25 ഏക്കറോളം കൃഷിയിടമാണ് സിബിക്കുണ്ടായിരുന്നത്. ഒരു ഹെക്ടറിലധികം സ്ഥലത്തായിരുന്നു നെൽകൃഷി. കുരുമുളക്, കൊക്കോ, ജാതി, പ്ലാവ് തുടങ്ങി സാധ്യമായതെല്ലാം സിബി തന്റെ കൃഷിയിടത്തിൽ വിളയിച്ചു. ആട്, പശു, കുതിര തുടങ്ങിയ മൃഗങ്ങളെ വളർത്തിയിരുന്ന സിബി അലങ്കാര പക്ഷി വളർത്തലിലും മത്സ്യകൃഷിയിലും വിജയം കൊയ്തിരുന്നു.
ശാസ്ത്രീയമായും കൃത്യതയോടെയും സമീപിച്ചാൽ വൻ ലാഭം കൊയ്യാൻ സാധിക്കുന്ന മേഖലയാണ് കൃഷിയെന്നു പ്രചരിപ്പിക്കാനും കർഷകർക്ക് ഉത്തേജനം നൽകാനും എന്നും അദ്ദേഹം മുന്നിലുണ്ടായിരുന്നു. പട്ടിക്കാട് തെങ്ങ്, കവുങ്ങ്, ജാതി തുടങ്ങിയവയുടെ തൈകൾ ഉത്പാദിപ്പിക്കുന്ന ഒരു നഴ്സറിയും സിബി നടത്തിയിരുന്നു. എല്ലാവർക്കും മാതൃകയും പ്രചോദനവുമായി നിന്ന സിബിയുടെ വേർപാട് അയൽവാസികൾക്കും നാട്ടുകാർക്കും ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല.